22 December Sunday

മണത്തറിയും - കഡാവർ നായകൾ

ഡോ. എം ഗംഗാധരൻ നായർUpdated: Sunday Aug 4, 2024

പ്രകൃതിദുരന്തങ്ങളിൽ മണ്ണിനടിയിൽപ്പെട്ടവരെയും മറ്റും കണ്ടെത്താൻ സ്‌നിഫർ ഡോഗു (കഡാവർ നായകൾ)കളെ ലോകത്തെമ്പാടും ഉപയോഗിക്കാറുണ്ട്‌. പ്രത്യേകം പരിശീലനം ലഭിച്ചവയാണ്‌ ഇവ. വയനാട്‌ ഉരുൾപൊട്ടലിൽ പൊലീസും സൈന്യവും ഇവയെ ഉപയോഗിച്ച്‌ നിരവധി പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കഡാവർ നായകൾ ഒരു പ്രത്യേക നായ ജനുസ് അല്ല. നായകളെ പല കാര്യത്തിനായി പരിശീലിപ്പിച്ച് ഉപയോഗിക്കാറുണ്ട്. അതിൽപ്പെട്ട ഒന്നാണ്‌ ഇത്. കൊലപാതകം, മോഷണം എന്നിവ തെളിയിക്കാൻ ട്രാക്കർ നായകൾ, സ്ഫോടകവസ്തുക്കൾ കണ്ടുപിടിക്കാൻ എക്സ്പ്ലോസീവ് സ്നിഫർ, ലഹരിവസ്തുക്കൾ കണ്ടുപിടിക്കാൻ നർക്കോട്ടിക് സ്നിഫർ തുടങ്ങിയവ ഇതിൽപ്പെടുന്നു. ഘ്രാണശക്തിയിൽ മുന്നിൽനിൽക്കുന്ന എല്ലായിനം നായകളെയും ഇതിനായി പരിശീലിപ്പിച്ചെടുക്കുന്നുണ്ട്. ശവശരീരത്തിന്റെ ഭാഗങ്ങൾ, സംയുക്ത കോശങ്ങൾ, രക്തം, എല്ല് തുടങ്ങിയവ മണത്ത് കണ്ടെത്തി കുറ്റകൃത്യങ്ങൾ തെളിയിക്കാനാണ്‌ പ്രധാനമായും ഉപയോഗിക്കുക.
ശവശരീരം ജീർണിക്കുമ്പോൾ 400ൽ അധികം രാസസംയുക്തങ്ങൾ ഉണ്ടാകും. അതിൽ ചീഞ്ഞളിഞ്ഞ ഗന്ധങ്ങൾ വർഷങ്ങളോളം ശരീരം മറവ് ചെയ്‌തിടത്ത്‌ തങ്ങിനിൽക്കും. ഇത്‌ കൃത്യമായി മണത്തെടുക്കാൻ ഇവയ്‌ക്ക്‌ കഴിയും. ഇവയെ ഹ്യൂമൻ റിമെയ്ൻസ് ഡിറ്റക്ഷൻ നായക (HRD)ളെന്നും വിളിക്കും.

അത്്‌ഭുത ഘ്രാണശക്തി

പരിശീലനം ലഭിച്ച കഡാവർ നായകൾക്ക്‌ 15 അടിവരെ ആഴത്തിൽ കുഴിച്ചിട്ടിരിക്കുന്നതും 30 മീറ്റർ ആഴത്തിൽ വെള്ളത്തിലുമുള്ള ശവശരീരങ്ങളുടെ ഗന്ധം ഗ്രഹിക്കാനാകും. വെള്ളത്തിനടിയിൽ അവശിഷ്ടങ്ങൾ, തകർന്ന കെട്ടിടങ്ങൾ, കട്ടിയുള്ള മഞ്ഞ് എന്നിവ കണ്ടെത്താനുമാകും. മൂക്കിൽ 300 ദശലക്ഷത്തിലധികം ഘ്രാണ സെൻസറുകൾ ഉള്ളതിനാൽ നായയുടെ ഗന്ധം തിരിച്ചറിയാനുള്ള ശേഷി ശക്തമാണ്. മനുഷ്യർക്ക് ആറ് ദശലക്ഷം മാത്രമേയുള്ളൂ. മണം വിശകലനം ചെയ്യുന്ന നായയുടെ തലച്ചോറിന്റെ ഭാഗം മനുഷ്യ മസ്തിഷ്കവുമായി താരതമ്യം ചെയ്യുമ്പോൾ 40 മടങ്ങ് കൂടുതലാണ്. ബോംബുകൾ, മയക്കുമരുന്ന്, ജീവനുള്ളതും മരിച്ചതുമായ മനുഷ്യമാംസം മുതൽ ചില രോഗങ്ങൾവരെ മണത്തറിയാൻ ഇത് അവരെ സഹായിക്കും. എല്ലാ നായകളുടെയും മൂക്കിന്‌ ഒരേ ഘ്രാണശക്തിയല്ല ഉള്ളത്‌. ജർമൻ ഷെപ്പേർഡിന്  ഏകദേശം 225 ദശലക്ഷം ഘ്രാണ റിസപ്റ്ററുകളുണ്ട്. ഡാഷ്‌ഹണ്ടുകൾക്ക് 125 ദശലക്ഷത്തിനടുത്തേയുള്ളൂ.

മൂന്നുതരം

മനുഷ്യന്റെ  അവശിഷ്ടങ്ങൾ കണ്ടെത്താൻ മൂന്നുതരം പരിശീലനം നൽകുന്നുണ്ട്. ഒന്നാമത്തെ ഇനമാണ് സാധാരണ കഡാവർ ഡോഗ് അഥവാ ‘ഫീൽഡ് കഡാവർ ഡോഗ്’. ഇവയ്‌ക്ക്‌ പൊതുവെ വനപ്രദേശങ്ങൾ, വയലുകൾ, വനങ്ങൾ, വീടുകൾ, വാഹനങ്ങൾ തുടങ്ങിയവയിൽ മനുഷ്യഗന്ധം കണ്ടെത്താനാകും.
രണ്ടാമത്തെ ഇനത്തെ "ഡിസാസ്റ്റർ കഡാവർ ഡോഗ്’ എന്നുവിളിക്കും. രക്ഷാപ്രവർത്തനങ്ങളിലാണ്‌ ഇവയെ ഉപയോഗപ്പെടുത്തുന്നത്‌. അതിനാൽ, അവരുടെ വൈദഗ്ധ്യം യഥാർഥത്തിൽ ആദ്യം പറഞ്ഞ നായകളേക്കാൾ അൽപ്പം കൂടുതലാണ്. അവശിഷ്ടങ്ങൾ, പ്രകൃതിദത്തമോ മനുഷ്യനിർമിതമോ ആയ ദുരന്തമുണ്ടായ പ്രദേശങ്ങൾ, ഗ്ലാസ് കെട്ടിടങ്ങൾ, ഗ്ലാസ് ഘടനകൾ എന്നിവിടങ്ങളിൽ ഇവയ്‌ക്ക്‌ പ്രവർത്തിക്കാൻ കഴിയും.
മൂന്നാമത്തെ ഇനത്തെ പരിശീലിപ്പിക്കാൻ ഏറ്റവും ബുദ്ധിമുട്ടാണ്. കാരണം ഇതിന് കൂടുതൽ സമയവും കൂടുതൽ വിഭവങ്ങളും ആവശ്യമാണ്. "വാട്ടർ കഡാവർ ഡോഗ്’എന്നാണ്‌ ഇവയെ വിളിക്കുന്നത്. ജല ചുറ്റുപാടുകൾ, തടാകങ്ങൾ, നദികൾ, അരുവികൾ മുതലായവയിൽ മനുഷ്യശരീരം കണ്ടെത്താനാണ്‌ ഇവയെ പരിശീലിപ്പിക്കുക. -----വേട്ടയാടുന്ന നായകൾ, ആടുകളെ മേയ്‌ക്കുന്ന നായകൾ എന്നിവ  കഡാർ നായയുടെ ഏറ്റവും മികച്ച  ഉദാഹരണങ്ങളാണ്. ബെൽജിയൻ മാലിനോയിസ്, ബ്ലഡ്ഹൗണ്ട്, ലാബ്രഡോർ റിട്രീവർ, ജർമൻ ഷെപ്പേർഡ് തുടങ്ങിയവ മനുഷ്യന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനുള്ള മുൻനിര ഇനങ്ങളാണ്‌.

(മൃഗസംരക്ഷണ വകുപ്പ്  മുൻ ഡെപ്യൂട്ടി ഡയറക്ടറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top