ലണ്ടൻ > മാഞ്ചസ്റ്റർ യുണൈറ്റഡിനെ ബ്രൈറ്റൺ തകർത്തുവിട്ടു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ 2–-1നാണ് ബ്രൈറ്റൺ യുണൈറ്റഡിനെ കീഴടക്കിയത്. കളിയുടെ അവസാന നിമിഷം ജോയോ പെഡ്രോ ബ്രൈറ്റന്റെ വിജയഗോൾ കുറിച്ചു. മറ്റു മത്സരങ്ങളിൽ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി എർലിങ് ഹാലണ്ടിന്റെ ഹാട്രിക് മികവിൽ 4–-1ന് ഇപ്‌സ്വിച്ച് ടൗണിനെ മടക്കി. ടോട്ടനം ഹോട്‌സ്‌പർ നാല് ഗോളിന് എവർട്ടണെയും കീഴടക്കി.
യുണൈറ്റഡിനെതിരെ ഡാനി വെൽബെക്കിലൂടെ ആദ്യ അരമണിക്കൂറിൽത്തന്നെ ബ്രൈറ്റൺ മുന്നിലെത്തി. ഇടവേളയ്‌ക്കുശേഷം അമാദ് ഡിയാല്ലോ യുണൈറ്റഡിന് സമനില നൽകി. ഇതിനിടെ മാർകസ് റാഷ്‌ഫഡും ജോഷ്വ സിർക്കീയും ലക്ഷ്യംകണ്ടെങ്കിലും ഓഫ് സൈഡായി. ഇപ്‌സ്വിച്ചിനെതിരെ സിറ്റിക്ക് ഞെട്ടിക്കുന്ന തുടക്കമായിരുന്നു. കളി തുടങ്ങി ഏഴാംമിനിറ്റിൽ സാം സമോഡിക്‌സ് ചാമ്പ്യൻമാർക്കെതിരെ ലക്ഷ്യംകണ്ടു. എന്നാൽ, നാലു മിനിറ്റിൽ മൂന്ന് ഗോളടിച്ചായിരുന്നു സിറ്റിയുടെ മറുപടി. എർലിങ് ഹാലണ്ട് രണ്ടുതവണ നിറയൊഴിച്ചപ്പോൾ ഒരെണ്ണം കെവിൻ ഡി ബ്രയ്‌ന്റെ വകയായിരുന്നു.
പെനൽറ്റിയിലൂടെയായിരുന്നു ഹാലണ്ടിന്റെ ആദ്യഗോൾ. കളിയുടെ അവസാന ഘട്ടത്തിൽ ഹാട്രിക് പൂർത്തിയാക്കി. രണ്ട് കളിയിൽ നാല് ഗോളായി നോർവെക്കാരന്. ബാഴ്സലോണയിൽനിന്ന് തിരിച്ചെത്തിയ ഇകായ് ഗുൺഡോവൻ സിറ്റിക്കായി രണ്ടാപകുതിയിൽ കളത്തിലിറങ്ങി. എവർട്ടണിനെതിരെ ടോട്ടനത്തിനായി സൺ ഹ്യുങ് മിൻ ഇരട്ടഗോളടിച്ചു. ക്രിസ്റ്റ്യൻ റൊമേറോ, ബിസൗമ എന്നിവരും ലക്ഷ്യം കണ്ടു. മറ്റ് മത്സരങ്ങളിൽ ഫുൾഹാം 2–1ന് ലെസ്റ്റർ സിറ്റിയെ കീഴടക്കി. വെസ്റ്റ്ഹാം യുണെെറ്റഡ് ക്രിസ്റ്റൽ പാലസിനെ രണ്ട് ഗോളിന് വീഴ്-ത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..