റാഞ്ചി> അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ തുടരെ മൂന്നാം ജയവുമായി കേരളം വിജയക്കുതിപ്പ് തുടർന്നു. ഉത്തരാഖണ്ഡിനെ 80 റൺസിന് മറികടന്നാണ് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 49.4 ഓവറിൽ 309 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തരാഖണ്ഡ് നാല്പ്പത്തി നാലാം ഓവറിൽ 229 റൺസിന് പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാരായ ഒമർ അബൂബക്കറും അഭിഷേക് നായരും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 56 റൺസ് പിറന്നു. എന്നാൽ തുടരെ മൂന്ന് വിക്കറ്റുകൾ വീണത് കേരളത്തിന് തിരിച്ചടിയായി. ഒമർ അബൂബക്കർ (38) അഭിഷേക് നായർ (16) കാമിൽ അബൂബക്കർ (0) എന്നിവരാണ് പുറത്തായത്. നാലാം വിക്കറ്റിൽ ഒത്തു ചേർന്ന വരുൺ നായനാരും അക്ഷയ് ടി കെയും ചേർന്നാണ് കേരളത്തിൻ്റെ മികച്ച സ്കോറിന് അടിത്തറയിട്ടത്. ഇരുവരും ചേർന്ന് 108 റൺസ് കൂട്ടിച്ചേർത്തു. വരുൺ നായനാർ 57 പന്തിൽ 52 റൺസും അക്ഷയ് ടി കെ 89 പന്തുകളിൽ 118 റൺസുമെടുത്തു. നാല് ഫോറും പത്ത് സിക്സും അടങ്ങുന്നതായിരുന്നു അക്ഷയുടെ ഇന്നിങ്സ്. തുടർന്നെത്തിയ അഭിജിത് പ്രവീണും കഴിഞ്ഞ മത്സരത്തിലെ മികച്ച ഫോം തുടർന്നു. 35 പന്തുകളിൽ മൂന്ന് ഫോറും മൂന്ന് സിക്സുമടക്കം 47 റൺസാണ് അഭിജിത് നേടിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹർഷ് പട്വാളാണ് ഉത്തരാഖണ്ഡ് ബൗളിങ് നിരയിൽ തിളങ്ങിയത്. അവനീഷ് സുധ മൂന്ന് വിക്കറ്റ് വീഴ്ത്തി.
തുടർന്ന് ബാറ്റ് ചെയ്ത ഉത്തരാഖണ്ഡിനെ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാൻ കേരള ബൗളർമാർ അനുവദിച്ചില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി പിടിമുറുക്കിയതോടെ നാല്പ്പത്തി നാലാം ഓവറിൽ 229 റൺസിന് ഉത്തരാണ്ഡ് ഓൾഔട്ടായി. ബൗളിങ്ങിലും തിളങ്ങിയ അഭിജിത് പ്രവീൺ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ അശ്വന്ത് ശങ്കർ മൂന്നും പവൻ രാജ് രണ്ടും വിക്കറ്റുകൾ നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..