08 September Sunday

H2; പുതുവഴി തേടുന്ന ഊർജസ്രോതസ്സുകൾ

ഡോ. അബേഷ്‌ രഘുവരൻUpdated: Sunday Jul 21, 2024

ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും  കാരണമാകുന്ന ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തിലൂന്നി ലോകം മുന്നോട്ടുപോകുകയാണ്‌. അതുകൊണ്ടുതന്നെ പ്രകൃതിസൗഹൃദ ഊർജസ്രോതസ്സുകളിൽ വലിയ ഗവേഷണങ്ങളിലാണ്‌ ശാസ്‌ത്രലോകം. കേരളത്തിൽ ഹരിത ഹൈഡ്രജനും  ഹരിത അമോണിയയും ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതിയുമായി പ്രമുഖ കമ്പനികൾ മുന്നോട്ടുവന്നിരിക്കുന്നു. ഇത്‌ തുറക്കുന്ന സാധ്യതകൾ വിപുലമാണ്‌


വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾ കേന്ദ്രീകരിച്ച്‌ ഹരിത ഹൈഡ്രജനും  ഹരിത അമോണിയയും ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതിയുമായി പ്രമുഖ കമ്പനികൾ മുന്നോട്ടുവന്നിരിക്കുകയാണ്‌. 72,760 കോടി മുതൽമുടക്കുള്ള പദ്ധതിയുമായാണ്‌ അവർ സംസ്ഥാന സർക്കാരിനെ സമീപിച്ചിരിക്കുന്നത്‌. വലിയ സാധ്യതകൾ തുറക്കുന്ന മേഖലയാണ്‌ ഇത്‌.

ഹരിത അമോണിയ

എൻഎച്ച്‌ 3 (NH3)എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന അമോണിയ,  നൈട്രജനും  -ഹൈഡ്രജനും ചേർന്ന രാസ സംയുക്തമാണ്. അമോണിയ ഇപ്പോൾ പ്രകൃതിവാതകങ്ങളിൽനിന്നാണ്‌ ഉൽപ്പാദിപ്പിക്കുന്നത്‌. ആഗോളതലത്തിൽ ഏതാണ്ട് 185 മില്യൻ ടൺ അമോണിയയാണ്‌ ഇപ്പോൾ ഉൽപ്പാദിപ്പിക്കുന്നത്. ഓരോ ടൺ അമോണിയ ഉൽപ്പാദിപ്പിക്കുമ്പോഴും ഏകദേശം രണ്ട്ടൺ കാർബൺഡയോക്സൈഡ്‌ കൂടി ഉപോൽപ്പന്നമായി ഉണ്ടാകുന്നത്. ഇങ്ങനെ പരമ്പരാഗതമായി ഉൽപ്പാദിപ്പിക്കുന്ന അമോണിയയെ ‘ഗ്രേ അമോണിയ' എന്നാണ്‌ അറിയപ്പെടുന്നത്‌. എന്നാൽ, അതിൽനിന്നും വ്യത്യസ്തമായി ഹരിത അമോണിയ അതിന്റെ ഉൽപ്പാദനസമയത്ത്‌ കാർബൺഡയോക്‌സൈഡ്‌  ഉൽപ്പാദിപ്പിക്കുന്നില്ല. ഇത്തരം ഹരിത അമോണിയ ഉൽപ്പാദിപ്പിക്കുന്നതിനായി ആദ്യം ഹരിത ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കേണ്ടതുണ്ട്. വൈദ്യുതോർജത്തിന്റെ സഹായത്തോടെ ജലത്തെ വിഘടിപ്പിച്ച്‌ ഹൈഡ്രജനും ഓക്സിജനുമാക്കി മാറ്റുകയാണ്‌ ചെയ്യുന്നത്‌. ഇതിനായി വേണ്ട വൈദ്യുതിയും ഹരിതവഴിയിൽത്തന്നെ ഉൽപ്പാദിപ്പിക്കുകയും വേണം. ഇങ്ങനെ ഉൽപ്പാദിപ്പിക്കുന്ന ഹൈഡ്രജൻ അന്തരീക്ഷത്തിലെ നൈട്രജനുമായി ചേർന്ന്‌ ഉയർന്ന മർദത്തിൽ പ്രവർത്തിപ്പിച്ചാണ്‌ അമോണിയ ഉൽപ്പാദിപ്പിക്കുന്നത്. ഇവിടെ ഇരുമ്പ്ഓക്സൈഡ്, മഗ്നീഷ്യം ഓക്സൈഡ്, അലുമിനിയം ഓക്സൈഡ്‌ എന്നീ രാസവസ്തുക്കൾ പ്രവർത്തനത്തെ ത്വരിതപ്പെടുത്താൻ  ഉപയോഗിക്കും. ഇതിനെ ഹേബർ- ബോഷ്‌ പ്രവർത്തനമെന്ന്‌ (Haber- Bosch synthesis) പറയുന്നു.  ഇതുവഴി ഹരിത അമോണിയ ഉൽപ്പാദിപ്പിക്കാൻ കഴിയുന്നു. അമോണിയ പ്രധാനമായും വളങ്ങൾ ഉണ്ടാക്കാനാണ്‌ ഉപയോഗിക്കുന്നത്‌. കൂടാതെ നൈട്രിക്ആസിഡ്, സിന്തറ്റിക്ഫൈബർ, ഡൈ, സ്ഫോടകവസ്തുക്കൾ തുടങ്ങിയവ നിർമിക്കുന്നതിനും  ഉപയോഗിക്കുന്നു.

ഹരിത ഹൈഡ്രജൻ

ഇനി ഹരിതഹൈഡ്രജൻ എന്താണെന്ന്നോക്കാം. ഏറ്റവും ഭാരം കുറഞ്ഞതും  ഏറ്റവും കൂടുതൽ കാണപ്പെടുന്നതുമായ മൂലകമാണ്‌ ഹൈഡ്രജൻ. ഒരു ‘ഇലക്ട്രോലൈസർ' എന്ന ഉപകരണത്തിൽ ജലവും വെദ്യുതിയും നൽകിയാണ്‌ ഹരിത ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്നത്. ഹരിത ഹൈഡ്രജൻ നാളെയുടെ ഊർജസ്രോതസ്സായാണ്‌ ശാസ്‌ത്രലോകം വിലയിരുത്തുന്നത്‌. പ്രധാനമായും വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കാൻ കഴിയുന്നതുവഴി കാർബൺ ബഹിർഗമനം വലിയൊരളവിൽ കുറയ്ക്കുവാൻ കഴിയുമെന്നാണ്‌ കണക്കാക്കുന്നത്.

ഗുണങ്ങളേറെ

ഉൽപ്പാദിപ്പിക്കുമ്പോഴും കത്തിക്കുമ്പോഴും  ഒരുശതമാനംപോലും മലിനീകരണമുണ്ടാക്കുന്ന വാതകങ്ങൾ ഇവപുറത്തുവിടുന്നില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിനാൽ ഇവയെ ഒരു സുസ്ഥിരവാതകമായി കണക്കാക്കാം. മറ്റുള്ള ഇന്ധനങ്ങളേക്കാൾ ഹരിത ഹൈഡ്രജൻ സംഭരിക്കാൻ എളുപ്പമാണ്. കൂടാതെ ഇവയെ വളരെ എളുപ്പത്തിൽ വൈദ്യുതിയായും സിന്തറ്റിക്ക്‌ ഗ്യാസുമാക്കി മാറ്റാനുമാകും. വാഹനങ്ങളിലും മറ്റും ഇവ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതോടെ ഇത്‌ തുറക്കുന്ന സാധ്യതകൾ വിപുലമാണ്‌. പ്രത്യേകിച്ച്‌ കാലാവസ്ഥാ വ്യതിയാനത്തിനും, ആഗോളതാപനത്തിനും കാരണമാകുന്ന ഫോസിൽ ഇന്ധങ്ങളുടെ ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തിലൂന്നി ലോകം മുന്നോട്ടുപോകുമ്പോൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top