പാരിസ് > പാരിസ് ഒളിമ്പിക്‌സിൽ നിന്ന് ഭാരക്കൂടുതൽ മൂലം അയോഗ്യയായ ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിന് പിന്തുണയുമായി യുഎസ് റസലിങ്ങ് ഇതിഹാസം ജോർഡാൻ ബറോസ്. വിനേഷ് ഫോഗട്ടിന് വെള്ളി മെഡൽ നൽകണമെന്നും അന്താരാഷ്‌ട്ര ഗുസ്‌തി നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
വിനേഷ് ഫോഗട്ട് പുറത്തായതിന് പിന്നാലെയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ജോർഡാൻ ബറോസ് നിയമങ്ങളിൽ പുതിയ ഭേദഗതികൾ നിർദേശിക്കുകയും ചെയ്യുന്നു. രണ്ട് ദിവസങ്ങളായി നടക്കുന്ന ഗുസ്‌തി മത്സരങ്ങളിൽ രണ്ട് തവണയാണ് ഭാര പരിശോധന നടത്തുക. ഓരോ ദിവസവും ഓരോന്ന് വീതം. ഇതിൽ രണ്ടാം ദിവസത്തെ പരിശോധനയിൽ ഒരു കിലോഗ്രാം അലവൻസ് നൽകണമെന്ന് യുഎസ് താരം നിർദേശിക്കുന്നു. ഒപ്പം സെമി ഫൈനൽ മത്സരത്തിന് ശേഷം ഭാരക്കൂടുതൽ അനുഭവപ്പെട്ടാൽ രണ്ട് പേർക്കും മെഡൽ നൽകണമെന്നും ജോർഡാൻ ബറോസ് പറയുന്നു.
പാരിസ് ഒളിമ്പിക്‌സിൽ വനിതകളുടെ 50 കിലോഗ്രാം ഗുസ്‌തിയുടെ ഫൈനലിൽ പ്രവേശിച്ച ശേഷമാണ് വിനേഷ് ഫോഗട്ട് അയോഗ്യയാവുന്നത്. രണ്ടാം ദിവസം നടന്ന ഭാരപരിശോധനയിൽ ഇന്ത്യൻ താരത്തിന് 100 ഗ്രാം അധികഭാരം അനുഭവപ്പെടുകയായിരുന്നു. അയോഗ്യയായതിനെ തുടർന്ന് വിനേഷ് ഫോഗട്ട് അവസാന സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..