ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ന് ഏഴാം ഗെയിം. ഇന്ത്യയുടെ ഡി ഗുകേഷിനും ചൈനയുടെ ഡിങ് ലിറെനും മൂന്ന് പോയിന്റ്‌വീതം. എട്ട് റൗണ്ട് ബാക്കിയുണ്ട്. ആദ്യം ഏഴര പോയിന്റ് കിട്ടുന്ന ആൾ ലോക ചാമ്പ്യനാകും. ഒരു ദിവസത്തെ വിശ്രമത്തിനുശേഷം തിരിച്ചെത്തുന്ന കളിക്കാരുടെ മനോനിലയെക്കുറിച്ച് ഒരു അപഗ്രഥനം.
ചെസിനെ രണ്ട് വ്യക്തിത്വങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായി നിർവചിച്ചത് രണ്ടാം ലോക ചാമ്പ്യനായിരുന്ന ഇമാനുവൽ ലാസ്‌കറായിരുന്നു. ഏറ്റവും കായിക സ്വഭാവമുള്ള മത്സരയിനത്തിൽപ്പോലും ജേതാവിനെയും പരാജിതനെയും വേർതിരിക്കുന്നത് വെറും കായികശേഷിയല്ല, ഉയർന്ന ബൗദ്ധികതലവും കഠിനമായ മനക്കരുത്തും തീഷ്‌ണമായ ഇച്ഛാശക്തിയുമാണ്. അപ്പോൾ ബൗദ്ധിക വിനോദമായ ചെസിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.
ചൈനയുടെ ഡിങ് ലിറെൻ 2023ൽ റഷ്യയുടെ ഇയാൻ നിപോംനിഷിക്കെതിരെ ലോകകിരീടപ്പോരാട്ടം നടത്തിയ ദിനങ്ങളിൽ തീവ്രമായ മാനസികപ്രശ്നങ്ങൾ അനുഭവിച്ചിരുന്നതായി പിന്നീടാണ് പുറത്തുവന്നത്. അദ്ദേഹം വിഷാദരോഗത്തിന്റെ അവസ്ഥയിലെത്തിയെന്നും കുറേക്കാലം ചെസിൽനിന്ന് വിട്ടുനിന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. മത്സരവേദികളിലേക്ക് തിരിച്ചെത്തിയിട്ടും പഴയ ഫോം വീണ്ടെടുക്കാനായില്ല. ഇക്കാരണത്താൽ ഡിങ് ലിറെൻ വീണ്ടും ലോക ചാമ്പ്യനാകാനുള്ള സാധ്യത പല വിദഗ്‌ധരും തള്ളിക്കളഞ്ഞു.
പക്ഷേ, സിംഗപ്പുരിൽ ചെസ് സിംഹാസനം നിലനിർത്താനെത്തിയ ഡിങ് പ്രസന്നവദനനായിരുന്നു. മനസ്സിൽ തികഞ്ഞ ശാന്തത അനുഭവപ്പെടുന്നുവെന്നാണ് പത്രപ്രവർത്തകരോട് പ്രതികരിച്ചത്. കളികൾക്കിടയിൽ താരതമ്യേന ശാന്തവും ആത്മവിശ്വാസവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ശരീരഭാഷ. പക്ഷേ, സമയ സമ്മർദത്തിന്റെ നിമിഷങ്ങളിലും പിരിമുറുക്കം അനുഭവപ്പെടുമ്പോഴും മുഖഭാവത്തിലും ശരീരചലനങ്ങളിലും അത് പ്രകടമായി. പഴയ ഡിങ് ലിറെൻ ഇങ്ങനെയായിരുന്നില്ല. ബോർഡിൽ എതുതരം പൊസിഷൻ പ്രത്യക്ഷപ്പെട്ടാലും മനസ്സിനെ ആർക്കും വായിച്ചെടുക്കാൻ പറ്റാത്ത നിർവികാരഭാവത്തോടെ കരുത്തുറ്റ കരുനീക്കങ്ങൾ നടത്തുന്ന കളിക്കാരനായിരുന്നു. രണ്ടും നാലും ആറും ഗെയിമുകളിൽ തനിക്ക് നേരിയ ആനുകൂല്യമുള്ള പൊസിഷനുകൾ ലഭിച്ചിട്ടും അത് പരിപോഷിപ്പിച്ച് വിജയമാക്കി മാറ്റാനുള്ള ശ്രമം ഉണ്ടായില്ല. പ്രതിയോഗിയുടെ പ്രതിരോധശേഷിയെ പരീക്ഷിക്കാൻ തുനിയാതിരുന്ന അദ്ദേഹം സമാധാനപരമായ സമനിലകൾകൊണ്ട് തൃപ്തനായി. ശേഷിക്കുന്ന ഗെയിമുകളിൽ ഇതൊരു പ്രശ്നമായി മാറാനിടയുണ്ട്.
ആറാം ഗെയിമിൽ ഡി ഗുകേഷ് അതിരുകവിഞ്ഞ ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്. എന്തെങ്കിലും ജയസാധ്യതകൾ ഉണ്ടെങ്കിൽ അത് ഡിങ് ലിറെന് മാത്രമായിരുന്ന പൊസിഷനിൽ തനിക്ക് സമ്മാനിക്കപ്പെട്ട സമനിലയുടെ അവസരം തട്ടിത്തെറിപ്പിച്ച് അദ്ദേഹം തുടർന്നു കളിച്ചു. എന്നിട്ട് വളരെ ബുദ്ധിമുട്ടി കളി സമനിലയിലാക്കി. ഡിങ്ങിന്റെ ആത്മവിശ്വാസക്കുറവുപോലെ ആപത്‌കരമാണ് ഗുകേഷിന്റെ അതിരുകവിഞ്ഞ ആത്മവിശ്വാസവും.
ഇരുതാരങ്ങളും തങ്ങളുടെ മനസ്സുകളെ പക്വതയാർന്ന സമചിത്തതയിലേക്ക് കൊണ്ടുവരിക എന്നത് അതിപ്രധാനമാണ്. അതിനോടൊപ്പം സർഗാത്മകമായ കരുനീക്കങ്ങളും സമയത്തിന്റെ ശ്രദ്ധാപൂർവമായ വിനിയോഗവും നിർണായക ഘടകങ്ങളായി മാറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..