സിംഗപ്പുർ
തിരിച്ചടികളിൽനിന്ന് പാഠം ഉൾക്കൊണ്ട് ഡി ഗുകേഷിന്റെ മടങ്ങിവരവ്. ലോക ചെസ് ചാമ്പ്യൻഷിപ്പിലെ രണ്ടാംറൗണ്ടിൽ ചൈനയുടെ ഡിങ് ലിറെനെ തളച്ച് ഇന്ത്യൻ താരം തിരിച്ചെത്തി. ആദ്യ റൗണ്ടിൽ തോൽവി ഏറ്റുവാങ്ങിയശേഷമാണ് കൗമാരക്കാരന്റെ തിരിച്ചുവരവ്. ഇതോടെ ഡിങ്ങിന് ഒന്നര പോയിന്റും ഗുകേഷിന് അര പോയിന്റുമായി. മൂന്നാംറൗണ്ട് ഇന്ന് നടക്കും. ശേഷം ഇടവേള. 14 റൗണ്ട് മത്സരങ്ങളാണ്. ആദ്യം ഏഴര പോയിന്റ് നേടുന്നവർ ലോക ചാമ്പ്യനാകും.
സിംഗപ്പുരിലെ വേൾഡ് സെന്റോസ റിസോർട്ടിൽ നടക്കുന്ന പോരിൽ രണ്ടാംദിനം കറുത്ത കരുക്കളുമായാണ് ഗുകേഷ് ചതുരംഗ കളത്തിൽ എത്തിയത്. ആദ്യകളിയിലെ തോൽവി ഉൾക്കൊണ്ട് വ്യക്തമായ പദ്ധതികളുണ്ടായിരുന്നു. അമിതാവേശം കാട്ടിയില്ല. എതിരാളിയുടെ പിഴവിനായി കാത്തിരുന്നു. ഇറ്റാലിയൻ ഗെയിമിലൂടെയാണ് ഇരുവരും തുടങ്ങിയത്. 23 നീക്കങ്ങൾക്കുശേഷം സമനില സമ്മതിക്കുകയായിരുന്നു. ‘ഈ പ്രകടനത്തിൽ തൃപ്തനാണ്. എതിരാളിക്ക് ഒരവസരവും നൽകിയില്ല. മത്സരങ്ങൾ ഇനിയും ബാക്കിയാണ്. ജയം സ്വന്തമാക്കാനാകുമെന്നാണ് പ്രതീക്ഷ’–-മത്സരശേഷം ഗുകേഷ് പ്രതികരിച്ചു.
ഡിങ്ങും തിടുക്കം കാട്ടിയില്ല. രണ്ടാംറൗണ്ടിലെ പ്രകടനത്തിൽ സംതൃപ്‌തനാണെന്നായിരുന്നു മുപ്പത്തിരണ്ടുകാരന്റെ പ്രതികരണം. വിശ്വനാഥൻ ആനന്ദിനുശേഷം ലോകചാമ്പ്യനാകുന്ന ആദ്യ ഇന്ത്യക്കാരനാകാനുള്ള ശ്രമത്തിലാണ് ഗുകേഷ്. ലോകചാമ്പ്യൻ പട്ടത്തിനായി മത്സരിക്കുന്ന പ്രായംകുറഞ്ഞ താരവുമാണ് ഈ പതിനെട്ടുകാരൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..