22 December Sunday

ആളിക്കത്തി ‘അമ്പതി’ലേക്ക് ; രണ്ടുതവണ ലോകചാമ്പ്യൻഷിപ്പിൽ വെങ്കലം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024


പാരിസ്‌
2013ൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 51 കിലോ വിഭാഗത്തിൽ വെങ്കലമെഡൽ നേടിയാണ്‌ വിനേഷ്‌ ഫോഗട്ട് ഗുസ്‌തിക്കളത്തിൽ വരവറിയിച്ചത്‌. 2014ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ 48 കിലോയിൽ പൊന്നണിഞ്ഞു. തുടർന്നാണ്‌ 50 കിലോ ഭാഗത്തിലേക്കുള്ള മാറ്റം. ഗോൾഡ്‌ കോസ്റ്റ് കോമൺവെൽത്ത് ഗെയിംസ്, 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസ് എന്നിവയിൽ 50 കിലോ വിഭാഗത്തിൽ മത്സരിച്ച് സ്വർണം നേടി. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളിയും സ്വന്തമാക്കി. 2019 മുതൽ 53 വിഭാഗത്തിലേക്ക് മാറി. ഈ ഇനത്തിൽ രണ്ടുതവണ ലോക ചാമ്പ്യൻഷിപ് വെങ്കലം സ്വന്തമാക്കി. 2022 കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടി. ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിലും നേട്ടമുണ്ടാക്കി. 2016ലെ റിയോ ഒളിമ്പിക്‌സിൽ 48 കിലോ വിഭാഗത്തിലും ടോക്യോയിൽ 53 കിലോ വിഭാഗത്തിലുമാണ് മത്സരിച്ചത്. പിന്നീട് തുടർച്ചയായി 53 കിലോ വിഭാഗത്തിൽത്തന്നെയായിരുന്നു വിനേഷിന്റെ മത്സരങ്ങൾ. 34 ജയങ്ങൾ. ഒന്നാംറാങ്ക്‌. അഞ്ചുവർഷം ഈ വിഭാഗത്തിൽ മത്സരിച്ചു.

പാരിസ് ഒളിമ്പിക്സിൽ 53 കിലോ വിഭാഗത്തിൽ യുവതാരം ആന്റിം പംഗൽ കഴിഞ്ഞവർഷം സെപ്തംബറിൽത്തന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു.
ഈവർഷം മാർച്ചിലാണ് ഒളിമ്പിക് യോഗ്യതയ്‌ക്കുള്ള ഏഷ്യൻ, ലോക ചാമ്പ്യൻഷിപ്‌ മത്സരങ്ങൾ നടന്നത്. വിനേഷ്‌ 50 കിലോയിലും 53 കിലോയിലും മത്സരിച്ചു. തന്റെ പ്രിയപ്പെട്ട 53 കിലോയിൽ ഫെഡറേഷൻ ട്രയൽസ് നടക്കുമോ എന്ന കാര്യത്തിൽ സംശയമുള്ളതുകൊണ്ടായിരുന്നു ഇരുവിഭാഗത്തിലും ഇറങ്ങിയത്. 50 കിലോയിൽ വിജയിച്ചു, യോഗ്യതയും തേടി.

അമ്പതു കിലോ തെരഞ്ഞെടുക്കാനുള്ള തീരുമാനം സാഹസികമായിരുന്നു. അതിനുവേണ്ടിയുള്ള ത്യാഗത്തിനും സഹനത്തിനും കണക്കില്ല. അതിനിടെ കാൽമുട്ടിലെ പരിക്കും തളർത്തി. ഒപ്പംതന്നെയായിരുന്നു കളത്തിനു പുറത്തെ പോരാട്ടങ്ങളും. ഫെബ്രുവരിയിലെ ദേശീയ ചാമ്പ്യൻഷിപ്പിൽ 55 കിലോയിൽ ഇറങ്ങിയാണ് സ്വർണം നേടിയത്. ഒളിമ്പിക്സിൽ ഈ വിഭാഗത്തിൽ മത്സരമില്ല. 50, 53 ,57 വിഭാഗങ്ങൾമാത്രം. മൂന്ന്‌ വഴികളായിരുന്നു മുന്നിൽ. ഒന്ന്‌ 57 കിലോ വിഭാഗത്തിൽ മത്സരിക്കുക. രണ്ട് 53 കിലോയിൽ ആന്റിമുമായി ട്രയൽസിൽ ഇറങ്ങുക. മൂന്ന് 50 കിലോയിൽ ഇറങ്ങുക.

ഇതിൽ 50ൽ ട്രയൽസ് ഫെഡറേഷൻ നടത്തുന്ന കാര്യത്തിൽ വിനീഷിന് പേടിയുണ്ടായിരുന്നു. 57ൽ മത്സരങ്ങൾ കടുക്കുമെന്ന്‌ കണക്കുകൂട്ടി. അവസാന വഴിയായിരുന്നു ഏറ്റവും കഠിനവും പ്രയാസകരവും. പരമാവധി ഭാരം കുറച്ച് 50 കിലോയിൽ മത്സരിക്കുക. അതിനായി മാനസികവും ശാരീരികവുമായി തയ്യാറെടുത്തു. കൂട്ടുകാരെയും പരിശീലകരെയും ആ തീരുമാനം അമ്പരപ്പിച്ചു. ഞെട്ടിപ്പോയെന്നായിരുന്നു സാക്ഷി മാലിക്കിന്റെ ആ സമയത്തുള്ള പ്രതികരണം. ഒളിമ്പിക് ഗോൾഡ് ക്വസ്റ്റ് സിഇഒ വിരൻ റസ്കുനിയ പൊട്ടിത്തെറിച്ചു. പക്ഷേ, വിനേഷ് മുന്നോട്ടുതന്നെയായിരുന്നു. ആ സമയത്ത് 60 കിലോ ആയിരുന്നു ഭാരം. അഞ്ചുമാസംകൊണ്ടാണ് അവർ പത്തുകിലോ കുറച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top