കാലിഫോർണിയ > മെറ്റ സ്ഥാപകൻ മാർക്ക് സുക്കർബർഗും ടെസ്ല സിഇഒ ഇലോണ്‍ മസ്‌കും തമ്മിലുള്ള തർക്കമാണ് സൈബർ ലോകത്തെ പുതിയ പുതിയ ചർച്ച. സുക്കർ ബർഗിന്റേയും മസ്ക്കിന്റേയും പരസ്പരമുള്ള പരസ്യമായ കളിയാക്കലുകൾ വെറും കളിപറച്ചിലുകളുടെ നിലയിൽ നിന്നും മാറി. രണ്ടു സൈബർ ഭീമൻമാരുടെ മത്സരത്തിൻ്റെ പ്രത്യക്ഷ ചിത്രമാവുകയാണ്.
മാർക്ക് സുക്കർബർഗ് പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന്റെ പേരിലാണ് മസ്കിന്റെ പുതിയ പരിഹാസം. ജൂലൈ 4 ലെ അമേരിക്കയുടെ 248-ാമത് സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി ഒരു കൈയില്‍ അമേരിക്കൻ പതാകയും മറുകൈയില്‍ ബിയറും പിടിച്ച് സർഫിംഗ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തു. ഒരു സ്വർണ്ണ ചെയിനും ഒരു ജോടി മെറ്റാ റേ-ബാൻസും ധരിച്ചായിരുന്നു സർഫിങ്.
വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. കൂട്ടത്തിൽ ഇലോണ്‍ മസ്‌കും ഉണ്ട്.
എക്‌സ് ഉപയോക്താവിന്റെ പോസ്റ്റിന് മറുപടി നല്‍കുന്നതിനിടെയാണ് മസ്ക് സുക്കർബർഗിന്റെ വീഡിയോയെ പരിഹസിച്ച് രംഗത്തെത്തിയത്. പൊങ്ങച്ചക്കാരൻ എന്നായിരുന്നു മസ്ക്കിന്റെ പരസ്യമായ പരിഹാസം. ഇയാളുടെ വിനോദം തുടരട്ടെ. തനിക്ക് ജോലി ചെയ്യാനാണ് താൽപര്യം എന്ന് മസ്ക് എക്സിൽ തുടർന്ന് കുറിച്ചു.
ഹാപ്പി ബർത്ത്ഡേ അമേരിക്ക! എന്ന 3 സെക്കന്റ് നീളമുള്ള സുക്കർബർഗിന്റെ വീഡിയോയ്ക്ക് എട്ടര ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. ഇൻസ്റ്റാഗ്രാമില്‍ ഷെയർ ചെയ്ത വീഡിയോയ്ക്ക് 8.82 ലക്ഷത്തിലധികം ലൈക്കുകളും കിട്ടിയിട്ടുണ്ട്.
ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സുമായി മത്സരിക്കുന്ന മെറ്റായുടെ ത്രെഡ്‌സ് പ്രവർത്തനം ആരംഭിച്ചപ്പോള്‍ തന്നെ മസ്‌കും സുക്കർബർഗും തമ്മിലുള്ള പോര് പുറത്തായിരുന്നു. ഇപ്പോൾ രണ്ടു പേരും വ്യക്തിപരമായ പരാമർശങ്ങളിലും ഇവ ഏറ്റുപിടിക്കുന്നു.
ത്രെഡുകള്‍ക്ക് നിലവിൽ 175 ദശലക്ഷത്തിലധികം പ്രതിമാസ ഉപയോക്താക്കളുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..