ഗ്വാളിയർ
ഇന്ത്യയും- ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ട്വന്റി20 ഇന്ന്. ഗ്വാളിയറാണ് വേദി. സച്ചിൻ ടെൻഡുൽക്കർ ഏകദിനത്തിൽ ഇരട്ടസെഞ്ചുറി നേടിയിട്ടുള്ള ഈ വേദിയിൽ 14 വർഷത്തിനുശേഷമാണ് രാജ്യാന്തര ക്രിക്കറ്റ് എത്തുന്നത്. ക്യാപ്‌റ്റൻ സൂര്യകുമാർ യാദവിനുകീഴിൽ ഒരുപിടി പുതുമുഖങ്ങൾ അണിനിരക്കും. രാത്രി 7.30നാണ് കളി.
മലയാളിതാരം സഞ്‌ജു സാംസണാണ് ശ്രദ്ധാകേന്ദ്രം. പുതിയ പരിശീലകൻ ഗൗതം ഗംഭീറിന്റെ വിശ്വാസം നേടിയെടുക്കാൻ സഞ്‌ജുവിന് കഴിയുമോ എന്നതാണ് കാത്തിരിക്കുന്ന കാര്യം. ശ്രീലങ്കയുമായുള്ള അവസാന രണ്ട് ട്വന്റി20യിലും റണ്ണെടുക്കാൻ വിക്കറ്റ് കീപ്പർക്ക് കഴിഞ്ഞിരുന്നില്ല. ഓപ്പണറുടെ വേഷത്തിലായിരിക്കും സഞ്‌ജു എത്തുക. കഴിഞ്ഞ സീസൺ ഐപിഎല്ലിൽ 15 കളിയിൽ 531 റണ്ണെടുത്ത വലംകൈയൻ ബാറ്റർക്ക് ഈ പ്രകടനമാണ് ബലം നൽകുന്നത്. ടെസ്‌റ്റ് പരമ്പരയിൽ സമ്പൂർണമായി പരാജയപ്പെട്ട ബംഗ്ലാദേശ് പരിചയസമ്പത്തുള്ള നിരയുമാണ് എത്തുന്നത്. ഷാക്കിബ് അൽ ഹസൻ വിരമിച്ചശേഷമുള്ള ആദ്യ ട്വന്റി20യാണ് ബംഗ്ലാദേശിന്. അതേസമയം, ബംഗ്ലാദേശിനെ കളിപ്പിക്കുന്നതിനെതിരെ ചില സംഘടനകൾ രംഗത്തുണ്ട്. ഈ സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് മത്സരം നടക്കുക.
ഇന്ത്യൻ ടീം: അഭിഷേക് ശർമ, സഞ്‌ജു സാംസൺ, സൂര്യകുമാർ യാദവ്, റിയാൻ പരാഗ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, വാഷിങ്‌ടൺ സുന്ദർ, രവി ബിഷ്‌ണോയ്, മായങ്ക് യാദവ്/ഹർഷിത് റാണ, അർഷ്‌ദീപ് സിങ്.ബംഗ്ലാദേശ് ടീം: ലിട്ടൺ ദാസ്, പർവേശ് ഹൊസെയ്‌ൻ ഇമോൺ, തൻസിദ് ഹസൻ, നജ്‌മുൾ ഹൊസെയ്‌ൻ ഷാന്റോ, മെഹിദി ഹസൻ മിറാസ്, തൗഹിദ് ഹൃദോയ്, മഹ്‌മദുള്ള, റിഷാദ് ഹൊസെയ്‌ൻ, തൻസിം ഹസൻ ഷാക്കിബ്, ടസ്‌കിൻ അഹമ്മദ്, മുസ്‌താഫിസുർ റഹ്‌മാൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..