26 November Tuesday

പതിമൂന്നുകാരൻ വൈഭവിന്‌ 1.1 കോടി; രാജസ്ഥാൻ റോയൽസിനായി കളത്തിലിറങ്ങും

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

ജിദ്ദ> ഐപിഎൽ താരലേലത്തിൽ കോടിപതിയായി വൈഭവ്‌ സൂര്യവൻഷി. ബിഹാർ സ്വദേശിയായ പതിമൂന്നുകാരനെ 1.1 കോടി രൂപയ്‌ക്കാണ് രാജസ്ഥാൻ റോയൽസ് ടീമിലെടുത്തത്. ഐപിഎൽ ചരിത്രത്തിൽ താരലേലത്തിനെത്തുന്ന പ്രായം കുറഞ്ഞ താരമാണ് ഇന്ത്യൻ അണ്ടർ 19 താരമായ  ഇടംകൈയൻ ബാറ്റർ.

നിലവിൽ ബംഗാൾതാരം പ്രയാസ്‌ റായ്‌ ബർമന്റെ പേരിലാണ്‌ ഈ റെക്കോഡ്‌. റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരുവിനായി കളിക്കുമ്പോൾ 16 വർഷവും 157 ദിവസവുമായിരുന്നു പ്രയാസിന്റെ പ്രായം. നാലാംവയസ്സിൽ കളി തുടങ്ങിയതാണ്‌ വൈഭവ്‌. 2011ൽ ബിഹാറിലെ തജ്‌പുരിലാണ്‌ ജനനം. ഐപിഎൽ ആരംഭിച്ചത്‌ 2008ലാണെന്ന്‌ ഓർക്കണം.

മകന്റെ ക്രിക്കറ്റ്‌ പ്രേമം തിരിച്ചറിഞ്ഞ അച്ഛൻ സഞ്‌ജീവാണ്‌ പ്രോത്സാഹനം നൽകിയത്‌. വീട്ടുമുറ്റത്ത്‌ കളമൊരുക്കി പരിശീലനം ആരംഭിച്ചു. ഒമ്പതാം വയസ്സിൽ അക്കാദമിയിൽ. രണ്ടരവർഷംകൊണ്ട്‌ സംസ്ഥാന അണ്ടർ 16 ടീമിൽ ഇടംപിടിച്ചു. പിന്നീട്‌ തിരിഞ്ഞുനോട്ടമുണ്ടായില്ല. ഈ സീസണിൽ സീനിയർ ടീമിനായി അരങ്ങേറി. രഞ്‌ജി കളിച്ചു. ടൂർണമെന്റ്‌ കളിക്കുന്ന പ്രായംകുറഞ്ഞ രണ്ടാമത്തെ താരമാണ്‌. ഓസ്‌ട്രേലിയൻ അണ്ടർ 19 ടീമിനെതിരായ ചതുർദിന ടെസ്റ്റിൽ 58 പന്തിൽ സെഞ്ചുറി അടിച്ചതോടെ ശ്രദ്ധിക്കപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top