23 December Monday

സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് ഭാവി

പ്രശോഭ്‌ ചാത്തോത്ത്‌Updated: Monday Aug 19, 2024

 

കഴിഞ്ഞവാരം മൈക്രോസോഫ്‌റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ക്രൗഡ് സ്ട്രൈക്ക് എന്ന അമേരിക്കൻ കമ്പനിയുടെ സൈബർ സെക്യൂരിറ്റി സോഫ്റ്റ്‌ വെയർ അപ്ഡേഷനുമായി ബന്ധപ്പെട്ട് ലോകം മുഴുവൻ പല മേഖലകളിലെയും പ്രവർത്തനം നിശ്ചലമായത് നാം കാണുകയുണ്ടായി.

ഇപ്പോൾ അവർ പ്രശ്നം ഏറെക്കുറേ പരിഹരിച്ചുവരുന്നു. 2017 മെയ് മാസം 12ന്‌ ലോകം മുഴുവൻ മറ്റൊരു സൈബർ ആക്രമണത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു. വാണാക്രൈ റാംസംവെയർ ക്രിപ്റ്റോവേം എന്ന വൈറസ് വഴി ലോകം കണ്ട ഇന്നുവരെയുള്ള ഏറ്റവും വലിയ സൈബർ ആക്രമണമായിരുന്നു അത്‌.

തന്മൂലം ലോകത്താകമാനം 150ൽ പരം രാജ്യങ്ങളിലെ രണ്ട് ലക്ഷത്തി മുപ്പതിനായിരത്തോളം കമ്പ്യൂട്ടറുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു.

കമ്പ്യൂട്ടറുകളിലെ പ്രധാനപ്പെട്ട ഡാറ്റയെ വാണാക്രൈ എൻക്രിപ്റ്റ് (മറ്റുള്ളവർക്ക് മനസ്സിലാകാത്ത വിധത്തിൽ രഹസ്യ രൂപത്തിലേയ്ക്ക് മാറ്റുന്ന രീതി) ചെയ്ത് അത്‌ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയാണുണ്ടായത്.

വാണാക്രൈ ആക്രമണത്തിലൂടെ ഇന്റർനെറ്റ് വഴി ഉപയോക്താക്കളുടെ സ്വകാര്യ സാമ്പത്തിക വിവരങ്ങൾ എൻക്രിപ്‌റ്റ് ചെയ്തുവെച്ച ഡാറ്റ വിട്ടുനൽകാൻ മോചനദ്രവ്യം ആവശ്യപ്പെടുകയാണുണ്ടായത്. ഈ രീതിയായ ഫിഷിംഗ് എന്ന വാക്ക് ആയിടയ്ക്കാണ് ലോകത്തിനു തന്നെ സുപരിചിതമായത്.

ഒരു പ്രത്യേക അക്കൗണ്ടിലേയ്ക്ക് ബിറ്റ് കോയിൻ ക്രിപ്റ്റോ കറൻസി അയച്ചതിനു ശേഷം മാത്രമേ എൻക്രിപ്‌റ്റ്  ചെയ്ത ഡാറ്റ തിരികെ ഡിക്രിപ്‌റ്റ്  (ശരിയായ രീതിയിലേയ്ക്ക് മാറ്റുന്നത്) ചെയ്ത് ഉപഭോക്താവിന് നൽകുകയുണ്ടായുള്ളൂ.

മാൽവെയർടെക് എന്നിയപ്പെടുന്ന ബ്രിട്ടീഷുകാരനായ കമ്പ്യൂട്ടർ സുരക്ഷാ ഗവേഷകനായ മാർക്കസ് ഹച്ചിൻസ് ആണ് വാണാക്രൈ ആക്രണം തടയാനുള്ള കില്ലിങ് സ്വിച്ച് സാങ്കേതികത കണ്ടുപിടിച്ചത്.

അതോടെ ഇന്റർനെറ്റിൽ ബന്ധിതമായ കമ്പ്യൂട്ടറുകളിൽ നിന്നെല്ലാം വാണാക്രൈ നിർജ്ജീവമായി. പക്ഷേ ലോകം വാണാക്രൈ ആക്രമണത്തിന് നല്കേണ്ടിവന്നത് ഭീമമായ നഷ്ടമായിരുന്നു. 4 മുതൽ 8 ബില്ല്യൺ ഡോളറായിരുന്നു വാണാക്രൈ വരുത്തിവെച്ച സാമ്പത്തിക നഷ്ടം.


സ്തംഭനം അവശ്യവും തന്ത്രപ്രധാനവുമായ മേഖലകളിൽ


ആരോഗ്യമേഖലയിൽ പ്രവർത്തിച്ചിരുന്ന സോഫ്റ്റ്‌വെയറുകളെ വാണാക്രൈ ബാധിച്ചത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. രോഗികളുടെ ചികിത്സയും ശസ്ത്രക്രിയകളും ഏറെ നേരം മുടങ്ങുന്ന അവസ്ഥയുണ്ടായി. കമ്പ്യൂട്ടറുകളിലെ ഡിജിറ്റൽ സംവിധാനങ്ങളെ ആശ്രയിച്ചിരുന്ന ചികിത്സാ പദ്ധതികളെല്ലാം താളം തെറ്റി തിരികെ കടലാസ് രേഖകളെ ആശ്രയിക്കേണ്ട അവസ്ഥവന്നു.

ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസ് ഇത് ഏറ്റവും കൂടുതൽ ബാധിച്ച ഒരു സംഘടനയായിരുന്നു. ടെലികോം മേഖലയിൽ പ്രവർത്തിക്കുന്ന സ്പെയിനിലെ ടെലിഫോണിക്ക പോലുള്ള കമ്പനികൾക്ക് വലിയ തടസ്സങ്ങൾ നേരിടേണ്ടിവന്നു. പലയിടത്തും ആഭ്യന്തര, ബാഹ്യ ആശയവിനിമയങ്ങളെ ബാധിച്ചു.

ചില ഷിപ്പിംഗ് കമ്പനികൾക്കും തുറമുഖങ്ങൾക്കും പ്രവർത്തന തടസ്സങ്ങൾ നേരിടേണ്ടി വന്നു. ചരക്ക് ഗതാഗത സേവനങ്ങളിലും വൈകിപ്പോക്കുകളും തടസ്സങ്ങളും ഉണ്ടായി. വാണാക്രൈ റാംസം വെയർ ആക്രമണത്തെയും വ്യാപനത്തെയും ഭയന്ന് നിരവധി ധനകാര്യ സ്ഥാപനങ്ങൾ താൽക്കാലികമായി കമ്പ്യൂട്ടറുകളും സെർവ്വറുകളും അടച്ചുപൂട്ടേണ്ടിവന്നു.

ബാങ്കിംഗ്, ധനകാര്യ സേവനങ്ങളിൽ തടസം സൃഷ്ടിച്ചു. വിവിധ സർക്കാർ പൊതുമേഖലകളിൽ ഉത്പാദനവും പൊതുസേവനങ്ങളും തടസപ്പെട്ടു. ചില സർവകലാശാലകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവരുടെ കമ്പ്യൂട്ടർ അധിഷ്ഠിത പഠനത്തിൽ തടസങ്ങൾ നേരിടേണ്ടിവന്നു, അക്കാദമിക, അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങളെ വാണാക്രൈ കാര്യമായി ബാധിച്ചു.

ഇ മെയിൽ വഴി വരുന്ന സ്പാം സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യുന്നതോടെയാണ് കമ്പ്യൂട്ടറുകളിലേയ്ക്ക് ഈ റാംസംവെയർ കടന്നുകൂടിയത്. അത് പരസ്പരം ബന്ധിതമായ മറ്റ് കമ്പ്യൂട്ടറുകളിലേയ്ക്ക് വ്യാപിച്ചുകൊണ്ടിരുന്നു. വാണാക്രൈ പ്രവേശിച്ച കമ്പ്യൂട്ടറുകളിലെ സോഫ്റ്റ്‌വെയറുകളും ഡാറ്റയും നിശ്ചലമായി.

മോചന ദ്രവ്യം നല്കിയതിലൂടെ പലതും വീണ്ടും പ്രവർത്തനക്ഷമമായി. നല്കാത്തവർ പ്രതിസന്ധി തരണം ചെയ്യാൻ കഴിയാതെ അതതു മേഖലകളിൽ സ്തംഭനാവസ്ഥയിലേയ്ക്ക് പോവുകയാണുണ്ടായത്. വാണാക്രൈ ആക്രമണം ഗ്ലോബൽ സൈബർ സെക്യൂരിറ്റി ആന്തരഘടനയുടെ ദുര്‍ബലതകള്‍ വ്യക്തമാക്കി എന്നതാണ് ചുരുക്കം.


ക്രൗഡ് സ്ട്രൈക്ക് സോഫ്റ്റ്‌വെയർ വഴി ഉണ്ടായ പ്രതിസന്ധി


മൈക്രോസോഫ്റ്റ് വിൻഡോസ് സൈബറിടങ്ങളിൽ ഒട്ടും സുരക്ഷിതമല്ലാത്തതിനാൽ ഇന്റർനെറ്റിൽ വിഹരിക്കുന്നവർക്ക് അമേരിക്ക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ക്രൗഡ് സ്ട്രൈക്ക് എന്ന സോഫ്‌റ്റ്  വെയറാണ് സൈബർ സെക്യൂരിറ്റി ഒരുക്കിയത്. ഈ കഴിഞ്ഞ ജൂലൈ 19ന് ക്രൗഡ് സ്‌ട്രൈക്ക് സോഫ്‌റ്റ് വെയറിൽ ഒരു മാറ്റം വരുത്തുകയുണ്ടായി.

ക്രൗഡ് സ്ട്രൈക്ക് ഫാല്‍ക്കണ്‍ പ്ലാറ്റ്‌ഫോമില്‍ സെന്‍സര്‍ കോണ്‍ഫിഗറേഷന്‍ അപ്‌ഡേറ്റിലെ ചാനല്‍ ഫയലിൽ വന്ന മാറ്റത്തിലൂടെ പ്രശ്നം നേരിടുകയും അടിസ്ഥാന സോഫ്‌റ്റ് വെയറായ വിൻഡോസ് ഈ പ്രശ്നത്തെത്തുടർന്ന് പിശക് പറ്റിയതിനാൽ നിശ്ചലമായ ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് സ്‌ക്രീനിലേയ്ക്ക് പോവുകയുമാണ് ഉണ്ടായത്. തന്മൂലം ലോകത്തിലെ 85 ലക്ഷം കമ്പ്യൂട്ടറുകൾ പ്രവർത്തനരഹിതമായി.

വാണാക്രൈ വൈറസ് അറ്റാക്കിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ നിശ്ചലാവസ്ഥയിലേയ്ക്ക് പല കമ്പ്യൂട്ട‍ർ സേവനങ്ങളും സ്തംഭിച്ചത് നാം കണ്ടു. ബാങ്കിങ്ങ് മേഖല, വിമാന സർവ്വീസുകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ പ്രവർത്തനം വിവിധ മാധ്യമസ്ഥാപനങ്ങളുടെ ദൈനംദിന പ്രവൃത്തികൾ, മറ്റ് അവശ്യസേവനങ്ങൾ എല്ലാം ഈ അപ്ഡേഷൻ കാരണം നിശ്ചലമായി.

മതിയായ പരിശോധന നടത്താതെ ഉപയോക്താവിന്റെ അനുമതിയില്ലാതെ കമ്പിനി നേരിട്ട് നടത്തിയ സോഫ്‌റ്റ് വെയറിന്റെ അപ്ഡേഷനാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. തകരാറിലായ കമ്പ്യൂട്ടറുകളുടെ സേവനം പുനഃസ്ഥാപിക്കാൻ ഏറെസമയം വേണ്ടിവന്നു.

അതുവരെ സേവനങ്ങളും വ്യവഹാരങ്ങളും സ്തംഭിക്കുകയും ലോകമാകെ കോടിക്കണക്കിനു രൂപയുടെ നഷ്ടം ഉണ്ടാക്കുകയും ചെയ്തു. സമാനമായ ആക്രമണമോ സ്തംഭനമോ നാളെ ലോകത്തുണ്ടാക്കുന്ന സാമൂഹിക സാമ്പത്തിക മേഖലയിലെ ആഘാതം ഇതിലും രൂക്ഷവും അതുവഴിയുള്ള പ്രത്യാഘാതം ഊഹിക്കുന്നതിനുമപ്പുറവുമായിരിക്കും.


സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും കുത്തക സോഫ്റ്റ്‌വെയറുകളും

ഉപയോക്താവിന്റെ അനുമതിയില്ലാതെ എങ്ങനെയാണ് പുറത്തുനിന്നുള്ള ഒരു സോഫ്‌റ്റ് വെയർ കമ്പ്യൂട്ടറിനകത്ത് പ്രവർത്തിക്കുന്നത്? ഇവിടെയാണ് കുത്തക സോഫ്‌റ്റ് വെയറുകളും സ്വതന്ത്ര സോഫ്‌റ്റ് വെയറുകളും വ്യത്യാസപ്പെട്ടിരിക്കുന്നത്. ഉപയോക്താവിന്റെ സ്വാതന്ത്ര്യങ്ങളെയും അവകാശങ്ങളെയും ഹനിക്കുന്ന കുത്തക സോഫ്‌റ്റ് വെയറിന്റെ പ്രവർത്തന രീതി മാൽവെയറുകൾക്കും വൈറസുകൾക്കും യഥേഷ്ടം വിഹരിക്കാവുന്ന അന്തരീക്ഷമാണ് കമ്പ്യൂട്ടറിനകത്ത് ഒരുക്കുന്നത്.

സ്വതന്ത്ര സോഫ്‌റ്റ് വെയറുകളിലാകട്ടെ ഉപയോക്താവിന്റെ സ്വകാര്യയ്ക്കും അവകാശങ്ങൾക്കും പ്രാധാന്യം നല്കുന്ന സ്വഭാവ സവിശേഷതയാണുള്ളത്. ഏറെ സുരക്ഷാ മാനദണ്ഡങ്ങളും പഴുതുകൾ അടച്ചതുമായ രൂപകല്പനയാണ് സ്വതന്ത്ര സോഫ്‌റ്റ് വെയറിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ബാഹ്യമായ യാതൊരു വിധ സുരക്ഷാപ്രശ്നങ്ങളും സ്വതന്ത്ര സോഫ്‌റ്റ് വെയറുകൾ നേരിടുന്നില്ല.

അതുകൊണ്ടുതന്നെ സ്വതന്ത്ര സോഫ്‌റ്റ് വെയറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾക്ക് ഇത്തരം വൈറസ് ഭീഷണികളെ ഭയപ്പെടാതെ മുന്നോട്ടു പോകാം. കൂടാതെ കുത്തക സോഫ്‌റ്റ് വെയറിൽ നിന്ന് വ്യത്യസ്തമായി ഏതൊരാൾക്കും സ്വതന്ത്ര സോഫ്‌റ്റ് വെയറുകളെക്കുറിച്ച് പഠിക്കാനും അവയിൽ മാറ്റം വരുത്താനും പുനർവിതരണം ചെയ്യാനുമുള്ള അവകാശമുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സോഫ്‌റ്റ് വെയർ രംഗത്ത് പരിജ്ഞാനമുള്ളവരുടെ പങ്കാളിത്തം സ്വതന്ത്ര സോഫ്‌റ്റ് വെയർ ഗവേഷണത്തിലും നിർമ്മാണത്തിലും വിവിധ കൂട്ടായ്മകളിലൂടെ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് കുത്തക സോഫ്‌റ്റ് വെയറിനേക്കാളുപരി സ്വതന്ത്ര സോഫ്‌റ്റ് വെയർ അതിദ്രുതം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖല കൂടിയാണ്.


കേരളാ മോഡ‍ൽ


കേരളത്തെ സംബന്ധിച്ചിടത്തോളം സ്വതന്ത്ര സോഫ്റ്റ്‌വെയർ രംഗത്ത് വിഎസ്. സർക്കാറിന്റെ കാലത്ത് വളരെ ദീർഘവീക്ഷണത്തോടെ നടപ്പിലാക്കിയ ഐടി നയവും വിവിധ മേഖലകളിലെ ഗവേഷണ മേന്മയും ഏറെ പ്രകീർത്തിക്കേണ്ട അവസരമാണിത്.

2008 ൽ ആരംഭിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത സ്കൂൾ വിദ്യാഭ്യാസത്തിനായി സ്വതന്ത്ര സോഫ്റ്റ്‌വെയർ ഓപ്പറേറ്റിംഗ് സിസ്റ്റം ഗ്നൂ/ലിനക്സ് ഐടി അറ്റ് സ്കൂൾ (ഇന്നത്തെ ലിറ്റിൽ കൈറ്റ്സ്) സോഫ്റ്റ്‌വെയർ നടപ്പാക്കിയതും വൈദ്യുതി വകുപ്പിൽ കെ.എസ്.ഇ.ബി. നിർമ്മിച്ച ഒരുമ ബില്ലിംഗ് സോഫ്റ്റ്‌വെയറും ആഗോള ശ്രദ്ധയാകർഷിച്ച പദ്ധതികളാണ്.

എറണാകുളം ഇരുമ്പനം സർക്കാർ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ സഹായത്താൽ തയ്യാറാക്കിയ കേരളത്തിലെ പ്രാദേശിക ഫലങ്ങളും പൂവുകളും ഉൾപ്പെടുത്തി തയ്യാറാക്കിയ മലയാളം പതിപ്പിലുള്ള ടക്സ് പെയിന്റിംഗ് സോഫ്റ്റ്‌വെയർ കാണാൻ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ അപ്പോസ്തലൻ സാക്ഷാൽ റിച്ചാർഡ് മാത്യു സ്റ്റാൾമാൻ നേരിട്ടുവന്നതും വലിയ വാർത്തയായിരുന്നു.

ലോകത്തെ തന്നെ നിശ്ചലമാക്കിയ മേൽപറഞ്ഞ രണ്ട് സൈബർ ഭീഷണിയിലും കേരളത്തിലെ സർക്കാർ സേവന മേഖലയിലെ കമ്പ്യൂട്ടർ സെർവ്വർ സംവിധാനങ്ങളിൽ യാതൊരുവിധ പ്രതിസന്ധിയും ഉണ്ടാകാതിരുന്നത് അവയൊക്കെ സ്വതന്ത്ര സോഫ്റ്റ്‌വെയറിലായിരുന്നു എന്നതുകൊണ്ടാണ്.

ഇന്ന് രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കിടയിലും കേരളം കീം എൻട്രൻസ് പരീക്ഷ മറ്റൊരു നാഴികക്കല്ലായി മാറി. കേരള സർക്കാർ സ്ഥാപനമായ സിഡിറ്റ് വികസിപ്പിച്ച ഓൺലൈൻ കമ്പ്യൂട്ടർ അധിഷ്ഠിത മത്സര പരീക്ഷാ സോഫ്റ്റ്‌വെയർ പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ വികേന്ദ്രീകൃതമായി നടത്തി ചരിത്രം കുറിച്ചിരിക്കുന്ന മുഹൂർത്തമാണിത്. അതും വിദേശത്തടക്കം ഇരുന്നൂറോളം കേന്ദ്രങ്ങളിൽ.


വരുംകാലം കൃത്രിമ ബുദ്ധിയുടേത്‌


ലോകത്ത് കൃത്രിമ ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐ) ഭാവി പരിവർത്തനാത്മകമാകും. പുതിയ സാങ്കേതികതകൾ സാമൂഹിക സാംസ്കാരിക മേഖലകളിൽ വൻ മാറ്റങ്ങൾ വരുത്തുകയും എഐയുടെ പ്രാധാന്യം ഇന്നത്തേക്കാളേറെ വർദ്ധിക്കുകയും ചെയ്യും.

ആരോഗ്യമേഖലയിൽ രോഗനിർണയം മുതൽ റോബോട്ടിക് ചികിത്സ വരെ എഐ അധിഷ്ഠിതമാവും. വിദ്യാഭ്യാസമേഖലയിൽ പഠന സഹായികളായും ഗതാഗത മേഖലയിൽ സ്വയം ചലിക്കുന്ന വാഹനങ്ങളായും ട്രാഫിക് നിയന്ത്രണങ്ങളായും ഇത് കൂടുതൽ കാര്യക്ഷമമാകും.

കൃഷിയും വ്യവഹാരവും വിനോദവും വിജ്ഞാനവും സുരക്ഷയും പ്രതിരോധങ്ങളും എന്നു വേണ്ട ദൈനംദിന ജീവിതത്തിലുടനീളം എഐ അനിഷേധ്യമായ സ്ഥാനം വഹിക്കും. അവിടെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഭരണകൂടത്തിന്റെയും സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും സ്വതന്ത്ര്യ സോഫ്‌റ്റ് വെയറുകളല്ലാതെ മറ്റൊരു ബദൽ ലോകത്ത് അസാധ്യമായിരിക്കും.


ചിന്ത വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top