പാരിസ്
വിനേഷ് ഫോഗട്ട് വീണ്ടും നൊമ്പരമായി. ഒരുദിവസത്തെ ചിരി കണ്ണീരായി മാറി. ഊതിക്കാച്ചിയെടുത്ത സ്വപ്നങ്ങൾ ഒറ്റനിമിഷംകൊണ്ട് തകർന്നുവീണു. വിനേഷ് ഇന്ത്യൻ കായിക ചിത്രത്തിൽ ഒരു കണ്ണീർത്തുള്ളിയായി. 18 മാസം കളത്തിനകത്തും പുറത്തും നടന്ന പോരാട്ടങ്ങളിലൂടെയാണ് ഒളിമ്പിക്സ് വേദിയിൽ എത്തിയത്. ഒന്നാംറാങ്കുകാരിയെ തോൽപ്പിച്ച് സ്വപ്നസമാനമായ തുടക്കം. ക്വാർട്ടറിലും സെമിയിലും ആധികാരിക പ്രകടനം. ഒടുവിൽ ഫൈനൽ. വെള്ളിയോ പൊന്നോ ഏതായാലും രാജ്യത്തിന് അഭിമാനം മാത്രമായിരുന്നു.
പക്ഷേ, സുവർണസ്വപ്നങ്ങളുമായി ഉറങ്ങി എണീറ്റ വിനേഷ് കളിജീവിതത്തിലെ ഏറ്റവും ഹൃദയഭേദകമായ യാഥാർഥ്യത്തിലേക്കാണ് കൺതുറന്നത്. ഫൈനൽദിനം രാവിലെ നടത്തിയ ഭാരപരിശോധനയിൽ പരാജയപ്പെട്ടു. അനുവദിച്ചതിലും 100 ഗ്രാം കൂടുതലായിരുന്നു ഭാരം. ഇന്ത്യൻ ടീം മാത്രമല്ല മെഡലിനായി കാത്തിരുന്ന 140 കോടി ജനങ്ങളും വിങ്ങിപ്പോയി. മെഡലൊന്നുമില്ലെങ്കിലും, നീറുന്ന വേദനയ്‌ക്കിടയിലും കായികലോകം അവളെ ചേർത്തുപിടിക്കുന്നു. താണ്ടിയ കനൽവഴികളിൽ ഒപ്പം നിൽക്കുന്നു. ആ ധൈര്യത്തിന് സല്യൂട്ട് നൽകുന്നു.
പാരിസിലെ ഗോദയിൽ ഓരോ കടമ്പകളും കടന്നാണ് പൊൻപോരിന് യോഗ്യത നേടിയത്. ആദ്യമത്സരംതന്നെ വെല്ലുവിളിയായിരുന്നു. നിലവിലെ ചാമ്പ്യൻ യുയു സുസാക്കി. അഞ്ചു വർഷമായി തോൽവിയറിയാത്ത, അവസാന 82 പോരിലും എതിരാളിയെ മലർത്തിയടിച്ച ജപ്പാൻകാരി. കളിജീവിത്തിൽ മൂന്നുപ്രാവശ്യം മാത്രമാണ് സുസാക്കി തോറ്റത്. എതിരാളിയുടെ പേരും പെരുമയും വിനേഷിനെ കുലുക്കിയില്ല. അവസാന അഞ്ച് സെക്കൻഡ് ബാക്കിനിൽക്കെ രണ്ട് പോയിന്റിന് പിന്നിലുമായിരുന്നു. പക്ഷേ, കണ്ണഞ്ചിപ്പിക്കും വേഗത്തിൽ കിട്ടിയ അവസരം മുതലെടുത്ത് സുസാക്കിയെ ഞെരിച്ചു. മൂന്ന് പോയിന്റുമായാണ് പിടിവിട്ടത്. 3–-2ന് ക്വാർട്ടറിലേക്ക്.
മുൻ യൂറോപ്യൻ ചാമ്പ്യൻ ഒക്‌സാനെ ലിവാക്കിനോട് തുടക്കമൊന്ന് വിറച്ചു. ആത്മവിശ്വാസം വീണ്ടെടുത്ത് ഉശിരോടെ പൊരുതി. 7–-5നായിരുന്നു ജയം. സെമിയിൽ ക്യൂബക്കാരി യുസ്‌നീലിസ് ഗുസ്‌മാൻ ലോപസിനും വിനേഷിന്റെ കുതിപ്പിനെ തടയാനായില്ല. 5–-0ന്റെ ആധികാരിക ജയത്തോടെ സ്വർണം സ്വപ്നംകണ്ട് അവസാനിപ്പിച്ചു.
ഫൈനൽദിനം ഭാരപരിശോധന നടക്കുമെന്നതിനാൽ വിനേഷ് വിശ്രമിച്ചില്ല. മൂന്ന് മത്സരത്തിനിടെ ഉന്മേഷത്തിനായി കഴിച്ച ഭക്ഷണവും കുടിച്ച വെള്ളവും ഭാരം കൂട്ടിയിട്ടുണ്ടാകുമെന്ന് അവൾക്കുറപ്പായിരുന്നു. സെമിക്കുപിന്നാലെ ഒളിമ്പിക് ഗ്രാമത്തിൽ പരിശീലനം തുടർന്നു. 12 മണിക്കൂറോളം കഠിനശ്രമം. പരിശീലകരും ആരോഗ്യസംഘവും കഴിയുന്നതെല്ലാം ചെയ്‌തു. പക്ഷേ, തോറ്റുപോയി. നാൽപ്പത് ദിവസം ഡൽഹിയിലെ സമരപ്പന്തലിൽ അന്തിയുറങ്ങിയപ്പോഴും തെരുവിലൂടെ പൊലീസ് വലിച്ചിഴച്ചപ്പോഴും വിനേഷിന്റെ മനസ്സ് ഇത്രയും നീറിയിട്ടുണ്ടാകില്ല.
ഉണ്ണാത്ത ഉറങ്ങാത്ത രാത്രി
ഉണ്ടില്ല. ഉറങ്ങിയില്ല. വിശ്രമിച്ചില്ല. തുള്ളിവെള്ളംപോലും കുടിക്കാതെ പരിശീലനം. ഭാരം കൂടുമെന്നു കരുതി ഭക്ഷണം കഴിച്ചില്ല. ആദ്യദിവസം ശരീരത്തിലെ എല്ലാ ഊർജവും ചോർന്നശേഷവും ഭാരം കുറയ്‌ക്കാൻ വിനേഷ് ഫോഗട്ട് നടത്തിയ ശ്രമം സമാനതകളില്ലാത്തതാണ്. ഇന്ത്യൻ വനിതാ ടീം കോച്ച് വിരേന്ദർ ദഹിയ ആ 12 മണിക്കൂർ ഓർത്തെടുത്തു.
ചൊവ്വ രാത്രി 10.30: ക്യൂബയുടെ യുസ്‌നീലിസ് ഗുസ്‌മാൻ ലോപസിനെ തോൽപ്പിച്ച് സെമിയിൽ കടന്നു. ഇന്ത്യൻ ക്യാമ്പിൽ ആഹ്ലാദം. ഫൈനലിനുള്ള കാത്തിരിപ്പ്.
രാത്രി 11.30: ഭാരം കൂടിയത് മനസ്സിലാക്കിയ വിനേഷ് ജയിച്ച് ഒരുമണിക്കൂറിനുശേഷം വ്യായാമം തുടങ്ങി. രണ്ടു കിലോയെങ്കിലും കുറച്ചാലേ രക്ഷയുള്ളൂ. വിശ്രമമില്ലാതെ സ്‌കിപ്പിങ്ങും ജോഗിങ്ങും നടത്തി. ഒപ്പം ഭാരം കുറയ്‌ക്കാനുള്ള മറ്റ് പൊടിക്കൈകളും.
ബുധൻ പുലർച്ചെ 2.30: വെള്ളവും ഭക്ഷണവും ഇല്ലാത്തതിനാൽ ക്ഷീണിച്ച് അവശയായി. തുടർന്ന് ആവിക്കുളി. പുലർച്ചെ 5.30: ശരീരത്തെ സ്വയം പീഡിപ്പിക്കുന്നതരത്തിൽ വീണ്ടും വ്യായാമം. അതിനിടെ സൈക്ലിങ്ങും പരീക്ഷിച്ചു. ട്രഡ്‌മില്ലിൽ സമയം ചെലവഴിച്ചു. പകൽ 11.30: സംഘത്തലവൻ ഗഗൻ നരംഗ്, ടീം ഡോക്‌ടർ ദിൻഷ പർഡിവാല എന്നിവർക്കൊപ്പം ഭാരനിർണയത്തിന്. സ്‌ക്രീനിൽ തെളിഞ്ഞത് 100 ഗ്രാം കൂടുതൽ. 15 മിനിറ്റാണ് പരിശോധനാസമയം. എന്തു ചെയ്യണമെന്ന പരിഭ്രാന്തി. വിനേഷ് മുടി മുറിച്ചു. പക്ഷേ, അത് പര്യാപ്‌തമായില്ല. കൂടുതൽ സമയം വേണമെന്ന അപേക്ഷ ഒഫീഷ്യലുകൾ തള്ളി. ഭാരപരിശോധനയിൽ പരാജയപ്പെട്ടതായി അറിയിപ്പ് വന്നു. ‘ഇന്ത്യൻ ക്യാമ്പ് മരണവീടുപോലെയായി’ എന്ന് വിരേന്ദർ ദഹിയ പറഞ്ഞു. ഒന്നും പറയാനാകാത്ത അവസ്ഥ. നടുക്കവും നിരാശയും ഇപ്പോഴും വിട്ടുമാറിയിട്ടില്ല.
ജീവിതവഴി
ഹരിയാനയിലെ ചാക്രി ദാദ്രി ജില്ലയിലെ ഭിവാനി ഗ്രാമത്തിൽ 1994 ആഗസ്‌ത് 25ന് ജനനം.
ഒമ്പതാംവയസ്സിൽ അച്ഛനെ നഷ്ടമായി. അമ്മയ്‌ക്ക് അർബുദവും ബാധിച്ചു. അമ്മാവനും ദ്രോണാചാര്യ വിജയിയുമായ മഹാവീർ സിങ് ഫോഗട്ടിനുകീഴിൽ ഗുസ്‌തി പരിശീലനം. മഹാവീറിന്റെ മക്കളും ഇന്ത്യൻ താരങ്ങളുമായ ഗീത ഫോഗട്ട്, ബബിത ഫോഗട്ട് എന്നിവർക്കൊപ്പമായിരുന്നു പരിശീലനം.
2013 ഏഷ്യൻ ഗുസ്‌തി ചാമ്പ്യൻഷിപ്പിൽ 52 കിലോ വിഭാഗത്തിൽ വെങ്കലം. 2014 കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും നേടി.
2016 റിയോ ഒളിമ്പിക്‌സിൽ കണ്ണീർ. മത്സരത്തിനിടെ കാൽമുട്ടിന് ഗുരുതരപരിക്ക്. ശസ്‌ത്രക്രിയക്കുശേഷം ഒരുവർഷം കഴിഞ്ഞ് ഗോദയിൽ തിരിച്ചെത്തി. 2018 കോമൺവെൽത്തിൽ സ്വർണം നിലനിർത്തി. ഏഷ്യൻ ഗെയിംസിലും ചാമ്പ്യനായി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാതാരം.
2019 ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം. ഒന്നാംസീഡായി എത്തിയെങ്കിലും ടോക്യോ ഒളിമ്പിക്‌സിൽ ക്വാർട്ടറിൽ പുറത്തായി. 2021ലും പരിക്ക് അലട്ടി. ഇത്തവണ കൈമുട്ടിന് ശസ്‌ത്രക്രിയ. 2022ൽ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലനേട്ടം ആവർത്തിച്ചു. കോമൺവെൽത്ത് ഗെയിംസിൽ ഹാട്രിക് സ്വർണം.
2023ൽ ഇന്ത്യൻ ഗുസ്‌തി ഭരണസമിതി തലവനായിരുന്ന ബ്രിജ്‌ഭൂഷൺ ശരൺ സിങ്ങിനെതിരായ സമരത്തിന്റെ മുന്നണിപ്പോരാളിയായി. ഏഷ്യൻ ഗെയിംസിനുമുന്നോടിയായി വീണ്ടും കാൽമുട്ടിന് പരിക്കേറ്റു. ശസ്‌ത്രക്രിയ കഴിഞ്ഞ് പാരിസ് ഒളിമ്പിക്‌സ് ട്രയൽസിൽ തിരിച്ചെത്തി.
സാധ്യമായതെല്ലാം ചെയ്‌തു:
ആരോഗ്യസംഘം
വിനേഷ് ഫോഗട്ടിന്റെ ഭാരം കുറയ്‌ക്കാൻ മനുഷ്യസാധ്യമായതെല്ലാം ചെയ്‌തെന്ന് ഇന്ത്യൻ ടീമിന്റെ ആരോഗ്യസംഘത്തലവൻ ഡോ. ദിൻഷ പാർദിവാല. ‘ശാസ്‌ത്രീയമായ എല്ലാ ഒരുക്കങ്ങളും നടത്തി. ഗുസ്‌തിയിൽ ഭാരക്കൂടുതലുള്ള താരങ്ങൾ കുറഞ്ഞ ഭാരമുള്ള വിഭാഗത്തിൽ മത്സരിക്കുന്നത് സാധാരണയാണ്. മത്സരദിനം ആവശ്യമായ ഒരുക്കങ്ങൾ നടത്താറാണ് പതിവ്. ഭക്ഷണക്രമീകരണത്തിലൂടെ ഭാരം കുറയ്‌ക്കും. വിനേഷിന്റെ കാര്യത്തിലും ഇത് ചെയ്‌തു. പക്ഷേ, പ്രതീക്ഷിച്ചപോലെയായില്ല’–-പാർദിവാല പറഞ്ഞു. ആശുപത്രിയിൽ കഴിയുന്ന വിനേഷിന് ആരോഗ്യപ്രശന്‌ങ്ങൾ ഒന്നുമില്ലെന്നും അയോഗ്യയായതിൽ വിഷമമുണ്ടെന്നും ഡോക്‌ടർ പറഞ്ഞു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷയ്‌ക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് പാർദിവാല കാര്യങ്ങൾ വിശദീകരിച്ചത്.
എല്ലാ
പിന്തുണയും: പി ടി ഉഷ
വിനേഷിനെ അയോഗ്യയാക്കിയത് ഞെട്ടിക്കുന്നതാണെന്നും താരത്തിന് എല്ലാ പിന്തുണയും നൽകുമെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒസി) പ്രസിഡന്റ് പി ടി ഉഷ. അയോഗ്യതാ നടപടിക്കെതിരെ ഇന്ത്യൻ ഗുസ്‌തി ഫെഡറേഷൻ യുണൈറ്റഡ് വേൾഡ് റസ്‌ലിങ് അസോസിയേഷന് പരാതി നൽകി. വിനേഷിന് എല്ലാ സഹായവും നൽകും–- ഉഷ പറഞ്ഞു.
എന്റെ
മെഡലുകൾ
നൽകാം
ഒളിമ്പിക് വേദിയിൽ ഒരു താരത്തിനുണ്ടായ ഏറ്റവും വേദനാജനകമായ അനുഭവം. വിനേഷിന്റെ കഠിനാധ്വാനം നമ്മൾ ചിന്തിക്കുന്നതിലും എത്രയോ വലുതാണ്. അവർ കടന്നുപോകുന്ന സാഹചര്യത്തെക്കുറിച്ച് നമുക്ക് ഊഹിക്കാനാകില്ല. സാധ്യമെങ്കിൽ എന്റെ മെഡലുകൾ വിനേഷിന് നൽകാൻ ഒരുക്കമാണ്.
സാക്ഷി മാലിക്
(ഗുസ്‌തി താരം)
ധീരയാണവൾ
ധീരതയുടെയും ധാർമികതയുടെയും സ്വർണമെഡൽ ജേതാവാണ് വിനേഷ്. ഗോദയിൽ ശക്തമായി പോരാടി. ആദ്യമത്സരത്തിനുമുമ്പ് തൂക്കം നോക്കിയപ്പോൾ കുഴപ്പമുണ്ടായിരുന്നില്ല. ഫൈനലിനുമുമ്പ് സംഭവിച്ച കാര്യം ആർക്കും വിശ്വസിക്കാനാകുന്നില്ല. കണ്ണീരടക്കാൻ രാജ്യം പാടുപെടുകയാണ്.
ബജ്‌രംഗ് പുണിയ
(ഗുസ്‌തി താരം)
അട്ടിമറി
സംശയം
കായികരംഗത്ത് ഇന്ത്യ ഉയർന്നുവരുന്നത് ഇഷ്ടപ്പെടാത്ത ചിലരുടെ അട്ടിമറിയാണ് വിനേഷിന്റെ പുറത്താക്കലിനുപിന്നിലെന്ന് സംശയിക്കുന്നു. ഞങ്ങൾ കായികതാരങ്ങൾക്ക് ഒരുരാത്രികൊണ്ട് അഞ്ചു കിലോവരെ ശരീരഭാരം കുറയ്‌ക്കാൻ കഴിയും. ഇത് കഠിനമാണ്. വിശപ്പും ദാഹവും എങ്ങനെ നിയന്ത്രിക്കണമെന്ന് ഞങ്ങൾക്കറിയാം. വിനേഷ് കടന്നുപോകുന്ന സാഹചര്യം അതികഠിനമാണ്.
വിജേന്ദർ സിങ്
(ബോക്‌സിങ് താരം)
യഥാർഥ ചാമ്പ്യൻ
വിനേഷ്, നിങ്ങൾ യഥാർഥ ചാമ്പ്യനാണ്. അത് തെളിയിക്കാൻ സ്വർണമെഡലിന്റെ ആവശ്യമില്ല. വിഷമഘട്ടത്തിൽ ഒപ്പമുണ്ടാകും.
അഭിനവ് ബിന്ദ്ര
(മുൻ ഷൂട്ടിങ് താരം)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..