08 October Tuesday
റൺനിരക്കിലെ കുറവ് തിരിച്ചടി , ക്യാപ്റ്റൻ ഹർമൻപ്രീത് നാളെ കളിക്കുമെന്ന് ഉറപ്പില്ല

വേഗം പോരാ... ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

image credit bcci facebook

 

ദുബായ്‌
വനിതാ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്ത്യയുടെ സെമി സാധ്യത മങ്ങലിലാണ്‌. നാളെ ശ്രീലങ്കയുമായുള്ള കളിയിൽ വമ്പൻ ജയം കിട്ടിയില്ലെങ്കിൽ കാര്യങ്ങൾ അപകടത്തിലാകും. അവസാനകളിയിൽ ഓസ്‌ട്രേലിയയാണ്‌ എതിരാളി. ഗ്രൂപ്പിൽനിന്ന്‌ രണ്ടു ടീമുകളാണ്‌ സെമിയിലേക്ക്‌ കടക്കുക. ഇന്ത്യ നാലാംസ്ഥാനത്താണ്‌. മോശം റൺനിരക്കും തിരിച്ചടിയാണ്‌. ആദ്യകളിയിൽ ന്യൂസിലൻഡിനോടുള്ള കൂറ്റൻ തോൽവിയും രണ്ടാംമത്സരത്തിൽ പാകിസ്ഥാനെതിരായ മങ്ങിയ ജയവും ടീമിന്റെ മുന്നേറ്റത്തെക്കുറിച്ച്‌ ആശങ്കയുണ്ടാക്കുന്നതാണ്‌. ആക്രമണോത്സുകതയില്ലാതെയാണ്‌ ഹർമൻപ്രീത്‌ കൗറും കളിക്കുന്നത്‌. അതിന്റെ ഫലമാണ്‌ റൺനിരക്കിലെ വീഴ്‌ച. മൈനസ്‌ ഒന്നാണ്‌ റൺ നിരക്ക്‌.

പാകിസ്ഥാനെതിരെ അതീവ ശ്രദ്ധയോടെയായിരുന്നു ബാറ്റ്‌ വീശിയത്‌. 16–-ാം ഓവറിൽ ജമീമ റോഡ്രിഗസും റിച്ചാ ഘോഷും തുടർച്ചയായ പന്തുകളിൽ പുറത്താകുമ്പോൾ 27 പന്തിൽ 26 റൺ മതിയായിരുന്നു ഇന്ത്യക്ക്‌. എന്നാൽ, വേഗത്തിൽ റണ്ണടിച്ച്‌ ജയിക്കാനല്ല ടീം ശ്രമിച്ചത്‌. സമ്മർദത്തോടെ ബാറ്റ്‌ വീശി, ഒടുവിൽ 18.5–-ാം ഓവറിലാണ്‌ ജയം നേടുന്നത്‌.

മലയാളിതാരം എസ്‌ സജന നേരിട്ട ആദ്യപന്തിൽ ഫോർ പായിച്ചതോടെ കളി അവസാന ഓവറിലേക്ക്‌ നീണ്ടില്ല.പൂജ വസ്‌ത്രാക്കർക്ക്‌ പകരമാണ്‌ സജന ടീമിൽ ഇടംപിടിച്ചത്‌. കൂറ്റനടികൾക്ക്‌ കെൽപ്പുള്ള സജന, ക്യാപ്‌റ്റൻ ഹർമൻപ്രീതിന്‌ പരിക്കേറ്റതിനാൽമാത്രമാണ്‌ ബാറ്റ്‌ ചെയ്യാനെത്തിയത്‌. ജമീമയും റിച്ചയും മടങ്ങിയപ്പോൾ ദീപ്‌തി ശർമയെയാണ്‌ കൊണ്ടുവന്നത്‌. ദീപ്‌തി ഒറ്റ ഫോർ പായിച്ചില്ല. നേടിയത്‌ 8 പന്തിൽ 7 റൺ.

ചെറിയ ലക്ഷ്യമായിട്ടും ഈ ബാറ്റിങ്‌ രീതി പുറത്തെടുത്തതിൽ വലിയ വിമർശമുണ്ട്‌. പവർ പ്ലേയിൽ ഒരു ബൗണ്ടറിപോലുമുണ്ടായില്ല. ഓപ്പണർമാരായ സ്‌മൃതി മന്ദാനയും ഷഫാലി വർമയും ആദ്യ ഓവറുകളിൽ റൺ കണ്ടെത്താനാകാതെ വലഞ്ഞു. ക്യാപ്‌റ്റൻ ഹർമൻപ്രീതിനും വേഗത്തിൽ റണ്ണടിക്കാനാകുന്നില്ല. ലങ്കയ്‌ക്കെതിരെയും എളുപ്പമാകില്ല കാര്യങ്ങൾ. ഏഷ്യാ കപ്പിൽ ഇന്ത്യയെ തോൽപ്പിച്ചായിരുന്നു ലങ്ക ചാമ്പ്യൻമാരായത്‌. അതിനിടെ, പരിക്കേറ്റ ഹർമൻപ്രീത്‌ ലങ്കയ്‌ക്കെതിരെ കളിക്കുമെന്ന്‌ ഉറപ്പില്ല. ക്യാപ്‌റ്റൻ കളിച്ചില്ലെങ്കിൽ യസ്‌തിക ഭാട്ടിയ ഇറങ്ങിയേക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top