സിംഗപ്പുർ
ഒറ്റക്കളി. ഇന്ന് ജയിക്കുന്ന കളിക്കാരൻ ലോക ചെസ് ചാമ്പ്യനാകും. ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ ഡി ഗുകേഷിന് ഏറ്റവും പ്രായംകുറഞ്ഞ ജേതാവാകാം. ചെെനീസ് ഗ്രാൻഡ് മാസ്റ്റർ ഡിങ് ലിറെന് കിരീടം നിലനിർത്താം. പതിമൂന്നാം ഗെയിം സമനിലയിൽ അവസാനിച്ചപ്പോൾ ഇരുവർക്കും ആറര പോയിന്റ് വീതമായി. ഇന്ന് നടക്കുന്ന പതിനാലാം ഗെയിമും സമനിലയെങ്കിൽ നാളെ ടെെബ്രേക്കിൽ വിജയിയെ നിശ്ചയിക്കും.
ഒരുദിവസത്തെ വിശ്രമത്തിനുശേഷമാണ് ഇരുവരും പതിമൂന്നാം ഗെയിമിനെത്തിയത്. വെള്ളക്കരുക്കളുമായി ആക്രമണനീക്കത്തിലായിരുന്നു ഗുകേഷ്. ഡിങ്ങാകട്ടെ പ്രതിരോധക്കോട്ട കെട്ടി. അഞ്ച് മണിക്കൂർ പോരാട്ടം 68 നീക്കത്തിൽ അവസാനിച്ചു. അതിനിടെ രണ്ടുതവണ മുൻതൂക്കം കിട്ടിയെങ്കിലും വിജയത്തിലേക്ക് മുന്നേറാൻ പതിനെട്ടുകാരനായില്ല. ലോകചാമ്പ്യന്റെ കളി കെട്ടഴിച്ച ഡിങ് ആക്രമണത്തേക്കാൾ മൂർച്ചയുള്ള പ്രതിരോധവുമായി ഗുകേഷിനെ പിടിച്ചുകെട്ടി. സമയസമ്മർദത്തിലും കൃത്യതയുള്ള നീക്കങ്ങളായിരുന്നു ഡിങിന്റേത്. അവസാന ഗെയിമിൽ വെള്ളക്കരുക്കളുമായി കളിക്കുന്നതിന്റെ ആനുകൂല്യം ഡിങ്ങിനുണ്ട്. പൂർത്തിയായ 13 ഗെയിമിൽ ഇരുവരും രണ്ട് കളിവീതം ജയിച്ചു. ബാക്കി ഒമ്പതും സമനിലയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..