പാരിസ്
‘അമ്മേ മാപ്പ്’ എന്ന രണ്ട് വാചകത്തിൽ വിനേഷ് ഫോഗട്ട് 23 വർഷത്തെ കളിജീവിതത്തിന് പര്യവസാനം കുറിച്ചു. ഇനി പൊരുതാനുള്ള ശക്തിയില്ലെന്ന് വിങ്ങലോടെ പറയുന്നു. അപൂർണമായ അവസാനം. ഇതായിരുന്നില്ല വിനേഷ് സ്വപ്നം കണ്ട വിടവാങ്ങൽ. പക്ഷേ, പാരിസിലെ ആ ഇരുണ്ടരാത്രി ഇരുപത്തൊമ്പതുകാരിയുടെ സർവശക്തിയും ചോർത്തിക്കളഞ്ഞു. ഒമ്പതാംവയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടപ്പോഴും അമ്മയ്‌ക്ക് അർബുദം ബാധിച്ചപ്പോഴും ഡൽഹിയിലെ തെരുവിൽ വലിച്ചിഴയ്‌ക്കപ്പെട്ടപ്പോഴും ഉരുക്കുമനസ്സുമായി ഉറച്ചുനിന്ന പെൺകുട്ടി ഗോദയിൽ വീണുപോയി. ‘ഗുസ്‌തി ജയിച്ചു, ഞാൻ തോറ്റു’ എന്നായിരുന്നു പ്രതികരണം. അമ്മ പ്രേംലതയോട് മാപ്പുപറഞ്ഞാണ് വിരമിക്കൽ പ്രഖ്യാപനം.
നീറുന്ന ബാല്യമായിരുന്നു വിനേഷിന്റേത്. ഒമ്പതാംവയസ്സിൽ അച്ഛൻ രാജ്‌പാൽ സിങ്ങിന്റെ മരണത്തിന് സാക്ഷിയായി. മനോനില തെറ്റിയ ബന്ധു, വീടിനുമുന്നിൽനിന്ന് ഗുസ്‌തി പരിശീലകനായ രാജ്‌പാലിനെ വെടിവച്ചു. ‘അച്ഛൻ മരിക്കുന്നതുവരെ വീടിന് പുറത്തിറങ്ങാറില്ല അമ്മ. എന്നാൽ, ഒറ്റനിമിഷംകൊണ്ട് എല്ലാം മാറി. കുടുംബം അമ്മ ഏറ്റെടുത്തു. അതിനിടെ അർബുദവും പിടികൂടി. അമ്മയേക്കാൾ വലിയ പോരാളിയെ ഞാൻ കണ്ടിട്ടില്ല’– -വിനേഷ് ഒരിക്കൽ പറഞ്ഞു. അമ്മാവനും വിഖ്യാത പരിശീലകനുമായ മഹാവീർസിങ് ഫോഗട്ടാണ് അവളെ ഗോദയിലേക്ക് കൈപിടിച്ചുകയറ്റിയത്. വിനേഷിനെയും സഹോദരി പ്രിയങ്കയെയും മഹാവീർ മക്കളായ ഗീത, ബബിത, ഋതു, സംഗീത എന്നിവർക്കൊപ്പം പരിശീലിപ്പിച്ചു. പിന്നെ നടന്നത് ചരിത്രം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..