ബർമിങ്‌ഹാം > യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻമാർക്ക് അടിപതറി. വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗിലേക്ക് തിരിച്ച് വന്ന ആസ്റ്റൺ വില്ല ബയേൺ മ്യൂണിക്കിനെ തോൽപ്പിച്ചപ്പോൾ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് ഫ്രഞ്ച് ക്ലബ്ബ് ലില്ലെയുടെ വകയായിരുന്നു ഷോക്ക്. മറ്റൊരു മാഡ്രിഡ് ക്ലബ്ബായ അത്‌ലറ്റികോയുടെ പരാജയം ദയനീയമായിരുന്നു. എതിരല്ലാത്ത നാല് ഗോളുകൾക്കാണ് അത്‌ലറ്റികോ മാഡ്രിഡ് പോർച്ചുഗീസ് ക്ലബ്ബ് ബെൻഫിക്കയോട് പരാജയപ്പെട്ടത്. അതേ സമയം കരുത്തരായ ലിവർപൂൾ ഇറ്റാലിയൻ ക്ലബ്ബ് ബൊലോഗ്‌നയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
1982ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ഓർമകളുമായാണ് വില്ലാ പാർക്കിൽ ആസ്റ്റൺ വില്ലയും ബയേൺ മ്യൂണിക്കും ഏറ്റുമുട്ടിയത്. അന്നും ഇന്നും വിജയം ആസ്റ്റൺ വില്ലയുടെ കൂടെ നിന്നു. ചാമ്പ്യൻസ് ലീഗ് യൂറോപ്യൻ കപ്പ് എന്ന പേരിലറിയപ്പെട്ട 1982–-83 സീസണിലായിരുന്നു ആസ്റ്റൺ വില്ല അവസാനമായി ടൂർണമെന്റ് കളിച്ചത്. യങ് ബോയ്‌സിനെതിരെ അവരുടെ ഗ്രൗണ്ടിലായിരുന്നു സീസണിലെ ടീമിന്റെ ആദ്യ മത്സരം. അന്ന് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആസ്റ്റൺ വില്ല വിജയിച്ചു. ബയേൺ മ്യൂണിക്കിനെതിരായ മത്സരം ആസ്റ്റൺ വില്ലയുടെ ആദ്യ ഹോം മത്സരം കൂടിയായിരുന്നു. പകരക്കാരനായി ഇറങ്ങിയ ജോൺ ഡുറനാണ് ക്ലബ്ബിനായി വിജയ ഗോൾ നേടിയത്. ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിന്റെ പ്രകടനവും വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.
ജൊനാതൻ ഡേവിഡ് നേടിയ പെനാൽറ്റി ഗോളിലായിരുന്നു ലില്ലെ റയൽ മാഡ്രിഡിനെതിരെ ജയം പിടിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപായിരുന്നു ലില്ലെയുടെ വിജയ ഗോൾ. സ്വന്തം തട്ടകത്തിലാണ് അത്‌ലറ്റികോ മാഡ്രിഡിനെതിരെ ബെൻഫിക്ക ആധികാരിക വിജയം നേടിയത്. കെരീം അക്തുർകോഗ്ലു, എയ്ഞ്ചൽ ഡി മരിയ, അലക്സാണ്ടർ ബാഹ്, ഒർക്കുൻ കോക്കു എന്നിവരാണ് ബെൻഫിക്കക്കായി ഗോൾ നേടിയത്. അലക്‌സി മാക് അല്ലിസ്റ്റർ, മുഹമ്മദ് സലാ എന്നിവരുടെ വകയായിരുന്നു ബോല്‌ഗോനയ്‌ക്കെതിരെയുള്ള ലിവർപൂളിന്റെ ഗോളുകൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..