ദുബായ്
തോൽവിയിലും മോശം റൺനിരക്കിലും വശംകെട്ടുനിൽക്കുന്ന ഇന്ത്യക്ക് ഇന്ന് ശ്രീലങ്കയുടെ വെല്ലുവിളി. വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ രണ്ട് മത്സരം പൂർത്തിയായപ്പോൾ ഗ്രൂപ്പിൽ നാലാംസ്ഥാനത്താണ് ഇന്ത്യ. ലങ്കയ്‌ക്കെതിരെ വലിയ വ്യത്യാസത്തിൽ ജയിച്ചാൽ മാത്രമെ സെമി സാധ്യത നിലനിർത്താനാകൂ. രാത്രി ഏഴരയ്‌ക്കാണ് മത്സരം.
ആദ്യകളിയിൽ ന്യൂസിലൻഡിനോട് തകർന്നടിഞ്ഞ ഹർമൻപ്രീത് കൗറിന്റെ സംഘം പാകിസ്ഥാനെ ആറ് വിക്കറ്റിന് കീഴടക്കിയാണ് തിരിച്ചുവന്നത്. പാകിസ്ഥാനുമായുള്ള കളിക്കിടെ പരിക്കേറ്റ ഹർമൻപ്രീത് ഇന്ന് കളിക്കുമെന്ന് ഉറപ്പില്ല. മറുവശത്ത് കളിച്ച രണ്ട് കളിയും തോറ്റ ലങ്ക അവസാനസ്ഥാനത്താണ്. അവരുടെ സെമി സാധ്യതകൾ ഏറെക്കുറെ അവസാനിച്ചുകഴിഞ്ഞു.ലങ്കയ്‌ക്കെതിരെ മികച്ച റെക്കോഡാണുള്ളത്. 19 കളിയിൽ ജയിച്ചപ്പോൾ തോറ്റത് അഞ്ചിൽ മാത്രം. എന്നാൽ, അഞ്ച് തോൽവികൾ അടുത്തകാലത്ത് സംഭവിച്ചതാണ്. അതിലെ അവസാന തോൽവി ഏഷ്യാ കപ്പിലും. ജൂലൈയിൽ നടന്ന ഏഷ്യാ കപ്പിൽ ഇന്ത്യയെ തകർത്തായിരുന്നു ലങ്ക ചാമ്പ്യൻമാരായത്.
പാകിസ്ഥാനെതിരായ ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനം മോശമായിരുന്നു. 105 റൺ ലക്ഷ്യം മറികടക്കാൻ 19–-ാംഓവർവരെ കാത്തിരിക്കേണ്ടിവന്നു. അതിനാൽ ലങ്കയുമായുള്ള കളിയിൽ വേഗത്തിൽ റണ്ണടിക്കാനായിരിക്കും ശ്രമം. ഓപ്പണർമാരുടെ മെല്ലെപ്പോക്കാണ് തിരിച്ചടി. വൈസ് ക്യാപ്‌റ്റനും പ്രധാന ബാറ്ററുമായ സ്‌മൃതി മന്ദാന രണ്ട് കളിയിലും മങ്ങിപ്പോയി. ലങ്കയ്‌ക്കെതിരെ മികച്ച റെക്കോഡുമില്ല ഇടംകൈ ബാറ്റർക്ക്. ജമീമ റോഡ്രിഗസും റിച്ചാ ഘോഷും അവസരത്തിനൊത്ത് ഉയരുന്നില്ല.
ബൗളർമാരിൽ മലയാളിതാരം ആശ ശോഭനയും ശ്രേയങ്ക പാട്ടീലും മാത്രമാണ് സ്ഥിരതയോടെ പന്തെറിയുന്നവർ. ദീപ്‌തി ശർമ താളംകണ്ടെത്താത്തതാണ് തിരിച്ചടി. പേസർ രേണുക സിങ് മികച്ച തുടക്കമാണ് നൽകുക. പാകിസ്ഥാനെതിരെ കളിയിലെ താരമായി തെരഞ്ഞെടുത്ത അരുന്ധതി റെഡ്ഡി പ്രതീഷ നൽകുന്ന ബൗളറാണ്. സ്‌പിൻ വിഭാഗത്തെ നയിക്കുന്ന ദീപ്‌തി ശർമ മങ്ങിയതാണ് തിരിച്ചടിക്കുള്ള പ്രധാന കാരണം. ബാറ്റിലും മികവില്ല.
പൂജാ വസ്‌ത്രാക്കർക്ക് പരിക്കേറ്റതിനാൽ കഴിഞ്ഞകളിയിൽ അവസരം കിട്ടിയ എസ് സജന ഇന്നും കളിക്കാനാണ് സാധ്യത. പാകിസ്ഥാനോട് നേരിട്ട ആദ്യപന്ത് ഫോർ പായിച്ചാണ് മലയാളിതാരം ജയംകുറിച്ചത്. ലങ്കയ്‌ക്ക് ക്യാപ്‌റ്റൻ ചമാരി അത്തപ്പത്തുവാണ് കരുത്ത്. പാകിസ്ഥാനോട് തോറ്റത് ലങ്കയ്‌ക്ക് ക്ഷീണമായി. ഓസ്‌ട്രേലിയയോട് പൊരുതിനിൽക്കാനായില്ല. ഇന്ന് മറ്റൊരു മത്സരത്തിൽ ദക്ഷിണാഫ്രിക്ക സ്‌കോട്‌ലൻഡിനെ നേരിടും. അവസാനകളിയിൽ ഇംഗ്ലണ്ടിനോട് തോറ്റ ദക്ഷിണാഫ്രിക്കയ്‌ക്ക് ഇന്ന് ജയം അനിവാര്യമാണ്.
ഓസീസ് മുന്നോട്ട്
ന്യൂസിലൻഡിനെ തകർത്ത് വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയ മുന്നോട്ട്. രണ്ടാംജയത്തോടെ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി. 60 റണ്ണിനാണ് ജയം.
ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 148 റണ്ണാണെടുത്തത്. മറുപടിക്കെത്തിയ ന്യൂസിലൻഡ് തകർന്നു. 19.2 ഓവറിൽ 88 റണ്ണിന് പുറത്തായി.
ബെത് മൂണി (32 പന്തിൽ 40), എല്ലിസെ പെറി (24 പന്തിൽ 30), ക്യാപ്‌റ്റൻ അലിസ ഹീലി (20 പന്തിൽ 26) എന്നിവരാണ് ബാറ്റിങ് ദുഷ്‌കരമായ പിച്ചിൽ ഓസീസിന് മികച്ച സ്‌കോറൊരുക്കിയത്. ന്യൂസിലൻഡിനായി അമേലിയ കെർ നാല് വിക്കറ്റെടുത്തു.
ന്യൂസിലൻഡിന് പിടിച്ചുനിൽക്കാനായില്ല. അവസാന ഘട്ടത്തിൽ കിവികൾ തകർന്നടിയുകയായിരുന്നു. ഓസീസിനായി മേഗൻ ഷുട്ട് 3.2 ഓവറിൽ ഒരു മെയ്‌ഡൻ ഉൾപ്പെടെ മൂന്ന് റൺ മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. മൂന്ന് വിക്കറ്റുമായി അന്നബേൽ സതേർലൻഡും തിളങ്ങി. ഓസീസ് അടുത്ത കളിയിൽ 11ന് പാകിസ്ഥാനെ നേരിടും. 12ന് ശ്രീലങ്കയുമായാണ് ന്യൂസിലൻഡിന്റെ മത്സരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..