ദുബായ്
വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ കന്നിക്കിരീടത്തിന് ഇന്ത്യ ഒരുങ്ങുന്നു. ഹർമൻപ്രീത് കൗർ നയിക്കുന്ന 15 അംഗ ടീം ദുബായിലെത്തി. ഒക്‌ടോബർ മൂന്നുമുതൽ 20 വരെ ദുബായിലും ഷാർജയിലുമാണ് മത്സരങ്ങൾ. കഴിഞ്ഞ എട്ടുപതിപ്പിലും ഇന്ത്യക്ക് കിരീടം സാധ്യമായില്ല. 2020ൽ റണ്ണറപ്പായതാണ് വലിയനേട്ടം. കഴിഞ്ഞതവണ സെമിയിൽ മടങ്ങി. ടീമിൽ രണ്ടു മലയാളികളുണ്ട്. ഓൾറൗണ്ടർ സജന സജീവനും സ്‌പിന്നർ ആശ ശോഭനയും. നാളെ വെസ്‌റ്റിൻഡീസുമായും ഒക്‌ടോബർ ഒന്നിന് ദക്ഷിണാഫ്രിക്കയുമായും സന്നാഹമത്സരമുണ്ട്.
പത്ത് ടീമുകൾ രണ്ട് ഗ്രൂപ്പായി തിരിഞ്ഞാണ് മത്സരം. ഇന്ത്യ ഉൾപ്പെട്ട എ ഗ്രൂപ്പിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയ, പാകിസ്ഥാൻ, ന്യൂസിലൻഡ്, ശ്രീലങ്ക ടീമുകളുണ്ട്. ഒക്‌ടോബർ മൂന്നിന് ബംഗ്ലാദേശും സ്‌കോട്‌ലൻഡും തമ്മിലാണ് ആദ്യകളി. പാകിസ്ഥാൻ ശ്രീലങ്കയെയും നേരിടും. ഇന്ത്യ നാലിന് ന്യൂസിലൻഡിനെ നേരിടും. ആറിന് പാകിസ്ഥാനുമായും ഒമ്പതിന് ലങ്കയുമായും ഏറ്റുമുട്ടും. 13ന് ഓസ്‌ട്രേലിയയുമായാണ് കളി. ബി ഗ്രൂപ്പിൽ വിൻഡീസ്, സ്‌കോട്‌ലൻഡ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകളുണ്ട്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിലെത്തും. 17നും 18നുമാണ് സെമി. 20ന് ഫൈനൽ.
എട്ട് പതിപ്പിൽ ആറുതവണയും ഓസീസ് ജേതാക്കളായതാണ് ചരിത്രം. 2009ലെ ആദ്യ ലോകകപ്പിൽ ഇംഗ്ലണ്ട് ചാമ്പ്യൻമാരായിരുന്നു. 2016ൽ വിൻഡീസിന് കപ്പ് കിട്ടി. കഴിഞ്ഞ മൂന്നുതവണയും ഓസീസ് ആധിപത്യം നിലനിർത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..