20 September Friday

വിനേഷ്‌ ഫോഗട്ട്‌ കണ്ണീരല്ല കനലാണ്‌...

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

പാരിസ്‌
വിനേഷ്‌ ഫോഗട്ട്‌ പാരിസ്‌ ഒളിമ്പിക്‌സിൽ മത്സരിക്കുന്നു എന്നതുതന്നെ അത്‌ഭുതമായിരുന്നു. അത്രമേൽ കഠിനമായിരുന്നു കഴിഞ്ഞ 18 മാസത്തെ അവരുടെ ജീവിതം. ഗോദയിലെ പോരിനേക്കാൾ കടുപ്പം. കണ്ണീർചിത്രങ്ങളായിരുന്നു കണ്ടത്‌. ഒടുവിൽ പോരാട്ടങ്ങൾകൊണ്ട് അവർ കനലായി മാറുന്നു. അധികാരത്തിന്റെ അഹങ്കാരവുമായി വന്നവർ അതിൽ ചാരമാകുന്നു.
ബിജെപി എംപിയും ഇന്ത്യൻ ഗുസ്‌തി ഫെഡറേഷൻ തലവനുമായിരുന്ന ബ്രിജ്‌ഭൂഷൺ ശരൺ സിങ്ങിനെതിരായ പോരാട്ടത്തോടെയാണ്‌ വിനേഷ്‌ സമരങ്ങളുടെ അധ്യായം തുറക്കുന്നത്‌. ലൈംഗികാതിക്രമം കാട്ടിയ ബ്രിജ്‌ഭൂഷണിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. വിനേഷ്‌, സാക്ഷി മാലിക്, ബജ്‌രംഗ്‌ പൂനിയ തുടങ്ങിയ താരങ്ങളെ ഡൽഹിയിലെ ജന്തർമന്തറിൽ പൊലീസ്‌ വലിച്ചിഴയ്‌ക്കുന്നത്‌ കണ്ടപ്പോൾ രാജ്യം പകച്ചുനിന്നു.

ഭരണകേന്ദ്രത്തിൽനിന്നോ മറ്റു കായികതാരങ്ങളിൽനിന്നോ പിന്തുണ ലഭിച്ചില്ല. 40 ദിവസം ഡൽഹിയിലെ തെരുവിൽ കിടന്നു. പൊലീസ്‌ ക്രൂരമായി മർദിച്ചു. റോഡിലൂടെ വലിച്ചിഴച്ചു. ഒടുവിൽ പൊരുതിനേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ തീരുമാനിച്ചു. അതിനൊക്കെ ഇടയിലാണ്‌ കാൽമുട്ടിൽ പരിക്കിന്റെ രൂപത്തിൽ വീണ്ടും തിരിച്ചടി കിട്ടിയത്‌. വീണ്ടും ശസ്‌ത്രക്രിയ. തളരാതെ പൊരുതി. മത്സരിച്ചുകൊണ്ടിരുന്ന 53 കിലോ വിഭാഗത്തിൽ ആന്റിം പംഗൽ പാരിസ്‌ യോഗ്യത ഉറപ്പാക്കിയതോടെ വിനേഷ്‌ 50 കിലോയിലേക്ക്‌ മാറി. അതിനായുള്ള കടുത്ത പരീക്ഷകൾ.

 സമരച്ചൂടിനിടെ ഏഷ്യൻ ഗെയിംസ്‌, ലോക ചാമ്പ്യൻഷിപ് എന്നിവയുടെ മുന്നൊരുക്കത്തിനായി സ്വീഡനിലേക്ക്‌ പറക്കാൻ അവസരമൊരുങ്ങിയതാണ്‌. പക്ഷേ, സമരത്തിന്റെ ഗതിയറിയാതെ എവിടേക്കുമില്ലെന്ന്‌ വിനേഷ്‌ വ്യക്തമാക്കി.  തെരുവിലെ സമരത്തിനുശേഷം നിയമപോരാട്ടത്തിനായി മടങ്ങി.

പരിക്കുമൂലം ഏഷ്യൻ ഗെയിംസിൽനിന്ന്‌ പിൻമാറി. 2016ൽ റിയോ ഒളിമ്പിക്‌സിനിടെ സംഭവിച്ച അതേ പരിക്ക്‌. വെയിൻ ലൊംബാർഡ്‌എന്ന ദക്ഷിണാഫ്രിക്കൻ ഫിസിയോയ്‌ക്ക്‌ കീഴിൽ കരുത്തോടെ തിരിച്ചുവന്നു. ഡിസംബറിൽ ബംഗളൂരുവിൽ പരിശീലനം തുടങ്ങി. ഇതിനിടെ 55 കിലോ വിഭാഗത്തിൽ മത്സരിച്ച്‌ സ്വർണം നേടി. 17 മാസത്തിനിടെ രണ്ടാം ചാമ്പ്യൻഷിപ് മാത്രമായിരുന്നു ഇത്‌. അപ്പോഴും ഒളിമ്പിക്‌സ്‌ ആയിരുന്നു സ്വപ്‌നം. 53 കിലോ വിഭാഗത്തിൽ ഗുസ്‌തി ഫെഡറേഷൻ ട്രയൽസ്‌ നടത്തില്ലെന്ന്‌ വിനേഷ്‌ ഭയപ്പെട്ടു. മത്സരിക്കാൻ 50, 57 കിലോ വിഭാഗങ്ങളായിരുന്നു ശേഷിച്ചത്‌. പരിശീലകരും സുഹൃത്തുക്കളും 57 കിലോ നിർദേശിച്ചെങ്കിലും 2018ൽ നേട്ടം നൽകിയ 50 കിലോയിൽ മത്സരിക്കാനായിരുന്നു വിനേഷിന്റെ തീരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top