22 December Sunday

വെടിക്കെട്ട് ആവേശം ; ട്വന്റി 20 വനിതാ ക്രിക്കറ്റ് ലോകകപ്പ്‌ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024

വനിതാ ട്വന്റി20 ലോകകപ്പുമായി പത്ത് ടീമിന്റെയും ക്യാപ്റ്റൻമാർ അണിനിരന്നപ്പോൾ image credit bcci facebook


ദുബായ്‌
ട്വന്റി20 വനിതാ ക്രിക്കറ്റ്‌ ലോകകപ്പിന്‌ ഇന്ന്‌ തുടക്കം. യുഎഇയാണ്‌ വേദി. ദുബായിലും ഷാർജയിലുമായി മത്സരങ്ങൾ അരങ്ങേറും. ആദ്യകളിയിൽ പകൽ 3.30ന്‌ ബംഗ്ലാദേശ്‌ അരങ്ങേറ്റക്കാരായ സ്‌കോട്‌ലൻഡിനെ നേരിടും. രാത്രി 7.30ന്‌ ഏഷ്യൻ ശക്തികളായ ശ്രീലങ്കയും പാകിസ്ഥാനും ഏറ്റുമുട്ടും. ബംഗ്ലാദേശിൽ നടക്കേണ്ടിയിരുന്ന ലോകകപ്പ്‌ അവിടത്തെ സാഹചര്യം കണക്കിലെടുത്ത്‌ യുഎഇയിലേക്ക്‌ മാറ്റുകയായിരുന്നു.

ആകെ 10 ടീമുകളാണ്‌. രണ്ട്‌ ഗ്രൂപ്പുകളിലായാണ്‌ മത്സരം. ആദ്യ രണ്ട്‌ സ്ഥാനക്കാർ സെമിയിലേക്ക്‌ മുന്നേറും. ഫൈനൽ അടക്കം 23 കളികളാണ്‌.  20ന്‌ ദുബായ്‌ ഇന്റർനാഷണൽ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിലാണ്‌ ഫൈനൽ.

ഇന്ത്യ നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയ, ന്യൂസിലൻഡ്‌, പാകിസ്ഥാൻ, ശ്രീലങ്ക ടീമുകൾക്കൊപ്പം എ ഗ്രൂപ്പിലാണ്‌. ബി ഗ്രൂപ്പിൽ ഇംഗ്ലണ്ട്‌, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്‌, ബംഗ്ലാദേശ്‌, സ്‌കോട്‌ലൻഡ്‌ ടീമുകളും അണിനിരക്കുന്നു. ന്യൂസിലൻഡുമായി നാളെയാണ്‌ ഇന്ത്യയുടെ ആദ്യകളി.  ഹർമൻപ്രീത്‌ കൗർ നയിക്കുന്ന സംഘത്തിന്റെ ലക്ഷ്യം ആദ്യകിരീടമാണ്‌. കഴിഞ്ഞ എട്ട്‌ ലോകകപ്പിൽ ഒരിക്കൽപ്പോലും ഇന്ത്യക്ക്‌ കിരീടമില്ല. 2020ൽ റണ്ണറപ്പായതാണ്‌ ഏകനേട്ടം. കഴിഞ്ഞതവണ സെമിയിൽ തോറ്റു. 15 അംഗ ടീമിൽ രണ്ട്‌ മലയാളികളുണ്ട്‌. വയനാട്ടുകാരി സജന സജീവനും തിരുവനന്തപുരം സ്വദേശി ആശ ശോഭനയും.

ആറ് കിരീടം ഓസീസിന്
ഏറ്റവും കൂടുതൽ ലോകകപ്പ് നേടിയ ബഹുമതി ഓസ്ട്രേലിയക്ക്. പൂർത്തിയായ എട്ടു പതിപ്പിൽ ആറും ഓസീസ് നേടി. കഴിഞ്ഞ മൂന്നുതവണയും ചാമ്പ്യൻമാരായിരുന്നു. ഇംഗ്ലണ്ടാണ് ആദ്യ ലോകകപ്പ് (2009) ജേതാക്കൾ. 2016ൽ വെസ്റ്റിൻഡീസും ജേതാക്കളായി. ബാക്കിയെല്ലാ കിരീടവും ഓസീസിനാണ്. 2023, 2020, 2018, 2014, 2002, 2000 ലോകകപ്പുകളാണ് നേടിയത്.

ജേതാക്കൾക്ക് 19.65 കോടി
വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾക്ക് 19.65 കോടി രൂപ സമ്മാനമായി ലഭിക്കും. കഴിഞ്ഞതവണ ഇത് 8.4 കോടിയായിരുന്നു. രാജ്യാന്തര ക്രിക്കറ്റ്‌ സമിതി (ഐസിസി) വനിതാ ടീമിനും പുരുഷ ടീമിനൊപ്പമുള്ള സമ്മാനത്തുക നൽകാൻ തീരുമാനിച്ചശേഷമുള്ള ആദ്യ ലോകകപ്പാണ്.  റണ്ണറപ്പിന് 9.82 കോടിയാണ്. സെമിയിലെത്തിയാൽ 5.76 കോടിയാണ്. ഈ ലോകകപ്പിന്റെ മൊത്തം സമ്മാനത്തുക 66.5 കോടിയാണ്. 225% വർധനയാണ് വന്നിട്ടുള്ളത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top