30 October Wednesday
ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

ക്ലാസിക് കോഹ്‌ലി ; 97 പന്തിൽ 103* റൺ, 4 സിക്സർ, 6 ഫോർ

അജിൻ ജി രാജ്Updated: Friday Oct 20, 2023

Photo Credit: ICC/Facebook


പുണെ
ഏകദിന ക്രിക്കറ്റിൽ വിരാട്‌ കോഹ്‌ലി മറ്റൊരു അധ്യായമെഴുതി. പുണെയിൽ ബംഗ്ലാദേശിനെ മെരുക്കി സെഞ്ചുറികളുടെ എണ്ണത്തിൽ ഒരെണ്ണംകൂടി കോഹ്‌ലി കുറിച്ചിട്ടു. ആധുനിക ക്രിക്കറ്റിൽ വെല്ലാൻ മറ്റാരുമില്ലെന്ന്‌ അതിൽ അടിവരയിട്ടു. ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്ത്യ തുടർച്ചയായ നാലാംജയം കുറിച്ചപ്പോൾ ഈ വലംകൈയൻ ബാറ്ററുടെ സെഞ്ചുറിക്കായിരുന്നു അഴകേറെ. ഏകദിന ക്രിക്കറ്റിലെ 48–-ാം സെഞ്ചുറിയായിരുന്നു ഇത്‌. സച്ചിൻ ടെൻഡുൽക്കറെ മറികടക്കാൻ ഇനി രണ്ടെണ്ണംകൂടി മതി.

ബംഗ്ലാദേശിനെ ഏഴ്‌ വിക്കറ്റിന്‌ തോൽപ്പിച്ച്‌ സെമി സാധ്യത സജീവമാക്കി ഇന്ത്യ. 97 പന്തിൽ പുറത്താകാതെ 103 റണ്ണാണ്‌ കോഹ്‌ലി നേടിയത്‌. സിക്‌സർ പായിച്ച്‌ ജയവും സെഞ്ചുറിയും ആഘോഷിച്ചു. 22ന്‌ ധർമശാലയിൽ ന്യൂസിലൻഡുമായാണ്‌ അടുത്ത മത്സരം. ഈ കളി ജയിച്ചാൽ ഇന്ത്യക്ക്‌ ഏറെക്കുറെ സെമി ഉറപ്പിക്കാം.  ഇരുടീമുകൾക്കും എട്ട്‌ പോയിന്റ്‌ വീതമുണ്ട്‌. റൺനിരക്കിൽ കിവികൾ ഒന്നാമത്‌ നിൽക്കുന്നു. സ്‌കോർ: ബംഗ്ലാദേശ്‌ -256/-8 ഇന്ത്യ -261/3 (41.3). കോഹ്‌ലിയാണ്‌ മാൻ ഓഫ്‌ ദി മാച്ച്‌.

257 റൺ ലക്ഷ്യത്തിലേക്ക്‌ രോഹിത്‌ ശർമയും (40 പന്തിൽ 48) ശുഭ്‌മാൻ ഗില്ലും (55 പന്തിൽ 53) മികച്ച തുടക്കമിട്ടു. രണ്ട്‌ സിക്‌സറും ഏഴ്‌ ഫോറും പായിച്ച രോഹിത്‌ മടങ്ങിയതിനുശേഷമാണ്‌ കോഹ്‌ലി ക്രീസിലെത്തിയത്‌. ബംഗ്ലാദേശ്‌ ബൗളർമാർക്ക്‌ പഴുതുകൾ അനുവദിക്കാതെ ബാറ്റ്‌ വീശി. ഹസൻ മഹമൂദിന്റെ നോ ബോളിലാണ്‌ തുടങ്ങിയത്‌. തുടർച്ചയായി കിട്ടിയ രണ്ട്‌ ഫ്രീഹിറ്റിൽ ബൗണ്ടറിയും സിക്‌സറും നേടി അരങ്ങേറി. ഇതിനിടെ ഗില്ലും ശ്രേയസ്‌ അയ്യരും (25 പന്തിൽ 19) പുറത്തായെങ്കിലും കെ എൽ രാഹുലിനെ (34 പന്തിൽ 34) കൂട്ടുപിടിച്ച്‌ കോഹ്‌ലി മുന്നേറി. ഇന്നിങ്‌സിന്റെ ഒടുവിൽ സെഞ്ചുറി മോഹമുദിച്ച കോഹ്‌ലിക്ക്‌ സിംഗിളുകൾ എടുക്കാതെ രാഹുൽ നല്ല പിന്തുണ നൽകി. നസും അഹമ്മദിനെ സിക്‌സർ പായിച്ചാണ്‌ സെഞ്ചുറി പൂർത്തിയാക്കിയത്‌.

ബാറ്റർമാരുടെ ഇഷ്ടപിച്ചിൽ നന്നായാണ്‌ ബംഗ്ലാദേശ്‌ തുടങ്ങിയത്‌. ഓപ്പണർമാരായ ലിറ്റൺ ദാസും (82 പന്തിൽ 66) തൻസിദ്‌ ഹസ്സനും (43 പന്തിൽ 51) പക്വതയോടെ ക്രീസിൽ ഉറച്ചുനിന്നപ്പോൾ ടൂർണമെന്റിൽ ആദ്യമായി ഇന്ത്യൻ ബൗളിങ്‌നിര പരീക്ഷിക്കപ്പെട്ടു. 88 പന്തിൽ 93 റണ്ണടിച്ച്‌ ചെറുത്തുനിന്നു. ഈ ലോകകപ്പിൽ ആദ്യമായാണ്‌ ഇന്ത്യക്കെതിരെ ഒരു ഓപ്പണിങ്‌ കൂട്ടുകെട്ട്‌ 50 കടക്കുന്നത്‌. അഞ്ച്‌ ഓവറിൽ 10 റണ്ണായിരുന്നു സ്‌കോർബോർഡിൽ. പിന്നീട്‌ ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ചു. ജസ്‌പ്രീത്‌ ബുമ്രയ്‌ക്കും മുഹമ്മദ്‌ സിറാജിനും സ്വാധീനമുണ്ടാക്കാനായില്ല. കുൽദീപ്‌ യാദവാണ്‌ കൂട്ടുകെട്ട്‌ പൊളിച്ചത്‌. ആദ്യ വിക്കറ്റ്‌ വീണതോടെ ബംഗ്ലാദേശ്‌ കൂപ്പുകുത്തി.

ക്യാപ്‌റ്റൻ നജ്‌മുൾ ഹുസൈൻ ഷാന്റോ (8), മെഹ്‌ദി ഹസൻ മിറാസ്‌ (3), തൗഹിദ്‌ ഹൃദോയ്‌ (16) എന്നിവർ വേഗം മടങ്ങി. ഒരറ്റത്ത്‌ പൊരുതിനിന്ന ലിറ്റണെ രവീന്ദ്ര ജഡേജ പുറത്താക്കിയതോടെ നില പരുങ്ങലിലായി. മുഷ്‌ഫിഖുർ റഹീമും (46 പന്തിൽ 38), മഹമ്മദുള്ളയുമാണ്‌ (36 പന്തിൽ 46) 250 കടത്തിയത്‌. മുഷ്‌ഫിഖുറിനെ ബുമ്രയുടെ പന്തിൽ ഉജ്വല ക്യാച്ചിലൂടെ ജഡേജയാണ്‌ മടക്കിയത്‌. ബുമ്ര, സിറാജ്‌, ജഡേജ എന്നിവർ രണ്ടുവീതം വിക്കറ്റ്‌ നേടി.

ജയവർധനയെയും മറികടന്നു
വിരാട്‌ കോഹ്‌ലിയുടെ ബാറ്റിൽനിന്ന്‌ റണ്ണൊഴുകുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ മറ്റൊരു നാഴികക്കല്ലുകൂടി മുൻ ഇന്ത്യൻ ക്യാപ്‌റ്റൻ സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റിൽ എക്കാലത്തെയും മികച്ച നാലാമത്തെ റൺവേട്ടക്കാരനായി. ശ്രീലങ്കയുടെ മഹേല ജയവർധനയെയാണ്‌ മുപ്പത്തിനാലുകാരൻ മറികടന്നത്‌. 567 ഇന്നിങ്‌സിൽ 26,003 റണ്ണായി കോഹ്‌ലിക്ക്‌. ജയവർധനെ 652 കളിയിൽ 25,957 റണ്ണടിച്ചിട്ടുണ്ട്‌. ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെൻഡുൽക്കറാണ്‌ പട്ടികയിൽ ഒന്നാമത്‌. 34,357 റണ്ണാണ്‌ കളിജീവിതത്തിൽ ഇന്ത്യക്കായി സച്ചിൻ കുറിച്ചത്‌.ഈ ലോകകപ്പിൽ നാല്‌ കളിയിൽ രണ്ട്‌ അരസെഞ്ചുറിയും ഒരു സെഞ്ചുറിയുമാണ്‌ കോഹ്‌ലി നേടിയത്‌. റൺവേട്ടക്കാരിൽ 259 റണ്ണുമായി  രണ്ടാമതുണ്ട്‌.

ഹാർദിക്കിന്‌ പരിക്ക്‌ ഇന്ത്യക്ക് ആശങ്ക
മിന്നുംജയത്തിനിടയിലും ഇന്ത്യക്ക്‌ ആശങ്ക നൽകി വൈസ്‌ക്യാപ്‌റ്റൻ ഹാർദിക്‌ പാണ്ഡ്യയുടെ പരിക്ക്‌. ബംഗ്ലാദേശിനെതിരായ മത്സരത്തിന്റെ തുടക്കംതന്നെ ഈ ഓൾറൗണ്ടർ കളംവിട്ടു. ഇന്നിങ്‌സിന്റെ ഒമ്പതാം ഓവർ എറിയാനെത്തിയത്‌ മുപ്പതുകാരനായിരുന്നു. മൂന്നാംപന്തിലാണ്‌ പരിക്കേറ്റത്‌. ലിറ്റൺ ദാസിന്റെ സ്‌ട്രെയ്‌റ്റ്‌ ഡ്രൈവ്‌ തടയാൻ ശ്രമിക്കുന്നതിനിടെ പിച്ചിൽ വീഴുകയായിരുന്നു. ഈ വീഴ്‌ചയിൽ ഇടംകാൽ മടങ്ങിപ്പോയി. വേദന അനുഭവപ്പെട്ടതോടെ വലംകൈയൻ സ്‌റ്റേഡിയം വിട്ടു. ശേഷിച്ച മൂന്ന് പന്ത് വിരാട് കോഹ്-ലിയാണ് എറിഞ്ഞത്.  ഹാർദിക്കിനെ സ്‌കാനിങ്ങിനായി ആശുപത്രിയിലേക്കും കൊണ്ടുപോയി. പരിശോധനാഫലം വന്നാലേ കാര്യങ്ങൾ വ്യക്തമാകു. 22ന്‌ ന്യൂസിലൻഡുമായുള്ള പ്രധാന മത്സരത്തിൽ ഹാർദിക്‌ സജ്ജനായില്ലെങ്കിൽ ഇന്ത്യക്ക്‌ തിരിച്ചടിയാകും. മൂന്ന്‌ കളിയിൽ അഞ്ച്‌ വിക്കറ്റുണ്ട്‌ ഹാർദിക്കിന്.

സ്‌കോർ ബോർഡ്‌

ബംഗ്ലാദേശ്‌
തൻസിദ്‌ ഹസ്സൻ എൽബിഡബ്ല്യു ബി കുൽദീപ്‌ 51, ലിട്ടൺ ദാസ്‌ സി ഗിൽ ബി ജഡേജ 66, നജ്‌മുൽ ഷാന്റോ എൽബിഡബ്ല്യു ബി ജഡേജ 8, മെഹിദി സി രാഹുൽ ബി സിറാജ്‌ 16, തൗഹിദ്‌ സി ഗിൽ ബി ശാർദുൽ 16, മുഷ്‌ഫിഖർ സി ജഡേജ ബി ബുമ്ര 38, മഹ്‌മദുള്ള ബി ബുമ്ര 46, നസും സി രാഹുൽ ബി സിറാജ്‌ 14, മുസ്‌താഫിസുർ 1, ഷൊറിഫുൾ 7. എക്‌സ്‌ട്രാസ്‌ 6. ആകെ -256/8.
വിക്കറ്റ്‌ വീഴ്‌ച: 1–-93, 2–-110, 3–-129, 4–-137, 5–-179, 6–-201, 7–-233, 8–-248.
ബൗളിങ്‌: ബുമ്ര 10–-1–-41–-2, സിറാജ്‌ 10–-0–-60–-2, ഹാർദിക്‌ 0.3–-0–8–-0, കോഹ്‌ലി 0.3–-0–-2–-0, ശാർദുൽ 9–-0–-59–-1, കുൽദീപ്‌ 10–-0–-47–-1, ജഡേജ 10–-0–-38–-2.

ഇന്ത്യ
രോഹിത്‌ സി തൗഹിദ്‌ ബി ഹസ്സൻ 48, ഗിൽ സി മഹ്‌മദുള്ള ബി മെഹിദി 53, കോഹ്‌ലി 103, ശ്രേയസ്‌ സി മഹ്‌മദുള്ള ബി മെഹിദി 19, രാഹുൽ 34. എക്‌സ്‌ട്രാസ്‌ 4. ആകെ 261/3 (41.3).
വിക്കറ്റ്‌ വീഴ്‌ച: 1–-88, 2–-132, 3–-178.
ബൗളിങ്‌: ഷൊറിഫുൾ 8–-0–54–-0, മുസ്‌താഫിസുർ 5–-0–-29–-0, നസും 9.3–-0–60–-0, ഹസ്സൻ 8–-0–-65–-1, മെഹിദി 10–-0–-47–-2, മഹ്‌മദുള്ള 1–-0–-6–-0.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top