ദൊമ്മരാജു ഗുകേഷ് എന്ന പതിനെട്ടുകാരൻ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുന്നു. ഗാരി കാസ്‌പറോവ് എന്ന ഇതിഹാസതാരം ഇരുപത്തിരണ്ടാം വയസ്സിൽ സ്വന്തമാക്കിയ ലോക ചെസ് കിരീടനേട്ടത്തിന്റെ സർവകാല റെക്കോഡാണ് ഇന്ത്യൻ ബാലൻ പൊളിച്ചെഴുതിയത്. തന്റെ പ്രഥമ ലോക ചാമ്പ്യൻഷിപ് ഗെയിമിൽ പരാജയപ്പെട്ടശേഷമാണ് ഗുകേഷ് ലോക ചെസ് സിംഹാസനം സ്വന്തമാക്കിയതെന്നത് നേട്ടത്തിന്റെ ശോഭ വർധിപ്പിക്കുന്നു.
ചാമ്പ്യൻഷിപ്പിന്റെ 14 ഗെയിമുകളിലും നിർഭയത്വമായിരുന്നു മുഖമുദ്ര. മേൽക്കൈ ലഭിച്ച പൊസിഷനുകളിലും തുല്യാവസ്ഥകളിലും എന്തിന് തന്റെ പ്രതിയോഗി നേരിയ മേൽക്കൈ അനുഭവിച്ച പൊസിഷനുകളിൽപ്പോലും സമനിലകളുടെ പാത തെരഞ്ഞെടുക്കാതെ, ജയത്തിനായി പൊരുതി എന്നത് ഒരു യഥാർഥ ചാമ്പ്യന്റെ ലക്ഷണമാണ്.
വ്യക്തിപരമായി മാനസിക പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന ഡിങ് ലിറെൻ മികച്ച കരുനീക്കങ്ങളും ഉജ്വല പ്രതിരോധവും കണ്ടെത്തിയതിന് വലിയ അഭിനന്ദനം അർഹിക്കുന്നു. വലിയ ഊർജത്തോടെ പുത്തൻ ഓപ്പണിങ്ങ് ആശയങ്ങൾ കളിക്കളത്തിലിറക്കിയ ഗുകേഷിനെ അസാമാന്യ മികവോടെയാണ് അദ്ദേഹം നേരിട്ടത്.
പതിമൂന്നാം ഗെയിമിൽ മനോഹരമായി കളിച്ച് വിജയത്തിന്റെ വക്കോളം എത്തിയ ഗുകേഷ് ഒരൊറ്റ പിഴവ് വരുത്തി ജയം കളഞ്ഞുകുളിച്ചു. പതിനാലാം ഗെയിമിൽ സമനില മാത്രമുള്ള പൊസിഷനിൽ ഒരൊറ്റ അബദ്ധംമാത്രം നടത്തി ഡിങ് സമനിലയും കിരീടവും നഷ്ടപ്പെടുത്തി. ഇതെല്ലാം സ്‌പോർട്സിന്റെ ഭാഗമാണ്.
പ്രായത്തിൽ കവിഞ്ഞ പക്വതയും വിനയവും എന്നാൽ, അസാമാന്യമായ ഇച്ഛാശക്തിയും അപാര പോരാട്ടവീര്യവുമുള്ള മാതൃകാ സ്‌പോർട്‌സ്‌മാനാണ് ഗുകേഷ്. കിരീട ജയത്തിനുശേഷം അദ്ദേഹം ഡിങ് ലിറെനെക്കുറിച്ച് പറഞ്ഞ ഉദാത്തമായ വാക്കുകൾ ഇതിന് ദൃഷ്ടാന്തമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..