പുണെ > പന്ത്രണ്ട് വർഷത്തിനുശേഷം ഇന്ത്യ സ്വന്തം മണ്ണിൽ ഒരു ക്രിക്കറ്റ് ടെസ്‌റ്റ് പരമ്പരയിൽ അടിയറവ് പറഞ്ഞു. മിച്ചെൽ സാന്റ്‌നെർ എന്ന ഇടംകൈയൻ സ്‌പിന്നർ ജ്വലിച്ചുയർന്നപ്പോൾ ഇന്ത്യൻ ബാറ്റർമാർ ഈയാംപാറ്റകളായി വീണടിഞ്ഞു. രണ്ടാം ടെസ്‌റ്റിൽ 113 റണ്ണിന് ജയിച്ച് ന്യൂസിലൻഡ് ഇന്ത്യയുടെ സ്‌പിൻകോട്ടയിൽ ചരിത്രമെഴുതി. ആദ്യമായാണ് കിവീസ് ഇന്ത്യയിൽ പരമ്പര നേടുന്നത്. ബംഗളൂരു ടെസ്‌റ്റിൽ പേസർമാരാൽ ബാറ്റർമാരെ കുടഞ്ഞെറിഞ്ഞ കിവീസ് പുണെയിലെ ആധികാരിക ജയത്തോടെ 2–-0നാണ് പരമ്പരയിൽ മുന്നിലെത്തിയത്. മൂന്നാംദിവസമാണ് ജയം.
അവസാന ടെസ്‌റ്റ് നവംബർ ഒന്നിന് മുംബൈയിൽ നടക്കും. 359 റണ്ണെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യൻനിര 245ന് കൂടാരം കയറി. ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിങ്‌സ് 255നാണ് അവസാനിച്ചത്. രണ്ടാം ഇന്നിങ്സിലെ ആറെണ്ണം ഉൾപ്പെടെ 13 വിക്കറ്റ് വീഴ്‌ത്തിയ സാന്റ്‌നെർ ആണ് മാൻ ഓഫ് ദി മാച്ച്. സ്‌കോർ: ന്യൂസിലൻഡ് 259, 255; ഇന്ത്യ 156, 245.
ആദ്യ ടെസ്‌റ്റിലെ തോൽവിക്കുശേഷം തിരിച്ചെത്താൻ സ്‌പിൻവഴിയാണ് ഇന്ത്യ കണ്ടത്. അതിനായി പുണെ പിച്ച് സ്‌പിന്നർമാർക്കായി ഒരുക്കി. എന്നാൽ, സാന്റ്‌നെർ പന്ത് തിരിച്ചപ്പോൾ ഉത്തരം മുട്ടിയത് ഇന്ത്യൻ ബാറ്റർമാർക്കായിരുന്നു. ആദ്യ ഇന്നിങ്‌സിലെ കൂട്ടപ്പരാജയം പരമ്പരയുടെതന്നെ വിധിയെഴുതി. മറുവശത്ത്, പതിറ്റാണ്ടായി സ്വന്തം തട്ടകത്തിലെ വില്ലാളികളായ ആർ അശ്വിനും രവീന്ദ്ര ജഡേജയും ഇതേപിച്ചിൽ ലൈനും ലെങ്‌തും കണ്ടെത്താൻ വിഷമിച്ചു. രണ്ട് ഇന്നിങ്‌സിലുമായി 11 വിക്കറ്റെടുത്ത വാഷിങ്‌ടൺ സുന്ദർമാത്രമാണ് ഇതിന് അപവാദം.
പ്രധാന സ്‌പിന്നർമാരായ അശ്വിനെ നിലയുറപ്പിക്കാൻ വിട്ടില്ല. സ്വീപ്പും റിവേഴ്‌സ് സ്വീപ്പും കിവി ബാറ്റർമാരുടെ പ്രധാന ആയുധങ്ങളായി. ഇന്ത്യൻനിരയിൽ ആ ധൈര്യം യശസ്വി ജയ്‌സ്വാളിനുമാത്രമായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ മികച്ച കളി പുറത്തെടുത്തതും ജയ്‌സ്വാൾതന്നെ.
വലിയ ലക്ഷ്യത്തിലേക്ക് ജയ്‌സ്വാളിന്റെ (65 പന്തിൽ 77) പ്രകടനം പ്രതീക്ഷ നൽകിയതാണ്. നേരിട്ട രണ്ടാം പന്തിൽ ടിം സൗത്തിയെ കൂറ്റൻ സിക്‌സർ പായിച്ച് ഇടംകൈയൻ ഉദ്ദേശ്യം വ്യക്തമാക്കി. മൂന്ന് സിക്‌സറും ഒമ്പത് ഫോറും. ജയ്സ്വാൾ കഴിഞ്ഞാൽ ഇന്ത്യൻ ഇന്നിങ്‌സിൽ നീതി പുലർത്തിയത് ജഡേജയായിരുന്നു. 84 പന്തിൽ 42 റണ്ണെടുത്ത ഇടംകൈയൻ അവസാന ബാറ്ററായി മടങ്ങുകയായിരുന്നു. ഋഷഭ് പന്തിന്റെ (0) റണ്ണൗട്ട് കനത്ത തിരിച്ചടിയായി.
രോഹിത് ശർമ (8), ശുഭ്‌മാൻ ഗിൽ (23), വിരാട് കോഹ്‌ലി (17), വാഷിങ്‌ടൺ സുന്ദർ(21), സർഫറാസ് ഖാൻ (9), ആർ അശ്വിൻ (18) എന്നിവർക്കൊന്നും പിടിച്ചുനിൽക്കാനായില്ല. കോഹ്‌ലിയുമായുള്ള ധാരണപ്പിശകിനിടെ ഇല്ലാത്ത റണ്ണിനോടിയായിരുന്നു പന്തിന്റെ പുറത്താകൽ. റണ്ണൗട്ടിലും സാന്റ്‌നെറുടെ കൈയുണ്ടായി. ജയ്‌സ്വാളും ഗില്ലും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 62 റണ്ണാണ് പിറന്നത്. ശേഷം നല്ല കൂട്ടുകെട്ടുണ്ടായില്ല.
രണ്ട് ഇന്നിങ്‌സിലുമായി 157 റൺ വഴങ്ങിയായിരുന്നു സാന്റ്‌നെറുടെ 13 വിക്കറ്റ്. രണ്ടാം ഇന്നിങ്‌സിൽ അജാസ് പട്ടേൽ രണ്ട് വിക്കറ്റ് വീഴ്‌ത്തി.
അഞ്ചിന് 198 എന്ന നിലയിൽ മൂന്നാംദിനം രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച കിവീസിനായി ടോം ബ്ലൻഡലും (41) ഗ്ലെൻ ഫിലിപ്‌സും (48) പൊരുതി. എന്നാൽ, ബ്ലൻഡലിനെ ജഡേജ ബൗൾഡാക്കിയതോടെ കിവീസിന്റെ ഇന്നിങ്‌സ് വേഗത്തിൽ അവസാനിച്ചു. ജഡേജ മൂന്ന് വിക്കറ്റ് നേടി.
2012ൽ ഇംഗ്ലണ്ടിനോട് തോറ്റശേഷം തുടർച്ചയായി 18 പരമ്പരയാണ് ഇന്ത്യ നേടിയത്. ഇത് റെക്കോഡായിരുന്നു. ടോം ലാതവും സംഘവും അത് തിരുത്തി. രോഹിത് ശർമയ്‌ക്കുകീഴിൽ നാലാം ടെസ്‌റ്റാണ് സ്വന്തം തട്ടകത്തിൽ തോൽക്കുന്നത്. ഈ വർഷം ഇംഗ്ലണ്ടിനോടും ഇന്ത്യ ഒരു ടെസ്റ്റിൽ തോറ്റിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..