പൗരാണിക ഒളിമ്പിക്‌സിന് അന്ത്യം കുറിച്ചത് തീർത്തും അന്ധമായ മതവിശ്വാസമായിരുന്നു. ഒന്നാമനാകാനുള്ള മോഹവും മനുഷ്യാഭിലാഷങ്ങളും കായിക സൗന്ദര്യവത്ക്കരണവും വിഗ്രഹപ്രതിഷ്ഠകളിലൂടെ വ്യക്തികൾക്ക് അമരത്വം നൽകുന്നതും ദൈവനിന്ദയ്ക്ക് തുല്യവും ബുദ്ധിഹീനവുമാണെന്നുള്ള മതാധികാരികളുടെ കണ്ടെത്തലുകൾക്ക് ഭരണനേതൃത്വം വഴങ്ങിയ ക്രൂരമായ ദുര്യോഗം പൗരാണിക ഒളിമ്പിക് പ്രസ്ഥാനത്തെ പിടികൂടി.
ഏതോ വീരോചിത കാലഘട്ടത്തിലെ ഒരു സ്വപ്നജീവിയുടെ അനുപമമായ സൃഷ്ടിക്കുമേൽ മതാന്ധതയുടെ മഴു ആഴത്തിൽ പതിക്കുകയായിരുന്നു – എ ഡി 261ൽ. പൗരാണിക ഒളിമ്പിക്‌സിന്റെ അവസാന മേളയാണ് അന്ന് നടത്തപ്പെട്ടത്. വിഗ്രഹാരാധന നടക്കുന്ന ദേവാലയങ്ങളെയെല്ലാം കല്ലുപോലും പിളർക്കുന്ന രാജശാസനത്തിലൂടെ തിയാഡോഷ്യസ് ഒന്നാമൻ ചക്രവർത്തി 393ൽ പൂട്ടിയടച്ചു. അതോടെ പൗരാണിക ഒളിമ്പിക്‌സ് ചരിത്രത്തിനും തിരശ്ശീല വീഴുകയായിരുന്നു. ജോൺ സാമുവൽ എഴുതുന്നു.
നൂറ്റിയിരുപത്തിയെട്ട് വർഷങ്ങൾക്കുമുൻപ്, ഗ്രീക്ക് വ്യവസായി ജോർജിയസ് അവ്റോഫ് സംഭാവനയായി നൽകിയ അര ഔൺസ് തൂക്കം വരുന്ന ഒൻപതുലക്ഷത്തിയിരുപതിനായിരം സ്വർണനാണയങ്ങൾ ചിലവഴിച്ച് തൂവെള്ള മാർബിൾ പാകി പുതുക്കിപ്പണിത ആതൻസിലെ പാനത്തീനിയൻ സ്റ്റേഡിയത്തിൽ ഗ്രീക്ക് രാജാവ് ജോർജ് ഒന്നാമൻ ആധുനിക ഒളിമ്പിക്‌സ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുമ്പോൾ ഉയർന്നത് ഒരു പുത്തൻ ലോകക്രമത്തിന്റെ കാഹളമായിരുന്നു.
1896 ഏപ്രിൽ ആറിനായിരുന്നു ചരിത്രപ്രസിദ്ധമായ ഒറ്റവരിയിലുള്ള ആ പ്രഖ്യാപനം. പിയറി ഡി ക്യൂബേർട്ടിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ പതിന്നാലംഗ സംഘം അതിനും രണ്ടുവർഷം മുൻപ് ആരംഭിച്ച പ്രവർത്തനങ്ങളുടെ സാക്ഷാത്കാരം. ഒളിമ്പിക്‌സ് പുനരുദ്ധരിക്കുന്നതിന് ഒറ്റയാൾ പട്ടാളമായി ഇറങ്ങിത്തിരിക്കാൻ ക്യുബേർട്ടിന് പ്രേരണ നൽകിയത് ജർമനിയുടെ ജെ സി എഫ് ഗട്സ് എന്ന ജിംനാസ്റ്റ് ആയിരുന്നു.
ഒളിമ്പിയയുടെ അവശിഷ്ടങ്ങൾ ജർമൻ പുരാവസ്തു ഗവേഷകർ കണ്ടെത്തിയപ്പോൾ ഒളിമ്പിക്‌സ് പുനരുദ്ധരിക്കുക എന്ന ആശയം ഗട്സ് തന്റെ സുഹൃത്തുക്കളുമായി പങ്കുവെച്ചു. ഏണസ്റ്റ് കർടിസ് എന്ന ഗവേഷകൻ പുരാതന ഗെയിംസിന്റെ വിവരങ്ങൾ ശേഖരിച്ച് ബർലിനിൽ 1852 ജനുവരിയിൽ ഒരു പ്രസംഗം നടത്തി.
അതിൽനിന്ന് ആവേശമുൾക്കൊണ്ടാണ് ഗ്രീസിലെ സമ്പന്നനായ മേജർ യൂഞ്ജലിസ് സപാസ് പാൻ ഹെല്ലനിക് കായികമേള 1859ൽ സംഘടിപ്പിച്ചത്. ഗ്രീസിന്റെ ദേശീയ ഗെയിംസ് എന്ന നിലയിൽ പാൻ ഹെല്ലനിക് മേള 1870, 1875, 1888, 1890 വർഷങ്ങളിൽ അരങ്ങേറി. അതിന് ആറു വർഷങ്ങൾക്കു ശേഷം ആധുനിക ഒളിമ്പിക്‌സ് പിറന്നു.
സിയൂസ് ദേവന്റെ മാർബിൾ പ്രതിമ
അതിനും ആയിരത്തിയഞ്ഞൂറ് വർഷങ്ങൾ പിറകിലേക്ക് ഒളിമ്പിക്‌സ് ചരിത്രം നീളുന്നു. അക്കാലത്ത് റോമിൽ സിയൂസ് ദേവന്റെ ബഹുമാനാർഥം നാലു വർഷത്തിലൊരിക്കൽ നടത്തിപ്പോന്ന കായികാഭ്യാസങ്ങൾ റോമൻ ചക്രവർത്തിയായ മഹാനായ തിയോഡഷ്യസ് ഒന്നാമൻ നിരോധിച്ചിരുന്നു.
അന്യദൈവങ്ങളെ ആരാധിക്കുന്നതിൽ നിന്ന് റോമൻ ജനതയെ തടയുകയായിരുന്നു സീയൂസിന്റെ മാഹാത്മ്യം അംഗീകരിക്കാൻ വിസമ്മതിച്ച കടുത്ത ക്രിസ്തുമതവിശ്വാസിയായ ചക്രവർത്തിയുടെ ലക്ഷ്യം.
പൗരാണിക ഒളിമ്പിക്‌സ് എന്നു വിശേഷിക്കപ്പെട്ട കായികാഭ്യാസങ്ങൾക്ക് അങ്ങനെ വിരാമമായി. രണ്ട് പ്രധാന ധർമ്മങ്ങളുടെ ഇഴചേരലായിരുന്നു പുരാതന ഒളിമ്പിക്‌സ്. നീതിശാസ്ത്രവും സൗന്ദര്യശാസ്ത്രവും ഒത്തുചേർന്നപ്പോൾ പുരാതന ഗ്രീസിലെ ജനതയുടെ മനസ്സിൽ നീതിബോധത്തിനും സൗന്ദര്യസങ്കൽപ്പങ്ങൾക്കും പുത്തൻ മാനങ്ങൾ കൈവന്നു.
രാഷ്ട്രീയവും സാമുദായികവുമായ വിഭാഗീയതകൾക്കപ്പുറത്തായി സാഹോദര്യത്തിന്റെയും സഹാനുഭൂതിയുടെയും സത്തയുൾക്കൊണ്ട് കായിക കരുത്തിന്റെ പുതിയൊരു ലോകം അവർക്ക് മുന്നിൽ തുറക്കപ്പെട്ടു.
അപ്പോസ്‌തല ലേഖനം
പൗരാണിക ഒളിമ്പിക്‌സിന്റെ സത്തയുൾക്കൊണ്ടു കൊണ്ട് എഴുതപ്പെട്ട ഒരു ലേഖനം ബൈബിളിലുണ്ട്. ക്രിസ്തുവിന്റെ ശിഷ്യരിൽ പ്രധാനിയായിരുന്ന പൗലോസ് ശ്ലീഹ ഗ്രീസിലെ പ്രമുഖ പട്ടണമായിരുന്ന കൊറിന്തോസ് നിവാസികളായ ക്രിസ്ത്യാനികൾക്കെഴുതിയ ഒന്നാം ലേഖനത്തിന്റെ ഒൻപതാം അധ്യായത്തിൽ ഇങ്ങനെ എഴുതി: “മത്സരക്കളത്തിൽ എല്ലാ ഓട്ടക്കാരും ഓടുന്നെങ്കിലും സമ്മാനാർഹനാകുന്നത് ഒരുവൻ മാത്രമാണെന്ന് നിങ്ങൾക്കറിഞ്ഞുകൂടേ? ആകയാൽ സമ്മാനം ലഭിക്കേണ്ടതിനായി നിങ്ങൾ ഓടുവിൻ.
പലീസ്‌ത്‌റ ‐ഗുസ്‌തിക്കാർ പരിശീലനം നടത്തിയിരുന്ന ഇടം
കായികാഭ്യാസികൾ എല്ലാ കാര്യത്തിലും ആത്മനിയന്ത്രണം പാലിക്കുന്നു. അവർ നശ്വരമായ കിരീടത്തിനു വേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്.”
എ.ഡി 57ന്റെ ആരംഭത്തിലാണ് പൗലോസിന്റെ ലേഖനം എഴുതപ്പെട്ടതായി കരുതപ്പെടുന്നത്. ലൗകികതയോട് വിടപറഞ്ഞ് തീർത്തും കർശനമായ കെട്ടുപാടുകൾക്കുള്ളിൽനിന്ന് പ്രവർത്തിക്കുന്ന പ്രേഷിത വർഗത്തിൽപ്പെട്ട ഒരാളെക്കൊണ്ട് ഇത്തരമൊരു കാര്യം തന്റെ ലേഖനത്തിൽ എഴുതിച്ചത് അക്കാലത്ത് സമൂഹത്തിന്റെ എല്ലാ മേഖലകളിലും കായികരംഗം സ്വാധീനം നേടിയതിന്റെ വ്യക്തമായ രേഖയായി വിശേഷിക്കപ്പെടുന്നു.
സമ്മാനം ലഭിക്കുന്നതിനായി ഓടുവിൻ എന്ന ആഹ്വാനം ആത്മീയ ഓട്ടത്തെപ്പറ്റിയുള്ള പരാമർശം ആണെങ്കിൽക്കൂടി, കായികാഭ്യാസിയുമായുള്ള താരതമ്യം പൗരാണിക ഒളിമ്പിക്‌സിന്റെ ലക്ഷ്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന് കരുതാം. അക്കാലത്ത് ഗ്രീസിൽ ഒട്ടേറെ കായികമേളകൾ നടന്നിരുന്നുവെന്ന് ഓർക്കുക.
ക്രിസ്തുവിന് മുൻപ് 776 ലാണ് ഒളിമ്പിക്‌സിന്റെ തുടക്കമെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുള്ള വിവരങ്ങൾ പറയുന്നു. നാലു വർഷത്തിലൊരിക്കൽ സീയൂസ് ദേവന്റെ ബഹുമാനാർഥം നടത്തിപ്പോന്ന കായികാഭ്യാസങ്ങൾ ഒളിമ്പിക്‌സിന്റെ പ്രാക്തന രൂപമെന്നാണ് കരുതപ്പെടുന്നത്.
വീരയോദ്ധാക്കൾക്ക് ആദരാഞ്ജലിയായി നടത്തപ്പെട്ട മേളകളിൽ ഒട്ടേറെ ‘ഹീറോ’കൾ സൃഷ്ടിക്കപ്പെട്ടു. കഥ എന്തായാലും അതിന് സിയൂസുമായി ബന്ധമുണ്ട്. സിയൂസ് ദേവന് സമർപ്പിച്ചുകൊണ്ടുള്ള മേളകൾ മാത്രമേ പുരാതന ഗ്രീസിൽ അരങ്ങേറിയിട്ടുള്ളു.
പുരാവൃത്തം വീണ്ടും പിന്നിലേക്ക് നീണ്ട് ബി സി 1370ൽ എത്തുന്നു. അക്കൊല്ലം പണിതീർത്തതെന്ന് വിശ്വസിക്കപ്പെടുന്ന ദൈവങ്ങളുടെ മാതാവായ റിയയുടെ അൾത്താരയ്‌ക്ക് മുന്നിൽ ആരാധനക്ക് എത്തിയിരുന്നവർ, അൾത്താരയിലെ വിളക്ക് കെടുത്താൻ മത്സരിച്ചോടിയിരുന്നതാണ് ഒളിമ്പിക്‌സിന്റെ പൗരാണിക രൂപമെന്ന് കരുതപ്പെട്ടിരുന്നു.
പുരാവൃത്തം വീണ്ടും പിന്നിലേക്ക് നീണ്ട് ബി സി 1370ൽ എത്തുന്നു. അക്കൊല്ലം പണിതീർത്തതെന്ന് വിശ്വസിക്കപ്പെടുന്ന ദൈവങ്ങളുടെ മാതാവായ റിയയുടെ അൾത്താരയ്‌ക്ക് മുന്നിൽ ആരാധനക്ക് എത്തിയിരുന്നവർ, അൾത്താരയിലെ
നാമാവശേഷമായ സിയൂസ് ക്ഷേത്രം
വിളക്ക് കെടുത്താൻ മത്സരിച്ചോടിയിരുന്നതാണ് ഒളിമ്പിക്‌സിന്റെ പൗരാണിക രൂപമെന്ന് കരുതപ്പെട്ടിരുന്നു.
ദൈവങ്ങൾക്കായി സമർപ്പിക്കപ്പെടുന്ന ഓട്ടം അവരെ സംബന്ധിച്ചിടത്തോളം പ്രാർഥനയായിരുന്നു. സിയൂസ് ദേവന്റെ മകനായ ഹെർക്കുലിസുമായി ബന്ധപ്പെട്ട കഥയാണ് മറ്റൊന്ന്. ഓഗിസ് രാജാവ് കരുത്തനായ ഹെർക്കുലീസിനെ വിശാലമായ തന്റെ കാലിത്തൊഴുത്തുകൾ വൃത്തിയാക്കാനായി വാടകയ്ക്ക് എടുക്കുന്നു.
ഒരു നദി അപ്പാടെ തിരിച്ചുവിട്ട് തൊഴുത്തുകൾ വൃത്തിയാക്കി തന്റെ ദൗത്യം പൂർത്തിയാക്കിയ ഹെർക്കുലീസിന് പക്ഷേ അർഹമായ പ്രതിഫലം നൽകാൻ ഓഗിസ് രാജാവ് വിസമ്മതിച്ചു. കോപാകുലനായ ഹെർക്കുലീസ് കന്നുകാലികളെ മുഴുവൻ സ്വന്തം നാട്ടിലേക്ക് കടത്തുകയും അതിന്റെ ഓർമയ്ക്ക് സിയൂസ് രാജാവിന് സമർപ്പണമെന്നോണം ഒളിമ്പിക്‌സ് മത്സരങ്ങൾ ആരംഭിക്കുകയും ചെയ്തുവത്രെ.
പ്രണയം, ചതി
മൂന്നാമത്തെ പുരാവൃത്തം പ്രണയവും ചതിയും നിറഞ്ഞതാണ്. പുരാതന ഗ്രീസിൽ പ്രബലരായിത്തീർന്ന രാജവംശത്തിന് തുടക്കം കുറിച്ച പെലോപ്സ് ചക്രവർത്തി മറ്റൊരു രാജാവായ യുനോമോസിന്റെ അതിസുന്ദരിയായ മകളെ സ്വന്തമാക്കാൻ നടത്തിയ ചതിയുടെ കഥയാണത്.
വിധികർത്താക്കൾക്കുള്ള ഇരിപ്പിടം
ഇവിടെ കാമുകന് പിന്തുണയുമായി നായികയായ ഹിപ്പൊടെമിയ രംഗത്തുവന്നു. കുതിരയോട്ട മത്സരത്തിൽ തന്നെ തോൽപ്പിക്കുന്ന മിടുക്കന് മകളെ വധുവായി നൽകുമെന്ന യുനോമോസിന്റെ പ്രഖ്യാപനം പ്രണയപാരവശ്യത്താൽ വലഞ്ഞ പെലോപ്സിനെ വളഞ്ഞ വഴി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുകയായിരുന്നു.
ഹിപ്പൊടെമിയയുടെ സഹായത്തോടെ മത്സരത്തിനു മുൻപ് യുനോമോസിന്റെ രഥത്തിന്റെ ചക്രങ്ങളിലെ ചെമ്പുകൊണ്ടുള്ള ആണികൾ ഇളക്കിമാറ്റി പകരം അരക്കുകൊണ്ടുള്ള ആണികളിട്ടു. കുതിരയോട്ടം പുരോഗമിക്കവെ ചക്രങ്ങളുടെ ഘർഷണത്തിൽ അരക്ക് ഉരുകി യുനോമോസിന്റെ രഥം കീഴ്‌മേൽ മറിഞ്ഞു. പെലോപ്സ് ജയിച്ചു. രാജകുമാരിയെ സ്വന്തമാക്കി.
പിന്നീട് എലിസ് സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി സ്ഥാനാരോഹണം ചെയ്യപ്പെട്ട പെലോപ്സ് ആ വിജയത്തിന്റെ സ്മരണയ്ക്കായി ആരംഭിച്ച കായികമാമാങ്കമാണ് ഒളിമ്പിക്‌സായി രൂപാന്തരം പ്രാപിച്ചതെന്ന് മൂന്നാം പുരാവൃത്തം പറയുന്നു.
ഹോമറിന്റെ ഇലിയഡിന് പറയാനുള്ളത് മറ്റൊരു കഥയാണ്. മരണാനന്തര ആഘോഷങ്ങൾ പതിവായിരുന്ന കാലത്ത് പട്രോക്ലസ് എന്ന യോദ്ധാവിന്റെ സംസ്കാര ചടങ്ങുകളോടനുബന്ധിച്ച് അമ്പെയ്‌ത്ത്, ബോക്‌സിങ്, ഗുസ്തി, ജാവലിൻ ത്രോ തുടങ്ങിയവയുടെ പ്രാക്തന ഇനങ്ങൾ അരങ്ങേറിയിരുന്നതായി ഇലിയഡിൽ പരാമർശമുണ്ട്. ട്രോജൻ യുദ്ധത്തിൽ പങ്കെടുത്ത വീരപോരാളി ആയിരുന്നു പട്രോക്ലസ്. വീരചരമം പ്രാപിച്ച പട്രോക്ലസിന് വീരോചിതമായ സംസ്കാരമാണ് ഒരുക്കിയത്.
അതോടനുബന്ധിച്ച് നടത്തപ്പെട്ട കായികമത്സരങ്ങൾ ഒളിമ്പിക്സിന് തുടക്കം കുറിച്ചുവെന്നാണ് ആ പുരാവൃത്തം. ഇതിന് വിശ്വാസ്യത ഏറെയാണ്. ഇത്തരമൊരു മേള ബി സി 1230ൽ നടന്നിരുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഒളിമ്പിക്‌സിന്റെ ആരംഭം അതാണെന്ന അവകാശവാദം ഹോമർക്കില്ല.
യുദ്ധത്തിൽ കൊല്ലപ്പെടുന്ന വീരയോദ്ധാക്കൾക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് അരങ്ങേറിയ കായികമേളകൾ ഒളിമ്പിക്‌സിന്റെ പുരാതന രൂപമായിരുന്നുവെന്ന് വിശ്വസിക്കുന്നതാവും ഉചിതം. അത്തരം മേളകളിലെ മിക്ക ഇനങ്ങൾക്കും ഒളിമ്പിക്‌സ് കായിക ഇനങ്ങളുമായി ഏറെ സാമ്യമുണ്ടെന്നതാണ് ആ നിഗമനത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകം.
യുദ്ധത്തിൽ കൊല്ലപ്പെടുന്ന വീരയോദ്ധാക്കൾക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് അരങ്ങേറിയ കായികമേളകൾ ഒളിമ്പിക്‌സിന്റെ പുരാതന രൂപമായിരുന്നുവെന്ന് വിശ്വസിക്കുന്നതാവും ഉചിതം. അത്തരം മേളകളിലെ മിക്ക ഇനങ്ങൾക്കും ഒളിമ്പിക്‌സ് കായിക ഇനങ്ങളുമായി ഏറെ സാമ്യമുണ്ടെന്നതാണ് ആ നിഗമനത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകം. പുരാതന ഒളിമ്പിക്‌സ് മേളകൾ വസന്തകാലത്താണ് നടത്തപ്പെട്ടിരുന്നത്. മേളയുടെ മൂന്നാം ദിവസം നൂറു കാളകളെ സിയൂസ് ദേവാലയത്തിന്റെ അൾത്താരക്ക് മുന്നിൽ ബലിയർപ്പിക്കുക പതിവായിരുന്നു.
ദേവാലയത്തിന് മുന്നിലെ ഒലീവ് മരത്തിൽ പൂക്കൾ മൊട്ടിട്ടു തുടങ്ങുമ്പോൾ ഒളിമ്പിക്‌സിന്റെ ആഗമനം വിളിച്ചറിയിച്ചുകൊണ്ട് മൂന്ന് ചെറുപ്പക്കാർ ഗ്രീസിന്റെ വിവിധ പ്രദേശങ്ങളിലേക്ക് യാത്ര തിരിക്കും. മത്സരങ്ങൾ ആരംഭിക്കുന്നതിന് ഒരു മാസം മുൻപ് പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഒളിമ്പിയയിൽ എത്തിച്ചേരണം.
അവിടെ പ്രാഥമിക മത്സരങ്ങളിൽ മുന്നിലെത്തുന്നവർക്ക് ഒരു മാസത്തോളം പ്രത്യേക പരിശീലനം നൽകും. പിന്നീടാണ് യഥാർഥ മത്സരങ്ങൾ നടക്കുക. കളിക്കാരും കാണികളും കൂടാരങ്ങളിലാവും താമസവും വെച്ചുകുടിയും.
ദൈവങ്ങൾ ജനിക്കുന്നു
മത്സരങ്ങൾ അവസാനിക്കുന്നതോടെ നാടാകെ പുത്തൻ ദൈവങ്ങളുടെ ജനനമായി. അസാധാരണ മികവു കാട്ടുന്ന കായികതാരങ്ങളെ അർധദേവ പദവിയിലേക്കുയർത്തി അവരുടെ പ്രതിമകളും അവർക്കുവേണ്ടി ദേവാലയങ്ങളും പണിത് ആരാധിക്കുന്ന പതിവ് ഗ്രീസിലെ ഉൾനാടുകളിൽ പോലും നിലനിന്നിരുന്നു.ബി സി 484ലെ മേളയിൽ ബോക്‌സിങ് കിരീടം നേടിയ ലോസ്രിയിലെ യുതിമസ് എന്ന കായിക താരത്തിന്റെ കഥയെടുക്കാം.
ഉജ്വല വിജയം എന്ന വിശേഷണം കൊണ്ട് ആ നേട്ടം വാഴ്‌ത്തപ്പെടുകയും അവിടം കൊണ്ട് അതവസാനിക്കുകയും ചെയ്യേണ്ടതായിരുന്നു. എന്നാൽ ലോസ്രിയൻ ജനത പ്രതിമ സ്ഥാപിച്ച് ദേവാലയവും പണിത് തങ്ങളുടെ ആരാധനാമൂർത്തിയുടെ സ്ഥാനത്ത് യുതിമസിനെ പ്രതിഷ്ഠിച്ചു.
ശേഷം സംഭവിച്ചത് ആറ് നൂറ്റാണ്ടുകൾ കഴിഞ്ഞ് ജീവിച്ച പ്രശസ്ത ചരിത്രകാരൻ പൊസാനിയസിന്റെ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. ടിമസ എന്ന പ്രാചീന നഗരത്തെ വിറപ്പിച്ച ദുർഭൂതങ്ങളെ കൊന്നൊടുക്കിയ വിശുദ്ധന്റെ പദവിയിലേക്ക് യുതിമസ് ഉയർത്തപ്പെട്ടതായാണ് പുസ്തകം പറയുന്നത്.
വിവിധ കൈത്തൊഴിലുകളിലും സുകുമാരകലകളിലും വൈദഗ്‌ധ്യം നേടിയ സുന്ദരിയായ ഒരു സ്ത്രീയും മൂന്ന് കൈപ്പിടികളുള്ള ചെമ്പ് കുട്ടകവും ഒന്നാം സമ്മാനം. ആറു വയസ്സുള്ള പെൺകുതിരയും ഒരു കഴുതക്കുട്ടിയും രണ്ടാം സമ്മാനം. പെട്രോക്ലസ് ഫ്യൂണറൽ ഗെയിംസിൽ വിജയികൾക്ക് നൽകിപ്പോന്ന കൗതുകകരമായ സമ്മാനങ്ങളെപ്പറ്റി ഹോമർ ഇലിയഡിൽ വിശദമായിത്തന്നെ പ്രതിപാദിച്ചിട്ടുണ്ട്.
ഹ്രസ്വദൂര ഓട്ടങ്ങളിലെ വിജയികൾക്ക് നൽകിപ്പോന്നത് വെള്ളിയിൽ തീർത്ത കൊത്തുപണികളോടു കൂടിയ പാത്രങ്ങളായിരുന്നു.
ഒലീവ് ഭരണി‐ വിജയികൾക്കുള്ള സമ്മാനം
നൂറു കുപ്പി ഒലീവ് എണ്ണയാണ് ആതൻസ് തേരോട്ട മത്സരവിജയികൾക്ക് നൽകിയിരുന്നത്. ഒന്നാം സമ്മാനമായി സ്ത്രീകളെ നൽകിയിരുന്ന പതിവ് ആർഗോസ് ഗെയിംസോടെ അവസാനിപ്പിച്ചു. പകരം സ്വർണവും വെള്ളിയും പൊതിഞ്ഞ ചെമ്പ് ഷീൽഡുകൾ ഏർപ്പെടുത്തി.
ജന്മനാട്ടിൽ തിരിച്ചെത്തിയ ജേതാക്കളെ കമാനങ്ങളൊരുക്കിയാണ് വരവേറ്റിരുന്നത്. നികുതി ഒഴിവുകൾ നൽകി ഭരണകൂടങ്ങൾ അവരെ ആദരിച്ചു. ചിലർക്ക് കുടുംബമുൾപ്പെടെ ഭക്ഷണം ആജീവനാന്ത ബഹുമതിയായി നൽകി.
പൊതുചടങ്ങുകളിൽ മുൻസീറ്റുകൾ അവർക്കായി മാറ്റിവെക്കപ്പെട്ടു. ഏറെ പ്രിയമുള്ളവരുടെ പ്രതിമകൾ നഗരവീഥികളെ അലങ്കരിച്ചു. പുരാതന ഒളിമ്പിക്‌സിലെ വിജയികൾ ദൈവങ്ങളോ ദൈവ തുല്യരോ ആയിരുന്നു ജനത്തിന്. ഇതേക്കാൾ കായികതാരങ്ങളെ ആകർഷിച്ചത് ഒളിമ്പിക്‌സിൽ കായിക ഔന്നത്യത്തിന് ലഭിച്ചുപോന്ന, താരതമ്യേന വിലകുറഞ്ഞ, ഒലീവ് ഇലകൾ കൊരുത്ത് നിർമിച്ച കിരീടങ്ങളായിരുന്നു. അഭിമാന നിമിഷങ്ങളുടെ ആ സാക്ഷ്യപത്രം അണിഞ്ഞുനിൽക്കുന്നവർ ദേവഗണത്തിൽപ്പെട്ടവരാണെന്നുള്ള വിശ്വാസമായിരുന്നു ഗ്രീക്ക് ജനതയുടേത്.
“ആവുന്നിടത്തോളം അമരത്വമായിരിക്കണം നാം ആഗ്രഹിക്കേണ്ടത്.” ഗ്രീക്ക് തത്വശാസ്ത്രത്തിന്റെ ആത്മാവിൽ തൊട്ടുകൊണ്ട് അരിസ്റ്റോട്ടിൽ പറഞ്ഞ വാക്കുകളുടെ സാക്ഷാത്ക്കാരവുമായി പുരാതന ഒളിമ്പിക്‌സിന്റെയും ഒളിമ്പിക് ജേതാക്കളുടെയും കഥ ഇങ്ങനെ മുന്നേറുകയായിരുന്നു ക്രിസ്തുവർഷം 261 വരെ.
ഇതിനിടെ ഗ്രീസിനുമേൽ ഉണ്ടായ റോമൻ ആധിപത്യം ഒളിമ്പിക്‌സിന്റെ അന്ത്യമാകുമെന്ന് ഭയപ്പെട്ടിരുന്നുവെങ്കിലും പല റോമൻ ചക്രവർത്തിമാരും ഒളിമ്പിക്‌സിനെ മനസ്സുകൊണ്ട് ഇഷ്ടപ്പെട്ടിരുന്നു. നീറോ, ടിബിറിയസ് തുടങ്ങിയ ചക്രവർത്തിമാർ നേരിട്ട് ഒളിംപിക് മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.
മതാധിപത്യം
അസഹിഷ്ണുത നിറഞ്ഞ ക്രിസ്തുമത വിശ്വാസികളായ ചക്രവർത്തിമാർ ഭരണത്തിലെത്തിയതോടെ അധികാരികളിൽ നിന്നുള്ള പിന്തുണ ഒളിമ്പിക് പ്രസ്ഥാനത്തിന് നഷ്ടമായി. പിന്നീട് ഒളിമ്പിക്‌സ് പുനരുജ്ജീവിപ്പിച്ച നേതൃനിരയിൽ ക്രിസ്ത്യൻ രാഷ്ട്രങ്ങളായിരുന്നുവെന്നത് ഒരുപക്ഷേ ചരിത്ര നിയോഗമായിരുന്നിരിക്കാം.
അൽഫീയസ് നദിക്കരയിലെ ക്ഷോതന ഒളിന്പിയ നഗരം
എങ്കിലും പൗരാണിക ഒളിമ്പിക്‌സിന് അന്ത്യം കുറിച്ചത് തീർത്തും അന്ധമായ മതവിശ്വാസമായിരുന്നു. ഒന്നാമനാകാനുള്ള മോഹവും മനുഷ്യാഭിലാഷങ്ങളും കായിക സൗന്ദര്യവത്ക്കരണവും വിഗ്രഹപ്രതിഷ്ഠകളിലൂടെ വ്യക്തികൾക്ക് അമരത്വം നൽകുന്നതും ദൈവനിന്ദയ്ക്ക് തുല്യവും ബുദ്ധിഹീനവുമാണെന്നുള്ള മതാധികാരികളുടെ കണ്ടെത്തലുകൾക്ക് ഭരണനേതൃത്വം വഴങ്ങിയ ക്രൂരമായ ദുര്യോഗം പൗരാണിക ഒളിമ്പിക് പ്രസ്ഥാനത്തെ പിടികൂടി.
ഏതോ വീരോചിത കാലഘട്ടത്തിലെ ഒരു സ്വപ്നജീവിയുടെ അനുപമമായ സൃഷ്ടിക്കുമേൽ മതാന്ധതയുടെ മഴു ആഴത്തിൽ പതിക്കുകയായിരുന്നു – എ ഡി 261ൽ. പൗരാണിക ഒളിമ്പിക്‌സിന്റെ അവസാന മേളയാണ് അന്ന് നടത്തപ്പെട്ടത്. വിഗ്രഹാരാധന നടക്കുന്ന ദേവാലയങ്ങളെയെല്ലാം കല്ലുപോലും പിളർക്കുന്ന രാജശാസനത്തിലൂടെ തിയാഡോഷ്യസ് ഒന്നാമൻ ചക്രവർത്തി 393ൽ പൂട്ടിയടച്ചു. അതോടെ പൗരാണിക ഒളിമ്പിക്‌സ് ചരിത്രത്തിനും തിരശ്ശീല വീഴുകയായിരുന്നു.
1892ന്റെ അവസാനം പാരീസിൽ തുടക്കം കുറിച്ച ഒളിമ്പിക്‌സിന്റെ നവോത്ഥാന പ്രക്രിയ അതിന്റെ പൂർണതയെ പ്രാപിക്കുന്നത് പിന്നെയും 32 വർഷങ്ങൾക്ക് ശേഷം നടത്തപ്പെട്ട 1924ലെ പാരീസ് ഗെയിംസോടെയാണ്.
യൂറോപ്യൻ നവോത്ഥാന കാലഘട്ടം രണ്ടര നൂറ്റാണ്ടുകൊണ്ടാണ് കലാസാഹിത്യരംഗങ്ങളിലെ തിരുത്തലുകൾക്കും പരിവർത്തനങ്ങൾക്കും വിധേയമായി വിജയം കണ്ടതെങ്കിൽ മൂന്നു ദശകം മാത്രം ദീർഘിച്ച നിരന്തര പോരാട്ടത്തിലൂടെ ലോകം കീഴടക്കിയ ഒളിമ്പിക് പ്രസ്ഥാനം പൂർണതയുടെ പടവുകൾ താണ്ടി ലോകത്തിലെ ഒത്തുചേരലിനും മനുഷ്യശക്തിയുടെ മഹത്തരമായ ഏറ്റുമുട്ടലിനും വേദികളൊരുക്കി.
ഇതിന് നാം കടപ്പെട്ടിരിക്കുന്നത് ഒരു വ്യക്തിയോടു മാത്രമാണ്. പിയറി ഡി ക്യുബേർട്ടിൻ.
മൂപ്പത്തിരണ്ടാം ഒളിമ്പിക് മേളയ്ക്ക് ആതിഥ്യമേകി പാരീസ് നഗരം വീണ്ടും ചരിത്രത്തിന്റെ ഭാഗമാവുകയാണ്. ലോകയുവത്വം സീൻ നദീതീരത്ത് സാമൂഹികസാമ്പത്തികഭാഷാവർഗ ഭേദങ്ങളില്ലാതെ ഒന്നിക്കുമ്പോൾ ലോകത്തിന്റെ കണ്ണും കാതും ചരിത്രനഗരത്തിലെ ഈ സംഗമപ്പെരുമയിലേക്ക് നീളും.
മൂപ്പത്തിരണ്ടാം ഒളിമ്പിക് മേളയ്ക്ക് ആതിഥ്യമേകി പാരീസ് നഗരം വീണ്ടും ചരിത്രത്തിന്റെ ഭാഗമാവുകയാണ്. ലോകയുവത്വം സീൻ നദീതീരത്ത് സാമൂഹികസാമ്പത്തികഭാഷാവർഗ ഭേദങ്ങളില്ലാതെ ഒന്നിക്കുമ്പോൾ ലോകത്തിന്റെ കണ്ണും കാതും ചരിത്രനഗരത്തിലെ ഈ സംഗമപ്പെരുമയിലേക്ക് നീളും.
ദേശാഭിമാനി വാരികയിൽ നിന്ന്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..