ദുബായ്
അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല. നേട്ടങ്ങളൊന്നുമില്ലാതെ വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽനിന്ന് ഇന്ത്യൻ ടീം മടങ്ങി. ആദ്യകളിയിൽ ന്യൂസിലൻഡിനോട് തോറ്റപ്പോൾത്തന്നെ ഹർമൻപ്രീത് കൗറിന്റെയും സംഘത്തിന്റെയും മുന്നോട്ടുപോക്കിൽ സംശയമുണർന്നിരുന്നു. ടീമിൽ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന.ഗ്രൂപ്പിൽ മൂന്നാംസ്ഥാനക്കാരായാണ് മടക്കം. ന്യൂസിലൻഡിനോടും ഓസ്‌ട്രേലിയയോടും തോറ്റു. പാകിസ്ഥാൻ, ശ്രീലങ്ക ടീമുകളെയാണ് തോൽപ്പിക്കാനായത്. അതിൽ പാകിസ്ഥാനോടുള്ള ജയം ആധികാരികമായിരുന്നില്ല.കഴിഞ്ഞപതിപ്പിൽ ഒന്നാന്തരം പ്രകടനത്തോടെയാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. സെമിയിൽ അഞ്ച് റണ്ണിനാണ് ഓസീസിനോട് തോറ്റത്. ഓസീസ് ചാമ്പ്യൻമാരാകുകയും ചെയ്‌തു.
ഇക്കുറി ടീമിൽ വലിയ മാറ്റങ്ങളുണ്ടായില്ല. പക്ഷേ, പ്രകടനം മങ്ങി. പരിശീലകൻ അമോൽ മുജുംദാറിന്റെ പരീക്ഷണങ്ങൾ പാളുന്നതാണ് കണ്ടത്. കഴിഞ്ഞ ഡിസംബറിൽ സ്ഥാനമേറ്റ അമോൽ ബാറ്റിങ് നിരയിൽ നിരവധി മാറ്റങ്ങൾ നടത്തിയിരുന്നു. മൂന്നാംനമ്പറിൽ ആറ് കളിക്കാരെയാണ് പരീക്ഷിച്ചത്. ഒടുവിൽ ഹർമൻപ്രീത് കൗറിനെത്തന്നെ മൂന്നാംനമ്പറിൽ ഇറക്കി. ജമീമ റോഡ്രിഗസായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. സ്‌പിന്നർമാരെ കൃത്യമായി കൈകാര്യം ചെയ്യാനുള്ള മികവാണ് ജമീമയെ നാലാംനമ്പറിലേക്ക് മാറ്റാനുള്ള കാരണം.
മൂന്നാംനമ്പറിൽ ക്യാപ്‌റ്റന്റെ പ്രകടനം മെച്ചമായിരുന്നില്ല. 2022 മുതൽ 84 ഇന്നിങ്‌സ് കളിച്ചപ്പോൾ പ്രഹരശേഷി 94.07 മാത്രമായിരുന്നു. ന്യൂസിലൻഡുമായുള്ള കളിയിൽ ഹർമൻപ്രീത് പരാജയപ്പെട്ടതോടെ തന്ത്രം വീണ്ടും മാറ്റി. ജമീമ മൂന്നാംനമ്പറിലെത്തി. ഓസീസുമായുള്ള നിർണായക കളിയിൽ ഈ നീക്കം തിരിച്ചടിയായി. മധ്യ ഓവറുകളിൽ ഓസീസ് സ്‌പിന്നർമാർ കളി പിടിച്ചപ്പോൾ ജമീമയെപ്പോലുള്ള ഒരു ബാറ്ററുടെ അഭാവം നിഴലിച്ചു. മൂന്നാംനമ്പറിൽ ഇറങ്ങിയ ഈ വലംകൈ ബാറ്റർ ഏഴാം ഓവറിൽ പുറത്തായി. 12 പന്തിൽ 16 റണ്ണെടുത്തായിരുന്നു മടക്കം.
ഓപ്പണറും വൈസ് ക്യാപ്‌റ്റനുമായ സ്‌മൃതി മന്ദാനയുടെ മോശം പ്രകടനം മറ്റൊരു തിരിച്ചടിയായി. ഒരു അർധസെഞ്ചുറി മാത്രമാണ് സമ്പാദ്യം. 12, 7, 6 എന്നിങ്ങനെയാണ് മറ്റു സ്‌കോറുകൾ. പാകിസ്ഥാനെതിരായ മത്സരത്തിൽ റൺനിരക്ക് കൂട്ടാനുള്ള അവസരത്തിൽ എസ് സജനയ്‌ക്ക് മുമ്പ് ദീപ്‌തി ശർമയെ ഇറക്കിയത് ടീം മാനേജ്‌മെന്റിന്റെ മറ്റൊരു മോശം തീരുമാനമായി.
വിക്കറ്റ് കീപ്പർ റിച്ചാ ഘോഷിനും തിളങ്ങാനായില്ല. ഓസീസിനെതിരെ അനാവശ്യ റണ്ണിനോടി പുറത്തായി. അവസാന ഓവറിൽ 14 റൺ വേണ്ടിയിരിക്കെ സിംഗിൾ എടുത്ത് സ്‌ട്രൈക്ക് കൈമാറിയ ഹർമൻപ്രീതിന്റെ തീരുമാനവും ഞെട്ടിക്കുന്നതായിരുന്നു. മൂന്ന് കളിയിൽ 13 റൺ വേണ്ടഘട്ടത്തിലും ഒമ്പതാംനമ്പർ ബാറ്റർ ശ്രേയങ്ക പട്ടീലിന് സ്‌ട്രൈക്ക് കൈമാറുകയായിരുന്നു. കളിക്കാരുടെ ശാരീരികക്ഷമതയും ചർച്ചയായി. മികച്ചരീതിയിൽ പന്തെറിഞ്ഞ മലയാളി സ്‌പിന്നർ ആശ ശോഭനയ്‌ക്ക് ഓസീസുമായുള്ള കളിക്ക് തൊട്ടുമുമ്പാണ് പരിക്കേറ്റത്. ഏഴ് വർഷമായി ഹർമൻപ്രീത് ക്യാപ്‌റ്റൻ സ്ഥാനത്ത്. പകരം മന്ദാനയെത്തുമെന്നാണ് സൂചന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..