25 December Wednesday
അണ്ടർ 19 ഏഷ്യാ കപ്പിലും കളിച്ചു ,മിന്നുമണിക്കും സജനയ്‌ക്കും പിന്നാലെ 
വയനാട്ടിൽനിന്ന്‌ ഇന്ത്യൻ കുപ്പായത്തിൽ

ജോഷിതയ്‌ക്ക്‌ 
ക്രിസ്‌മസ്‌ സമ്മാനം ; അണ്ടർ 19 ലോകകപ്പിനുള്ള 
ഇന്ത്യൻ ടീമിലെ ഏക മലയാളി

വികാസ്‌ കാളിയത്ത്‌Updated: Wednesday Dec 25, 2024

വി ജെ ജോഷിത അണ്ടർ 19 ഏഷ്യാ കപ്പ് കിരീടവുമായി


കൽപ്പറ്റ
ഏറ്റവും മനോഹരമായ ക്രിസ്‌മസ്‌ സമ്മാനത്തിനുമുന്നിൽ ആ പതിനെട്ടുകാരി മനംനിറഞ്ഞ്‌ ചിരിച്ചു–-വി ജെ ജോഷിത. പതിനൊന്നാംവയസ്സിൽ കൃഷ്‌ണഗിരി പിച്ചിൽ ക്രിക്കറ്റിലെ ആദ്യപാഠങ്ങൾ പഠിച്ച വയനാട്ടുകാരി. ഇന്ന്‌, ക്രിസ്‌മസ്‌ ദിനത്തിൽ ജോഷിതയ്‌ക്ക്‌ ലോകകപ്പിലേക്കുള്ള ഇന്ത്യൻ കുപ്പായമാണ്‌ സമ്മാനമായി കിട്ടിയത്‌. കളിജീവിതത്തിലെ ഏറ്റവും അവിസ്‌മരണീയ നിമിഷമായി അതുമാറി.

കഴിഞ്ഞ ഒരുമാസമായി ഈ പേസ്‌ ബൗളർ സ്വപ്‌നലോകത്താണ്‌. അണ്ടർ 19 ചലഞ്ചർ ട്രോഫിയിലൂടെ ഇന്ത്യൻ കുപ്പായമണിഞ്ഞു. ഡിസംബർ ആദ്യം നടന്ന അണ്ടർ–-19 ത്രിരാഷ്‌ട്ര കപ്പിനുള്ള ഇന്ത്യൻ എ ടീമിൽ ഇടംപിടിച്ചു.   പിന്നാലെ  അണ്ടർ -19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ. വനിതാ പ്രീമിയർ ലീഗ്‌ ക്രിക്കറ്റ്‌ താരലേലത്തിൽ റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരു ജോഷിതയെ കൂടാരത്തിലെത്തിച്ചു. ഏഷ്യാകപ്പ്‌ ഫൈനലിൽ ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ ജേതാക്കളായപ്പോൾ ബംഗ്ലാദേശിന്റെ തകർച്ചയ്‌ക്ക്‌ തുടക്കംകുറിച്ച്‌ ആദ്യ വിക്കറ്റ്‌. ഒടുവിൽ ക്രിസ്‌മസ്‌, പുതുവർഷ സമ്മാനമായി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ. കഠിന പ്രയ്‌തനത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും മധുരമാണ്‌ ജോഷിത ഇപ്പോൾ നുണയുന്നത്‌.

"സജന ചേച്ചിയും മിന്നു ചേച്ചിയുമെല്ലാം കളിച്ച്‌ മുന്നേറുന്നത്‌ കാണുമ്പോൾ അതുപോലെയാകാൻ കൊതിച്ചിരുന്നു. അവർ ഇന്ത്യക്കായി തിളങ്ങുന്നത്‌ കണ്ടപ്പോൾ ആഹ്ലാദിച്ചു. ഇപ്പോൾ എനിക്കും അവസരം കിട്ടിയിരിക്കുന്നു പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം' –-  ജോഷിത പറഞ്ഞു. സജനയും മിന്നുമണിയും വലിയ പ്രചോദനമായിരുന്നു. ഒപ്പം കേരളക്രിക്കറ്റ്‌ അസോസിയേഷന്റെയും കൃഷ്‌ണഗിരി ക്രിക്കറ്റ്‌ അക്കാദമിയുടെയും ദീപ്‌തി, ജസ്‌റ്റിൻ എന്നിവരുൾപ്പെടെയുള്ള പരിശീലകരുടെയും അകമഴിഞ്ഞ പിന്തുണയുമാണ്‌ നേട്ടത്തിന്‌ പിന്നിൽ. ഇനിയുള്ള ലക്ഷ്യം സീനിയർ ടീമിനായി ഇന്ത്യൻ കുപ്പായമണിയുക എന്നതാണ്‌–- ജോഷിത വ്യക്തമാക്കി.

ആറാംക്ലാസ്‌ പഠനത്തിനിടെയാണ്‌  കേരള ക്രിക്കറ്റ്‌ അക്കാദമിക്ക്‌ കീഴിലുള്ള കൃഷ്‌ണഗിരി വയനാട് ക്രിക്കറ്റ് അക്കാദമിയിൽ എത്തുന്നത്‌.  കെസിഎ അണ്ടർ 16 ടീമിലും അണ്ടർ 19 ടീമിലും കേരളത്തിനായി മികച്ച പ്രകടനം നടത്തി.  അണ്ടർ 23 ടീമിലും കേരളത്തിന്റെ സീനിയർ ടീമിലും ഇടംകണ്ടെത്തിയ ജോഷിത ഓൾറൗണ്ട്‌ മികവിലൂടെയാണ്‌ ഇന്ത്യൻ കുപ്പായമണിഞ്ഞത്‌  കൽപ്പറ്റ അമ്പിലേരിയിലെ ജോഷിയുടെയും ശ്രീജയുടെയും മകളാണ്‌. ബത്തേരി സെന്റ്‌ മേരീസ്‌ കോളേജ്‌ രണ്ടാംവർഷ ബിരുദവിദ്യാർഥിയാണ്‌.

നിക്കി പ്രസാദ്‌ ക്യാപ്‌റ്റൻ
അണ്ടർ 19 വനിതാ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ നിക്കി പ്രസാദ്‌ നയിക്കും. ഏഷ്യാ കപ്പിലും നിക്കിയായിരുന്നു ക്യാപ്‌റ്റൻ. ജനുവരി 18ന്‌ മലേഷ്യയിലെ കോലാലംപുരിൽ ലോകകപ്പ്‌ തുടങ്ങും. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യക്ക്‌ മലേഷ്യ, വെസ്‌റ്റിൻഡീസ്‌, ശ്രീലങ്ക ടീമുകളാണ്‌ ഗ്രൂപ്പ്‌ ഘട്ടത്തിലെ എതിരാളികൾ. ജനുവരി 19ന്‌ വിൻഡീസുമായാണ്‌ ആദ്യകളി. ആകെ നാലു ഗ്രൂപ്പുകളാണ്‌. 31നാണ്‌ ഫൈനൽ. 

ഇന്ത്യൻ ടീം: നിക്കി പ്രസാദ്‌ (ക്യാപ്റ്റൻ), സനിക ചൽക്കെ, ജി തൃഷ, ജി കമാലിനി, ഭാവിക അഹിരെ, ഈശ്വരി അവസരെ, മിതില വിനോദ്‌, വി ജെ ജോഷിത, സോനം യാദവ്, പരുണിക സിസോദിയ, കേസരി ധൃതി, ആയുഷി ശുക്ല, ആനന്ദിത കിഷോർ, എം ഡി ശബ്നം,  എസ് വൈഷ്‌ണവി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top