കൊച്ചി
തിരുവനന്തപുരം കൊമ്പൻസ് ബ്രസീലിൽ വിശ്വസിക്കുന്നു. പ്രഥമ സൂപ്പർ ലീഗ് കേരളയ്‌ക്ക് തയ്യാറെടുക്കുമ്പോൾ സർവവും അവർ സമർപ്പിച്ചിരിക്കുന്നത് ബ്രസീലുകാരിലാണ്. ടീമിലും ജേഴ്‌സിയിലുമെല്ലാം മഞ്ഞമയം. ആദ്യ സീസണിൽത്തന്നെ കപ്പുയർത്താനെത്തുന്ന തലസ്ഥാന നഗരിയുടെ സ്വന്തം ക്ലബ്ബിന് ബ്രസീൽ എൻജിനാണ് കരുത്ത്. പരിശീലകൻമുതൽ ടീമിലെ ആറ് വിദേശതാരങ്ങളും ബ്രസീലുകാർ. ലോക ഫുട്‌ബോളിന്റെ പവർഹൗസായ ലാറ്റിനമേരിക്കൻ രാജ്യത്തിൽ പ്രതീക്ഷയർപ്പിച്ച് കൊമ്പൻസ് പടപ്പുറപ്പാട് നടത്തുകയാണ്.
പരിശീലകൻ സെർജിയോ അലെക്‌സാൻദ്രയാണ് കൊമ്പൻസിലെ ഒന്നാമൻ. ഏഷ്യയിൽ കളി മെനഞ്ഞ് പരിചയമുള്ള ഈ ബ്രസീലുകാരൻ നാട്ടിൽനിന്ന് ആറു താരങ്ങളെ കൂടാരത്തിലെത്തിച്ചു. സൂപ്പർ ലീഗിൽ ഒരു ടീമിൽ ആറ് വിദേശ താരങ്ങളെയാണ് ഉൾപ്പെടുത്താനാവുക. അന്തിമ പതിനൊന്നിൽ നാലുപേരെ കളിപ്പിക്കാം. മധ്യനിരക്കാരൻ പാട്രിക് മോട്ടയാണ് പരിചയസമ്പന്നൻ. ബ്രസീലിയൻ രണ്ടാം ഡിവിഷൻ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട് മുപ്പത്തിരണ്ടുകാരൻ. മുന്നേറ്റത്തിലേക്ക് പന്തെത്തിക്കാനും ടീമിന്റെ ചലനം നിയന്ത്രിക്കാനും മിടുക്കൻ. ഇന്തോനേഷ്യ, തായ്‌ലൻഡ്, മാൾട്ട തുടങ്ങിയ ലീഗുകളിലും പന്തുതട്ടിയിട്ടുണ്ട്. ‘ഇത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. ഇത്രയും നാട്ടുകാർക്കൊപ്പം ഇന്ത്യയിൽ കളിക്കുകയെന്നത്. മികച്ച ടീമാണ് കൊമ്പൻസിന്റേത്. നന്നായി ഒത്തിണങ്ങി. മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കും’– -മോട്ട പ്രതീക്ഷ പങ്കുവച്ചു.
ഇരുപതുകാരനായ ഡേവി കുൻഹിനാണ് മധ്യനിരയിലെ മറ്റൊരു പ്രധാനി. നാട്ടിന് പുറത്ത് ആദ്യമായാണ് ഈ അറ്റാക്കിങ് മിഡ്‌ഫീൽഡർ കളിക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ട് ബ്രസീലിൽ പേരെടുത്ത താരമാണ്. കാംപിയനാറ്റോ, കാറ്ററിനെൻസെ, കോപിൻഹ തുടങ്ങിയ ക്ലബ്ബുകൾക്കായി ബൂട്ടുകെട്ടി. ഗോളടിക്കാനും അടിപ്പിക്കാനും അപാരമിടുക്കുണ്ട്. പ്രതിരോധത്തിലെ വൻമതിലാണ് റെനൻ ജനുവാരിയോ. എതിരാളിയുടെ മൂർച്ചയുള്ള മുന്നേറ്റങ്ങൾ മുളയിലേ നുള്ളാൻ ഇരുപത്തൊന്നുകാരനെയാണ് പരിശീലകൻ ചുമതലപ്പെടുത്തുക. സാവോപോളയിൽ കളി തുടങ്ങിയ റെനൻ പ്രമുഖ ക്ലബ്ബുകളായ ഗ്രെമിയോ എഫ്‌സി, സാവോ കാർലെൻസ് എന്നീ ക്ലബ്ബുകളുടെ പ്രതിരോധം കാത്തു.
മുപ്പത്തിനാലുകാരനായ ഓട്ടെമർ ബിസ്‌പോയാണ് ആക്രമണങ്ങളുടെ കുന്തമുന. ബ്രസീലിൽ ജീനസ്, അത്‌ലറ്റികോ റോൺഡോനിയൻസെയ്‌ക്കും കളിച്ചു. ആഫ്രിക്കയിലും ഏഷ്യയിലും വിവിധ ക്ലബ്ബുകൾക്കായും കുപ്പായമിട്ടിട്ടുണ്ട്. ബിസ്‌പോയ്‌ക്ക് കൂട്ടായുള്ളത് മാർകോസ് വൈൽഡറാണ്. തായ്‌ലൻഡ് ടീമുകളായ ചന്ദാഭുരി യുണൈറ്റഡിനായും സൂറത് താനി സിറ്റിക്കായും ഗോളടിച്ചുകൂട്ടിയാണ് ഇരുപത്തിനാലുകാരൻ കേരളത്തിൽ എത്തുന്നത്.
ഗോൾവല കാക്കാനും ബ്രസീലിയൻ കൈകളാണ്. ആറടി അഞ്ചിഞ്ചുകാരനായ മൈക്കേൽ അമേരികോയ്‌ക്കാണ് ചുമതല. ഈ കരുത്തനെ മറികടന്ന് കൊമ്പൻസിന്റെ വലയിൽ പന്തെത്തിക്കാൻ എതിരാളികൾ നന്നായി വിയർക്കും. നാട്ടിൽ ഗ്രെമിയോ ഡെസ്‌പോർട്ടിവോ, പൈറാഷികാബ ക്ലബ്ബുകളുടെ കാവൽക്കാരനായിട്ടുണ്ട്.
നിലവിൽ ഗോവയിൽ പരിശീലനത്തിലാണ് തിരുവനന്തപുരം കൊമ്പൻസ്. ആദ്യകളിയിൽ പത്തിന് കലിക്കറ്റ് എഫ്‌സിയെ നേരിടും. കോഴിക്കോട്ടാണ് മത്സരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..