സിംഗപ്പുർ
എല്ലാ പ്രവചനങ്ങളും കാറ്റിൽപ്പറത്തി ഡിങ് ലിറെൻ. ലോക ചെസ് ചാമ്പ്യൻപട്ടം തേടിയിറങ്ങിയ ഇന്ത്യയുടെ പതിനെട്ടുകാരൻ ഡി ഗുകേഷിനെ കളി പഠിപ്പിച്ച് കരുത്തുകാട്ടി. ലോക ചെസ് ചാമ്പ്യൻഷിപ്പിലെ ആദ്യ റൗണ്ടിൽ ആധികാരികമായി ഡിങ് ജയിച്ചു. സിംഗപ്പുരിലെ വേൾഡ് സെന്റോസ റിസോർട്ടിൽ നടന്ന ആദ്യ റൗണ്ടിൽ 42 നീക്കങ്ങൾക്കൊടുവിൽ ഗുകേഷ് പിൻമാറി. മോശം ഫോമും രാജ്യാന്തരവേദിയിലെ പിൻമാറ്റങ്ങളും കാരണം നിലവിലെ ലോകചാമ്പ്യനായ ഡിങ് ഗുകേഷിനെതിരെ വിയർക്കുമെന്നായിരുന്നു എല്ലാ പ്രവചനങ്ങളും. എന്നാൽ, പരിചയസമ്പത്ത് കരുത്താക്കി ചൈനീസ് താരം എതിരാളിയെ ശ്വാസംമുട്ടിച്ചു. 304 ദിവസങ്ങൾക്കുശേഷമാണ് ഡിങ് ജയം നേടുന്നത്.
അവിശ്വസനീയ തിരിച്ചുവരവുകളുടെ ചരിത്രമുള്ള ഡിങ് ഇത്തവണയും അതാവർത്തിച്ചു. പ്രതിരോധത്തിലൂന്നിയുള്ള കരുനീക്കത്തിൽ ഗുകേഷ് കുരുങ്ങി. ഈ തമിഴ്‌നാടുകാരന് സ്വതസിദ്ധമായ ശൈലി പുറത്തെടുക്കാനായില്ല. ഇതോടെ തോൽവി സമ്മതിക്കുകയായിരുന്നു. ലോകചാമ്പ്യൻഷിപ്പിൽ 14 റൗണ്ട് മത്സരങ്ങളാണ് ആകെ. ആദ്യം ഏഴര പോയിന്റ് നേടുന്നവർ ചാമ്പ്യനാകും. രണ്ടാംറൗണ്ട് ഇന്ന് നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..