27 November Wednesday

സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളം വീണ്ടും വിജയവഴിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024

രോഹൻ കുന്നുമ്മൽ

ഹൈദരാബാദ് > സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെന്റിൽ നാഗാലാൻഡിന് എതിരെ അനായാസ വിജയവുമായി കേരളം. ഹൈദരാബാദിൽ നടന്ന മത്സരത്തില്‍  എട്ട് വിക്കറ്റിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത നാഗാലാൻഡ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 52 പന്ത് ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ക്യാപ്റ്റൻ സഞ്ജു സാംസൻ കളിക്കാതിരുന്ന മത്സരത്തിൽ മൊഹമ്മദ് അസറുദ്ദീനായിരുന്നു കേരളത്തെ നയിച്ചത്. ടോസ് നേടിയ നാഗാലാൻഡ് ബാറ്റിങ് തെരഞ്ഞെടുത്തു. ഓപ്പണർമാർ നാഗാലാൻഡിന് മികച്ച തുടക്കം നല്കിയെങ്കിലും മധ്യനിരയെ തകർത്ത് ബൗളർമാർ മത്സരം  കേരളത്തിന് അനുകൂലമാക്കുകയായിരുന്നു. ക്യാപ്റ്റൻ ജൊനാഥനും ഷംഫ്രിയും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 57 റൺസ് പിറന്നു. 22 റൺസെടുത്ത ജൊനാഥനെ പുറത്താക്കി അബ്ദുൾ ബാസിത്താണ് കേരളത്തിന് വഴിത്തിരിവൊരുക്കിയത്. 32 റൺസെടുത്ത ഷംഫ്രിയെ തൊട്ടടുത്ത ഓവറിൽ  ജലജ് സക്സേനയും പുറത്താക്കി.  തുടർന്ന് എൻ പി ബേസിലും ബേസിൽ തമ്പിയും ചേർന്ന് മധ്യനിരയെ പുറത്താക്കിയതോടെ നാഗാലാൻഡിന്റെ സ്കോർ 120ൽ ഒതുങ്ങുകയായിരുന്നു. അവസാന ഓവറുകളിൽ 13 പന്തിൽ നിന്ന് 22 റൺസ് നേടിയ നിശ്ചലിൻ്റെ പ്രകടനമാണ് നാഗാലാൻഡ് സ്കോർ 100 കടത്തിയത്. കേരളത്തിന് വേണ്ടി എൻ പി ബേസിൽ മൂന്നും ബേസിൽ തമ്പി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് സ്കോർ അഞ്ചിൽ നില്ക്കെ വിഷ്ണു വിനോദിന്റെ വിക്കറ്റ് നഷ്ടമായി. എന്നാൽ രോഹൻ കുന്നുമ്മലും സച്ചിൻ ബേബിയും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് അനായാസം സ്കോർ മുന്നോട്ട് നീക്കി. വിജയത്തിന് 11 റൺസ് അകലെ രോഹൻ പുറത്തായെങ്കിലും സച്ചിൻ ബേബിയും സൽമാൻ നിസാറും ചേർന്ന് കേരളത്തെ വിജയത്തിലെത്തിച്ചു. രോഹൻ കുന്നുമ്മൽ 28 പന്തിൽ നിന്ന് ആറ് ഫോറും മൂന്ന് സിക്സുമടക്കം 57 റൺസെടുത്തു. സച്ചിൻ ബേബി 48ഉം സൽമാൻ നിസാർ 11ഉം റൺസുമായി പുറത്താകാതെ നിന്നു. രോഹന്‍ എസ് കുന്നുമ്മല്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top