വാഴ്‌സ
കപ്പുയർത്തി റയൽ മാഡ്രിഡ് പുതിയ സീസണിനെ വരവേറ്റു. അറ്റ്‌ലാന്റയെ രണ്ട് ഗോളിന് കീഴടക്കി യുവേഫ സൂപ്പർ കപ്പ് ഫുട്‌ബോൾ ജേതാക്കളായി. ഇത് ആറാംവട്ടമാണ് സ്‌പാനിഷ് ക്ലബ് കിരീടം ഏറ്റുവാങ്ങുന്നത്. റെക്കോഡാണിത്. അഞ്ചുവീതമുള്ള ബാഴ്‌സലോണയെയും എസി മിലാനെയും മറികടന്നു. റയലിനായുള്ള അരങ്ങേറ്റം കിലിയൻ എംബാപ്പെ ഗോളടിച്ച് ആഘോഷിച്ചു. ഫെഡെറികോ വാൽവെർദെയാണ് മറ്റൊന്ന് നേടിയത്. നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാണ് റയൽ. അറ്റ്‌ലാന്റ യൂറോപ ലീഗിലും മുത്തമിട്ടു. ഈ ചാമ്പ്യൻ ടീമുകൾ തമ്മിലാണ് സൂപ്പർ കപ്പിനായി പോരാടുക. യൂറോപ്യൻ സീസണിലെ ആദ്യമത്സരംകൂടിയാണിത്.
ജിയാൻ പിയെറോ ഗാസ്‌പെറിനിയെന്ന വിഖ്യാത ഇറ്റാലിയൻ പരിശീലകനുകീഴിലെത്തിയ അറ്റ്‌ലാന്റ റയലിനെ പരീക്ഷിച്ചു. ആദ്യപകുതി അനങ്ങാൻ വിട്ടില്ല. സംഘടിതമായ പ്രതിരോധത്തിലൂടെയും ആക്രമണത്തിലൂടെയും മെനഞ്ഞ് അവർ കളി വരുതിയിലാക്കാൻ ശ്രമിച്ചു. ക്യാപ്‌റ്റൻ മാർട്ടെൻ ഡി റൂണിലൂടെ മുന്നിലെത്തേണ്ടതായിരുന്നു. ഉശിരൻ ഷോട്ട് ക്രോസ്‌ബാറിൽ തട്ടി മടങ്ങി. മുന്നേറ്റക്കാരൻ അദെമോള ലുക്‌മാനും റയൽ പ്രതിരോധത്തിന് ഭീഷണിയുയർത്തി. ഇതിനിടെ റോഡ്രിഗോയുടെ ഇടി അറ്റ്‌ലാന്റ പോസ്റ്റിൽ കൊണ്ടു.
രണ്ടാംപകുതി റയൽ ഉണർന്നു. വിനീഷ്യസ് ജൂനിയർ ഒരുക്കിയ അവസരം വാൽവെർദെ കൃത്യമായി വലയിലെത്തിച്ചു. പിഎസ്‌ജിയിൽനിന്ന് ഈ സീസണിൽ റയലിൽ എത്തിയ എംബാപ്പെ അരങ്ങേറ്റം ഉജ്വലമാക്കി. ജൂഡ് ബെല്ലിങ്‌ഹാം നീട്ടിനൽകിയ പന്ത് ഇരുപത്തഞ്ചുകാരൻ ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ റയൽ ജയമുറപ്പിച്ചു. റയൽ പരിശീലകവേഷത്തിൽ കാർലോ ആൻസെലോട്ടിക്ക് 14 ട്രോഫികളായി. സ്‌പാനിഷ് ലീഗിലെ ആദ്യകളിയിൽ നിലവിലെ ചാമ്പ്യൻമാർ നാളെ മയ്യോർക്കയെ നേരിടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..