പാരിസ്
ഒരിക്കലും കൈവിടാത്ത പോരാട്ടവീര്യം ഒളിമ്പിക് ഗോദയിലും പുറത്തെടുത്ത വിനേഷ് ഫോഗട്ട് വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റെെൽ ഗുസ്‌തി ഫൈനലിൽ. പാൻ അമേരിക്കൻ ചാമ്പ്യൻ ക്യൂബയുടെ യുസ്‌നീലിസ് ഗുസ്‌മാൻ ലോപസിനെ 5–-0ന് മറികടന്നാണ് കലാശപ്പോരാട്ടത്തിന് യോഗ്യത ഉറപ്പിച്ചത്. ക്യൂബൻതാരം വരുത്തിയ പിഴവിൽ ഒരു പോയിന്റ് നേടിയ വിനേഷ് തുടർന്ന് നാല് പോയിന്റുകൂടി നേടി മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ന് രാത്രി 11.15നാണ് സ്വർണ മെഡൽ പോരാട്ടം.
പരിക്ക് അടക്കം നിരവധി പ്രതിസന്ധികൾ തരണംചെയ്‌ത് പാരിസിലെത്തിയ വിനേഷ്, ആദ്യം നേരിട്ടത് 82 മത്സരങ്ങളിൽ തോൽവി അറിയാതെ എത്തിയ ജപ്പാന്റെ ഒന്നാംസീഡ് താരം യുയു സുസാക്കിയെ. 53 കിലോവിഭാഗത്തിൽ മത്സരിച്ചിരുന്ന വിനേഷ് ഇത്തവണ 50 കിലോയിലേക്ക് മാറിയതോടെയാണ് ആദ്യ പോരിൽ എതിരാളിയായി സുസാക്കി എത്തിയത്. ടോക്യോയിൽ ഒരു പോയിന്റ് പോലും വഴങ്ങാതെ സ്വർണം നേടിയ സുസാക്കി മത്സരം അവസാനിക്കാൻ അഞ്ചുസെക്കൻഡ് ശേഷിക്കുംവരെ 0–-2ന് മുന്നിലായിരുന്നു. മത്സരത്തിനിടെ താക്കീത് കിട്ടിയപ്പോഴും അമിതമായ ആക്രമണത്തിലേക്ക് പോകാതെ പ്രതിരോധിച്ച് അവസരത്തിനായി കാത്തുനിന്ന വിനേഷ് സുസാക്കിയെ വീഴ്‌ത്തിയാണ് 3–-2ന് മുന്നിലെത്തിയത്. ഇതിനുപിന്നാലെ മത്സരം അവസാനിക്കുകയും ചെയ്‌തു.
സുസാക്കിക്ക് എതിരായ ജയം വിനേഷിന് നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. ക്വാർട്ടറിൽ ഉക്രയ്‌നിന്റെ മുൻ യൂറോപ്യൻ ചാമ്പ്യൻ ലിവാക് ഒക്‌സനയെ 7–-5ന് തറപറ്റിച്ചാണ് സെമിയിലേക്ക് മുന്നേറിയത്. തുടക്കത്തിൽത്തന്നെ 2–-0ന് മുന്നിലെത്തിയ വിനേഷിന്റെ ലീഡ് ഇടയ്‌ക്ക് 5–-4ലേക്ക് താഴ്‌ന്നെങ്കിലും പൊരുതി മുന്നേറുകയായിരുന്നു. പോരാട്ടവീര്യം സെമിയിലും തുടർന്നതോടെ കലാശപ്പോരിന് യോഗ്യത നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..