ലോക ചെസ് ചാമ്പ്യൻഷിപ് മത്സരങ്ങളുടെ ആദ്യ മൂന്ന് ഗെയിമുകൾ പിന്നിട്ടതോടെ ജയസാധ്യതകളുടെ തുലാസ് നേരിയ തോതിൽ ഇന്ത്യൻ യുവതാരം ഡി ഗുകേഷിന് അനുകൂലമായി ചരിഞ്ഞിരിക്കുന്നു. ആദ്യകളി ചൈനയുടെ ഡിങ് ലിറെൻ ജയിച്ചു. രണ്ടാമത്തേത് സമനിലയായി. മൂന്നാംഗെയിം ജയിച്ച് ഗുകേഷ് ശക്തമായ തിരിച്ചുവരവ് നടത്തി. ഒരുദിവസത്തെ വിശ്രമത്തിനുശേഷം ഇന്ന് നാലാംഗെയിം തുടങ്ങുമ്പോൾ ഇന്ത്യൻ പ്രതീക്ഷ വാനോളമുയരുന്നു.
മനശ്ശാസ്ത്രപരം
സ്വയം സന്ദേഹത്തിന്റെ ദുർഘടഘട്ടത്തിലൂടെ കടന്നുപോയിരുന്ന ഡിങ് ലിറെൻ കുറെക്കൂടി മെച്ചപ്പെട്ട മനോനില കൈവരിച്ചാണ് ആദ്യഗെയിമിന് എത്തിയത്. മാനസികമായ ശാന്തത തനിക്ക് അനുഭവപ്പെടുന്നു എന്നാണദ്ദേഹം മത്സരത്തലേന്ന് പ്രസ്താവിച്ചത്. പ്രഥമ ലോക ചാമ്പ്യൻഷിപ്പിനെത്തിയ ഗുകേഷ് ചെറിയ ആന്തരികപ്രക്ഷുബ്ധതയുടെ അവസ്ഥയിലായിരുന്നു. ആദ്യ ഗെയിമിന്റെ ഫലത്തെ ഇത് കുറച്ചെങ്കിലും സ്വാധീനിച്ചു.
പക്ഷേ, രണ്ടാംഗെയിമിൽ ഗുകേഷ് മാനസികമായ കരുത്തും ശാന്തതയും കൈവരിക്കുകയും അൽപ്പം ദുഷ്കരമായ പൊസിഷനിൽ ശരിയായ കരുനീക്കങ്ങൾ കണ്ടെത്തുകയും ചെയ്തു. കറുത്ത കരുക്കളെടുത്ത് സമനില കൈവരിച്ചു. ഡിങ്ങാകട്ടെ കളിയിൽ ചെറിയ മേൽക്കൈ ലഭിച്ചിട്ടും ജയിക്കാനായി കഠിനശ്രമം നടത്തിയില്ലെന്നത് ആത്മവിശ്വാസക്കുറവിന്റെ സൂചനയായി. മൂന്നാംഗെയിമിൽ നേരിയ മികവ് കിട്ടിയ ഗുകേഷ് പിന്നീട് ഓപ്പറേഷൻ തിയറ്ററിൽ ഒരു സർജൻ പ്രദർശിപ്പിക്കുന്ന ക്ലിനിക്കൽ കൃത്യതയോടെയാണ് ഡിങ്ങിന്റെ പൊസിഷനുമേൽ ഓപ്പറേഷൻ നടത്തി ജയം കൈവരിച്ചത്.
സമയക്കുറവ്
ഒന്നാംഗെയിമിലും മൂന്നാംഗെയിമിലും സമയക്കുറവാണ് കളിക്കാരെ തോൽവിയിലേക്ക് നയിച്ചത്. ഇൻക്രിമെന്റ് ഇല്ലാത്ത സമയക്രമം ആയതിനാൽ ശേഷിക്കുന്ന ഗെയിമുകളിൽ ഇരുകളിക്കാരും സമയക്കുറവിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും.
സൈദ്ധാന്തിക ഘടകം
അപ്രതീക്ഷിത പ്രാരംഭനീക്കങ്ങൾ നടത്തിയും സൈദ്ധാന്തിക നൂതനാശയങ്ങൾ (തിയററ്റിക്കൽ നോവൽറ്റികൾ) പുറത്തിറക്കിയും പ്രതിയോഗികളുടെ താളംതെറ്റിക്കാനായി മൂന്നു ഗെയിമുകളിലും ഡിങ്ങും ഗുകേഷും കിണഞ്ഞുശ്രമിക്കുകയുണ്ടായി. സൈന്താദ്ധിക രഹസ്യായുധങ്ങൾ ഇനിയും മത്സരവേദിയിൽ പയറ്റപ്പെടും. ഇതിൽ കളിക്കാർക്കപ്പുറം അവരുടെ ടീമംഗങ്ങൾക്കും വലിയ പങ്ക് വഹിക്കാനാകും.
കരുനീക്കതലം
മനസ്സും സമയവും ചെസ് പരിജ്ഞാനവും സൈദ്ധാന്തികമുന്നൊരുക്കങ്ങളും ഇച്ഛാശക്തിയുമെല്ലാം താളലയബോധത്തോടെ സമന്വയിക്കുമ്പോഴാണ് ചെസ് ബോർഡിൽ മികച്ച കരുനീക്കങ്ങൾ പിറവികൊള്ളുന്നത്. ആദ്യഗെയിമിൽ ഗുകേഷിന്റെ ദുർബലനീക്കങ്ങളെ ഡിങ് മികച്ച രീതിയിൽ മുതലെടുത്തെങ്കിലും അദ്ദേഹത്തിന്റെ കണക്കുകൂട്ടലിൽ പ്രകടമായ ചില പിഴവുകൾ സംഭവിച്ചിരുന്നു. പക്ഷേ, രണ്ടാംഗെയിമിലും മൂന്നാംഗെയിമിലും ഗുകേഷിന്റെ കരുനീക്ക കണക്കുകൂട്ടലുകൾ കുറ്റമറ്റവയായിരുന്നു.
ലോക ചാമ്പ്യൻഷിപ് മത്സരങ്ങൾക്കനുസൃതമായ മാനസികനിലയിലേക്ക് ഗുകേഷ് അടുക്കുന്നു എന്നും തന്റെ മുൻകാല മികവ് ഡിങ് പൂർണമായി വീണ്ടെടുത്തിട്ടില്ല എന്നുള്ള സൂചനകളാണ് പൊതുവെ ദൃശ്യമാകുന്നത്. പക്ഷേ, ഈ അവസ്ഥകൾ ഇനിയും മാറിമറിയാനുള്ള സാധ്യതയും നമുക്ക് എഴുതിത്തള്ളാനാകില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..