27 November Wednesday

ഞെട്ടിച്ച്‌ 
വിഘ്നേഷ് ; മുംബൈ ഇന്ത്യൻസിൽ ഒരു മലയാളിതാരം

ജിജോ ജോർജ്‌Updated: Wednesday Nov 27, 2024


മലപ്പുറം
രോഹിത്‌ ശർമ, ജസ്‌പ്രീത്‌ ബുമ്ര, സൂര്യകുമാർ യാദവ്‌, ഹാർദിക് പാണ്ഡ്യ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം മുംബൈ ഇന്ത്യൻസിൽ ഒരു മലയാളിതാരം– വിഘ്നേഷ് പുത്തൂർ. ഐപിഎൽ താരലേലത്തിൽ ഒറ്റദിവസംകൊണ്ട്‌ ചർച്ചയായ ഈ യുവതാരം മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയാണ്‌. ജിദ്ദയിൽ നടന്ന ഐപിഎൽ ലേലത്തിൽ അവസാന നിമിഷമാണ്‌ മലയാളികൾക്കുപോലും അത്ര പരിചിതനല്ലാത്ത വിഘ്‌നേഷിനെ മുംബൈ ഇന്ത്യൻസ്‌ സ്വന്തമാക്കിയത്‌. പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്റെ താരമായിരുന്ന വിഘ്‌നേഷിന്റെ പ്രകടനം, ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ ടീമുകളിലൊന്നായ മുംബൈ ഇന്ത്യൻസ്‌ ശ്രദ്ധിച്ചിരുന്നു. മുംബൈ ഇന്ത്യൻസ്‌ അവരുടെ ട്രയൽസിലേക്ക്‌ വിളിച്ച് കളിമിടുക്ക്‌ മനസ്സിലാക്കി.

ഇടംകൈയൻ സ്‌പിൻ ബൗളർ ബാറ്റിങ്ങിലും മോശമല്ല. പന്ത് കറക്കാൻ വിരലുകൾക്കുപകരം കൈക്കുഴ ഉപയോഗിക്കുന്ന ചൈനാമാൻ രീതിയാണ്‌ പ്രത്യേകത. പെരിന്തൽമണ്ണയിലെയും മലപ്പുറത്തെയും സാധാരണ മൈതാനങ്ങളിൽ കളിച്ചാണ്  ഇരുപത്തിമൂന്നുകാരന്റെ തുടക്കം. പെരിന്തൽമണ്ണയിലെ ഓട്ടോഡ്രൈവറായ കുന്നപ്പള്ളി പുത്തൂർവീട്ടിൽ സുനിലിന്റെയും കെ പി ബിന്ദുവിന്റെയും മകന് കുട്ടിക്കാലംമുതൽ ക്രിക്കറ്റ്‌ ലഹരിയായിരുന്നു. സമീപവാസിയായ ഷെരീഫിന്റെ പ്രേരണയിലാണ്‌ പെരിന്തൽമണ്ണയിലെ വിജയന്റെ ക്രിക്കറ്റ്‌ അക്കാദമിയിൽ പരിശീലനത്തിന്‌ പോയത്‌. തുടർന്ന് അങ്ങാടിപ്പുറത്തെ മലപ്പുറം അക്കാദമിയിലെത്തി. കേരളത്തിന്റെ അണ്ടർ 14, 19, 23 ടീമിൽ കളിച്ചു. കെസിഎൽ കളിച്ചതോടെ മുംബൈ ഇന്ത്യൻസിന്റെ ‘സ്‌കൗട്ടു’കളുടെ നോട്ടം ഈ നാട്ടുംപുറത്തുകാരനിൽ പതിഞ്ഞു.
ഏറെ കാലത്തെ സ്വപ്‌നമാണ്‌ യാഥാർഥ്യമായതെന്നും മകൻ ഐപിഎൽ കളിക്കുമെന്ന്‌ പ്രതീക്ഷയുണ്ടായിരുന്നുവെന്നും അച്ഛൻ സുനിൽ പറഞ്ഞു. പെരിന്തൽമണ്ണ പിടിഎം ഗവ. കോളേജിൽ എംഎ ഇംഗ്ലീഷ്‌ ലിറ്ററേച്ചർ പഠനം പൂർത്തിയാക്കിയ മിടുക്കൻ ഇനി ക്രിക്കറ്റിലെ താരങ്ങൾക്കൊപ്പം മലയാളത്തിന്റെ അഭിമാനമാകും.
സച്ചിൻ ബേബി (സൺറൈസേഴ്സ് ഹെെദരാബാദ്), വിഷ്ണു വിനോദ് (പഞ്ചാബ് കിങ്സ്) എന്നീ മലയാളി താരങ്ങളും ലേലത്തിൽ നേട്ടമുണ്ടാക്കി. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജു സാംസണെ ടീം നിലനിർത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top