സിംഗപ്പുർ
ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ കൗമാരതാരം ഡി ഗുകേഷിന്റെ ഗംഭീര തിരിച്ചുവരവ്. മൂന്നാംറൗണ്ടിൽ നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറെനെ നിഷ്‌പ്രഭനാക്കി ഗുകേഷ് ജയംകുറിച്ചു. ഇതോടെ ഇരുവർക്കും 1.5 പോയിന്റ് വീതമായി. നാലാംറൗണ്ട് നാളെ നടക്കും. ആകെ 14 റൗണ്ടുകളാണ്.
ആദ്യറൗണ്ടിൽ തോൽവി വഴങ്ങിയ ഗുകേഷ് രണ്ടാംറൗണ്ടിൽ ചൈനീസ് താരത്തെ സമനിലയിൽ പിടിച്ചിരുന്നു. മൂന്നാംറൗണ്ടിൽ പതിനെട്ടുകാരൻ ഗംഭീരമായി കളംപിടിച്ചു. തന്നെക്കാൾ പതിൻമടങ്ങ് പരിചയസമ്പത്തുള്ള ഡിങ്ങിനെ നിഷ്‌പ്രഭനാക്കിയായിരുന്നു ഗുകേഷ് മിന്നിയത്. 37 നീക്കത്തിൽ ജയംകണ്ടു. ചാമ്പ്യൻഷിപ്പിൽ പതിനെട്ടുകാരന്റെ നിർണായക ജയമായി ഇത്. വെള്ളക്കരുക്കളുമായി ഇറങ്ങിയ ഗുകേഷ് ആദ്യഘട്ടത്തിൽത്തന്നെ ആക്രമണനീക്കങ്ങൾ നടത്തി. പലപ്പോഴും ചടുലമായ നീക്കങ്ങൾകൊണ്ട് എതിരാളിയെ സമ്മർദത്തിലാക്കി.
പതിമൂന്നാം നീക്കത്തിൽത്തന്നെ ഗുകേഷ് കളിയിൽ നിയന്ത്രണം നേടി. ഒരു മണിക്കൂർ തികയുമ്പോഴേക്കും ലീഡ്. നാല് മിനിറ്റിലായിരുന്നു നീക്കം. മറുവശത്ത് ഡിങ് ഒരു മണിക്കൂർ ആറ് മിനിറ്റ് എടുത്തു. കൂടുതൽ സമയം ചെലവിട്ട ഡിങ്ങിന് നീക്കങ്ങൾ പിഴച്ചു. സമ്മർദത്തിന് അടിപ്പെട്ടു. അവസാന ഒമ്പത് നീക്കത്തിന് രണ്ട് മിനിറ്റ് മാത്രമാണ് കിട്ടിയത്. ആറ് നീക്കത്തിന് പത്തിൽ താഴെ സെക്കൻഡും. ഇതോടെ ചാമ്പ്യന്റെ പ്രതീക്ഷകൾ അവസാനിച്ചു.
‘ഞാൻ സന്തുഷ്‌ടവാനാണ്. പ്രത്യേകിച്ചും കഴിഞ്ഞ രണ്ട് ദിവസത്തെ പ്രകടനങ്ങളിൽ. ആദ്യകളിയിൽ സമ്മർദമുണ്ടായിരുന്നു. പിന്നെ അത് മാറി. കളി മെച്ചപ്പെട്ടു. എതിരാളിയെ എല്ലാ തരത്തിലും നിഷ്‌പ്രഭനാക്കാൻ മൂന്നാംറൗണ്ടിൽ കഴിഞ്ഞു’ –- മത്സരശേഷം ഗുകേഷ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..