ബെർലിൻ > കഴിഞ്ഞ സീസണിൽ അവസാനിപ്പിച്ച അതേ രീതിയിൽത്തന്നെ ബയേർ ലെവർകൂസൻ ആരംഭിച്ചു. ജർമൻ ഫുട്‌ബോൾ ലീഗിൽ ആവേശകരമായ ജയത്തോടെ ചാമ്പ്യൻമാർ തുടങ്ങി. ബൊറൂസിയ മോൺചെൻഗ്ലാദ്‌ബായെ 3–-2ന് തോൽപ്പിച്ചായിരുന്നു സാബി അലോൺസോയുടെ സംഘം പുതിയ സീസൺ ആഘോഷിച്ചത്.
കഴിഞ്ഞ സീസണിൽ തോൽവിയറിയാതെയായിരുന്നു കുതിപ്പ്. പല മത്സരങ്ങളും ജയിച്ചത് അവസാന നിമിഷം നേടിയ ഗോളുകളിലൂടെ. ഇക്കുറിയും അതിന് മാറ്റമില്ലെന്ന് തെളിയിക്കുന്നതായിരുന്നു ആദ്യകളിയിലെ പ്രകടനം. നാടകീയ ജയമായിരുന്നു. പരിക്കുസമയത്തിന്റെ 11–-ാംമിനിറ്റിൽ കിട്ടിയ പെനൽറ്റിയിലൂടെ ജയം സ്വന്തമാക്കി. ഫ്‌ളോറിയൻ വിറ്റ്‌സ് തൊടുത്ത കിക്ക് പോസ്റ്റിൽ തട്ടി മടങ്ങിയെങ്കിലും വലയിലേക്കുതന്നെ തിരിച്ചുവിടാൻ ജർമനിക്കാരന് കഴിഞ്ഞു. രണ്ട് ഗോൾ ലീഡ് നേടിയശേഷമായിരുന്നു ലെവർകൂസൻ രണ്ടെണ്ണം വഴങ്ങിയത്.
തുടക്കത്തിൽ ക്യാപ്‌റ്റൻ ഗ്രാനിത് ഷാക്ക തകർപ്പൻ ഗോളിലൂടെ ലീഡൊരുക്കി. സാബിയുടെ സംഘം ആക്രമണം നിർത്തിയില്ല. വിക്ടർ ബോണിഫേസിന്റെയും എഡ്‌മണ്ട് ടപ്‌സോബയുടെയും ഷോട്ടുകൾ ക്രോസ്‌ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലെവർകൂസന് നേട്ടം രണ്ടാക്കി. അലെസാന്ദ്രോ ഗ്രിമാൽഡോയുടെ ഷോട്ട് പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. പന്ത് കിട്ടിയത് വിറ്റ്‌സിന്. മികച്ചൊരു നീക്കത്തിലൂടെ വിറ്റ്‌സ് ലക്ഷ്യംകണ്ടു.
ഇടവേളയ്‌ക്കുശേഷം മോൺചെൻഗ്ലാദ്‌ബാ തിരിച്ചുവന്നു. ടിം ക്ലെയ്‌ൻഡിയെൻസ്‌റ്റിന്റെ ഗോൾ വീഡിയോ പരിശോധനയിൽ റഫറി റദ്ദാക്കി. ഓഫ് സൈഡാണെന്ന് തെളിഞ്ഞതിനെ തുടർന്നായിരുന്നു തീരുമാനം. എന്നാൽ, ഉടൻ അവർ ഒരെണ്ണം മടക്കി. നിക്കോ എൽവെദിയുടെ ഷോട്ട് ലെവർകൂസൻ ഗോൾ കീപ്പർ ലൂക്കാസ് ഹ്രഡേക്കിയെ മറികടന്നു. നിശ്ചിതസമയം അവസാനിക്കാൻ അഞ്ചുമിനിറ്റ് ശേഷിക്കെ ക്ലെയ്‌ൻഡിയെൻസ്‌റ്റെൻ മോൺചെൻഗ്ലാദ്‌ബായെ ഒപ്പമെത്തിക്കുകയും ചെയ്‌തു. സമനില ഉറപ്പിച്ച ഘട്ടത്തിലായിരുന്നു വിറ്റ്‌സ് ലെവർകൂസന്റെ രക്ഷകനായത്. മുൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിന് ഇന്ന് വൂൾഫ്‌സ്‌ബുർഗുമായാണ് സീസണിലെ ആദ്യകളി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..