ദുബായ്
മെല്ലെപ്പോക്കിന് പഴികേട്ട ഇന്ത്യൻ ടീം ഒടുവിൽ ഗിയർ മാറ്റി. ട്വന്റി20 വനിതാ ക്രിക്കറ്റ് ലോകകപ്പിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ 82 റണ്ണിന്റെ വമ്പൻ ജയംകുറിച്ചു. ഇതോടെ റൺനിരക്കിൽ കുതിച്ച ഹർമൻപ്രീത് കൗറിന്റെ സംഘം പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 172 റണ്ണാണെടുത്തത്. ഈ ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്‌കോർ. ശ്രീലങ്കയ്‌ക്ക് പിടിച്ചുനിൽക്കാനായില്ല. 19.5 ഓവറിൽ തീർന്നു. മൂന്ന് കളി തോറ്റ ലങ്ക പുറത്തായി. ഇന്ത്യക്കായി ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗർ (27 പന്തിൽ 52) തകർപ്പൻ പ്രകടനം നടത്തി. മലയാളി സ്‌പിന്നർ ആശ ശോഭന മൂന്ന് വിക്കറ്റുമായി തിളങ്ങി. ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണിത്.
സ്‌കോർ: ഇന്ത്യ 172/3; ശ്രീലങ്ക 90 (19.5).
ടോസ് നേടിയ ഇന്ത്യൻ ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗർ രണ്ടാമതൊന്ന് ആലോചിച്ചില്ല. വേഗത്തിൽ റണ്ണടിച്ചുകൂട്ടുകയെന്ന ലക്ഷ്യത്തോടെ ബാറ്റിങ് തെരഞ്ഞെടുത്തു. ആ തീരുമാനം ഒരു ഘട്ടത്തിൽപ്പോലും പാളിയില്ല. ഓപ്പണർമാരായ സ്‌മൃതി മന്ദാനയും ഷഫാലി വർമയും പതുക്കെ തുടങ്ങി, പിന്നെ ആഞ്ഞടിച്ചു. മന്ദാന 38 പന്തിൽ 50 അടിച്ച് മടങ്ങി. ഒരു സിക്‌സറും നാല് ഫോറും പായിച്ച വൈസ് ക്യാപ്‌റ്റൻ റണ്ണൗട്ടായി മടങ്ങുകയായിരുന്നു. ലങ്കൻ ക്യാപ്‌റ്റൻ ചമാരി അത്തപ്പത്തു എറിഞ്ഞ ഓവറിന്റെ അടുത്ത പന്തിൽ ഷഫാലിയും പുറത്തായി. 40 പന്തിൽ 43 റണ്ണെടുത്ത ഷഫാലിയുടെ ഇന്നിങ്‌സിൽ നാല് ഫോർ ഉൾപ്പെട്ടു. ആദ്യവിക്കറ്റിൽ 98 റണ്ണാണ് ഇരുവരും കൂട്ടിച്ചേർത്തത്.
പാകിസ്ഥാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ് തിരിച്ചുകയറിയ ഹർമൻപ്രീത് ലങ്കൻ സ്‌പിന്നർമാർക്കെതിരെ തുടക്കത്തിൽ പതറി. എന്നാൽ, അവസാന ഓവറുകളിൽ അതിവേഗം റണ്ണടിച്ചു. ഒരു സിക്‌സറും എട്ട് ഫോറും പറത്തിയ ക്യാപ്‌റ്റൻ പുറത്തായില്ല. വേഗത്തിലുള്ള അരസെഞ്ചുറിയാണിത്. ട്വന്റി20യിൽ 3500 റണ്ണും പൂർത്തിയാക്കി.
ഇതിനിടെ ജമീമ റോഡ്രിഗസ് 10 പന്തിൽ 16 റണ്ണെടുത്ത് മടങ്ങി. ലങ്ക തകർച്ചയോടെ തുടങ്ങി. ആറ് റണ്ണെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ദ്വീപുകാർക്ക് പിന്നെയൊരു തിരിച്ചുവരവുണ്ടായില്ല. മികച്ച ബൗളിങ്ങിനൊപ്പം ഒന്നാന്തരം ഫീൽഡിങ് പ്രകടനവും ഇന്ത്യ പുറത്തെടുത്തപ്പോൾ ലങ്ക അവസാനിച്ചു. കവിഷ ദിൽഹരിക്കും (22 പന്തിൽ 21) അനുഷ്‌ക സഞ്‌ജീവിനിക്കുമാണ് (22 പന്തിൽ 20) അൽപ്പമെങ്കിലും പിടിച്ചുനിൽക്കാൻ കഴിഞ്ഞത്.
ആശ നാലോവറിൽ 19 റൺ മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റ് നേടിയത്. എറിഞ്ഞ ആദ്യ ഓവറിൽത്തന്നെ വിക്കറ്റെടുത്തു. ലോകകപ്പിൽ മൂന്ന് കളിയിൽ അഞ്ച് വിക്കറ്റായി മുപ്പത്തിമൂന്നുകാരിക്ക്. ആശയ്‌ക്കൊപ്പം മറ്റൊരു മലയാളിതാരം എസ് സജനയും ടീമിലുണ്ട്. ലങ്കയ്‌ക്കെതിരെ അരുന്ധതി റെഡ്ഡിയും മൂന്ന് വിക്കറ്റ് നേടി. രേണുക സിങ് രണ്ടെണ്ണം സ്വന്തമാക്കി. ഗ്രൂപ്പിലെ അവസാന കളിയിൽ 13ന് ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..