05 November Tuesday
തൃശൂരിൽ സ്‌പോർട്‌സ് അക്കാദമി സ്ഥാപിക്കും

ഐപിഎൽ താരങ്ങളെ വാർത്തെടുക്കുക തൃശൂർ ടൈറ്റൻസിന്റെ ലക്ഷ്യം: സജ്ജാദ് സേഠ്

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

തിരുവനന്തപുരം > കേരളത്തിൽ നിന്ന് കൂടുതൽ ഐപിഎൽ താരങ്ങളെ വാർത്തെടുക്കുകയാണ് ഫിനെസ് തൃശൂർ ടൈറ്റൻസിന്റെ ലക്ഷ്യമെന്ന് ടീം ഉടമയും ഫിനെസ് ഗ്രൂപ്പ് ഡയറക്ടറുമായ സജ്ജാദ് സേഠ് പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിവുള്ള നിരവധി താരങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടെങ്കിലും പലർക്കും അർഹമായ പരിഗണന ലഭിക്കുന്നില്ല. ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനും നല്ല കളിക്കാരെ ദേശിയതലത്തിലേക്ക് ഉയർത്തിക്കൊണ്ട് വരുവാനും കേരള ക്രിക്കറ്റ് ലീഗിന് സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

സ്‌പോർട്‌സിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതുണ്ട്. എല്ലാ കായികമേഖലയെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തൃശൂരിൽ സ്‌പോർട്‌സ് അക്കാദമി സ്ഥാപിക്കാനും ടീമിന് പദ്ധതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അക്കാദമിയിലൂടെ നല്ല താരങ്ങളെ രാജ്യത്തിന് സംഭാവന നൽകാനാകുമെന്നാണ് പ്രതീക്ഷ. ക്രിക്കറ്റിന് മാത്രമല്ല, മറ്റു കായിക ഇനങ്ങൾക്കും നല്ല പിന്തുണ ലഭിച്ചാൽ മികച്ച താരങ്ങളെ കേരളത്തിൽ നിന്ന് വാർത്തെടുക്കാനാകുമെന്നതിൽ സംശയമില്ല.

ഭാവിയിൽ ക്രിക്കറ്റ് ഉൾപ്പെടെ എല്ലാ മേഖലയിലും നല്ല കളിക്കാരെ വാർത്തെടുക്കാൻ കഴിയും.ഫ്രാഞ്ചൈസി സ്വന്തമാക്കിയത് ബിസിനസ് എന്നതിലുപരി കേരളത്തിൽ സ്‌പോർട്‌സ് കൾച്ചൾ സൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ്. സ്വാഭാവികമായും ക്രിക്കറ്റ് ലീഗിൽ ബിസിനസിന് പ്രാധാന്യമുണ്ടെങ്കിലും ഒരു കളിക്കാരൻ എന്ന നിലയിൽ തന്റെ തലമുറയ്ക്ക് ലഭിക്കാതെ പോയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും പ്രോത്സാഹനവും യുവകളിക്കാർക്ക് ഉറപ്പുവരുത്തുകയെന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഐപിഎൽ താരവും ടീമിന്റെ ഐക്കൺ പ്ലയറുമായ വിഷ്ണു വിനോദിന് ക്യാപ്റ്റൻ പദവി നൽകാതിരുന്നത് അദ്ദേഹത്തിന് കളിയിൽ കൂടുതൽ ശ്രദ്ധ ലഭിക്കാനും ടെൻഷൻ ഫ്രീയായി കളിക്കാനുമാണെന്ന് ടീം മെന്റർ സുനിൽ കുമാർ പറഞ്ഞു. ഫിനെസ് തൃശൂർ ടൈറ്റൻസിന് ലഭിച്ചത് യുവനിരയിലെ പ്രമുഖതാരങ്ങളെയാണെന്ന് ടീം കോച്ച് സുനിൽ ഒയാസിസ് പറഞ്ഞു. ക്യാപ്റ്റൻ വരുൺ നയനാർ, വിഷ്ണു വിനോദ് എന്നിവർ ഉൾപ്പെടുന്ന  ടീം പരിശീലനം പൂർത്തിയാകുമ്പോൾ മികച്ച ഫോമിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

വരുൺ നയനാർ, ഇമ്രാൻ, അഭിഷേക് പ്രതാപ് തുടങ്ങിയവർ ഉൾപ്പെടെയുള്ള താരങ്ങൾ ഭാവിയിൽ ഐപിഎല്ലിൽ കളിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയാണ് തന്റെ ലക്ഷ്യമെന്നും എം എസ് ധോണിയാണ് റോൾമോഡൽ എന്നും ക്യാപ്റ്റൻ വരുൺ നയനാർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top