03 October Thursday

സൂപ്പർ ലീഗ്‌ കേരള ; കൊമ്പൻസിനെ വെെഷ്ണവ് കാത്തു

വി എസ്‌ വിഷ്‌ണുപ്രസാദ്‌Updated: Thursday Oct 3, 2024

മലപ്പുറത്തിനെതിരെ തിരുവനന്തപുരം കൊമ്പൻസിന്റെ സമനിലഗോൾ നേടിയ മലയാളി താരം വെെഷ്ണവ് (വലത്ത്) സഹതാരം വിൽഡർക്കൊപ്പം ആഘോഷത്തിൽ / ഫോട്ടോ: ജി പ്രമോദ്


തിരുവനന്തപുരം
സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിൽ സ്വന്തംതട്ടകത്തിൽ വീണ്ടും സമനിലയുമായി തിരുവനന്തപുരം കൊമ്പൻസ്‌. മലപ്പുറം എഫ്‌സിയോട്‌ 1–-1ന്‌ പിരിഞ്ഞു. അലെക്‌സ്‌ സാഞ്ചസിലൂടെ ആദ്യപകുതിയിൽ മുന്നിലെത്തിയ മലപ്പുറത്തെ പകരക്കാരനായെത്തിയ മലയാളിതാരം വി വൈഷ്‌ണവിലൂടെയാണ്‌ കൊമ്പൻസ്‌ മെരുക്കിയത്‌. കളി തീരാൻ നാല്‌ മിനിറ്റ്‌ മാത്രം ബാക്കിനിൽക്കെയായിരുന്നു സമനില ഗോൾ. അഞ്ച്‌ കളിയിൽ ആറ്‌ പോയിന്റുമായി നാലാംസ്ഥാനത്ത്‌ തുടർന്നു കൊമ്പൻസ്‌. മലപ്പുറമാകട്ടെ അഞ്ചാമതാണ്‌. കഴിഞ്ഞ നാല്‌ കളിയിലും ജയമില്ല ജോൺ ഗ്രിഗറിക്കും സംഘത്തിനും.

തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്‌റ്റേഡിയത്തിൽ തുടക്കംമുതൽ ആധിപത്യം പുലർത്തിയ മലപ്പുറം, കൊമ്പൻസിനെ പ്രതിരോധത്തിലാക്കി. എതിരാളികളുടെ ഗോൾമുഖത്തേക്ക്‌ നിരവധി മുന്നേറ്റങ്ങൾ അവർ നടത്തി. 32–-ാംമിനിറ്റിലായിരുന്നു സാഞ്ചസിന്റെ ഗോൾ. അൽപ്പം മുന്നിലേക്ക്‌ കയറിയ കൊമ്പൻസ്‌ ഗോളി പവൻ കുമാറിന്റെ തലയ്‌ക്ക്‌ മുകളിലൂടെ പന്ത്‌ പായിച്ച സ്‌പാനിഷുകാരൻ അനായാസം ലക്ഷ്യം കണ്ടു. കളിതുടങ്ങി 20 മിനിറ്റിനുശേഷമാണ്‌ എതിരാളികളുടെ ഗോൾമുഖത്തേക്ക്‌ പന്ത്‌ തൊടുക്കാൻ കൊമ്പൻസിന് ആദ്യ അവസരം ലഭിച്ചത്‌. പ്രതിരോധത്തെ മറികടന്ന്‌ പന്തുമായി നീങ്ങിയ വിങ്ങർ മുഹമ്മദ്‌ അഷറിന്റെ ഷോട്ട്‌ പക്ഷേ, പോസ്‌റ്റിനുമുകളിലൂടെ പറന്നു. രണ്ടാംപകുതിയിൽ സമനിലയ്‌ക്കായി വിയർത്തുകളിച്ചു. പ്രതിരോധക്കാരൻ പോൾ തൊടുത്തുവിട്ട ലോങ്‌റേഞ്ച്‌ മലപ്പുറം ഗോളി ടെൻസിൻ വിദഗ്‌ധമായി തട്ടിത്തെറിപ്പിച്ചു. പാട്രിക് മോട്ടയുടെ കോർണറിൽനിന്ന്‌ ലഭിച്ച പന്താണ്‌ വൈഷ്‌ണവ്‌ ഗോളാക്കി മാറ്റിയത്‌. ലീഗിൽ ഇന്നും നാളെയും കളിയില്ല. ശനിയാഴ്‌ച കോഴിക്കോട്‌ സ്‌റ്റേഡിയത്തിൽ കണ്ണൂർ വാരിയേഴ്‌സ്‌ തൃശൂർ മാജിക്‌ എഫ്‌സിയെ നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top