അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് സുനിത വില്ല്യംസിന്റെ മടക്കയാത്ര വൈകുമ്പോൾ, മറ്റൊരു ബഹിരാകാശ ദൗത്യത്തിന് ലോകം ഈ ആഴ്‌ച സാക്ഷ്യം വഹിക്കും. ഭൂമിയിൽ നിന്ന് 700 കിലോമീറ്റർ ഉയരത്തിലുള്ള പുതിയ ഭ്രമണപഥം തേടി നാല് പേർ ചൊവ്വാഴ്‌ച യാത്രതിരിക്കും. സ്‌പേയ്‌സ് എക്‌സിന്റെ പൊളാരിസ് ഡോൺ ദൗത്യത്തിന്റെ ഭാഗമായി ഡ്രാഗൺ പേടകത്തിലാണ് അവർ കുതിക്കുക. ഫാൽക്കൻ 9 റോക്കറ്റാണ് പേടകത്തെ ലക്ഷ്യത്തിലെത്തിക്കുക.
നാസയുടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയം 400 കിലോമീറ്ററിന് താഴെയുള്ള പഥത്തിലാണ് ഭൂമിയെ ചുറ്റുന്നത്. ചൈനയുടെ നിലയവും ഏകദേശം ഇതിനോടു ചേർന്ന പഥത്തിലും. ഇതിന്റെ ഇരട്ടിയിലധികം ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തി ഭൂമിയെ വലംവയ്‌ക്കാനും പരീക്ഷണങ്ങൾ നടത്താനുമായായാണ് നാൽവർ സംഘത്തിന്റെ യാത്ര. ജേർഡ് ഐസക്ക്‌മാൻ ആണ് മിഷൻ കമാൻഡർ. മിഷൻ പൈലറ്റ് സ്‌കോട്ട് പൊട്ടറ്റും. മിഷൻ സ്‌പെഷ്യലിസ്‌റ്റുകളായ അന്ന മേനോൻ, സാറാഗില്ലിസ് എന്നിവരും ഒപ്പമുണ്ട്.
മെഡിക്കൽ ഓഫീസർ കൂടിയായ അന്ന മേനോൻ അമേരിക്കക്കാരി എങ്കിലും മലയാളി ബന്ധമുണ്ട്. നാസയിലെ ബഹിരാകാശ ശാസ്‌ത്രജ്‌ഞനായ ഡോ. അനിൽമേനോനാണ് അന്നയുടെ ഭർത്താവ്. ഡോ. അനിലിന്റെ അച്ഛൻ ശങ്കരമേനോൻ വർഷങ്ങൾക്ക് മുൻപ് യുഎസിലെത്തിയ മലയാളിയാണ്. സ്‌പേയ്‌സ് എക്‌സിന്റെ സ്വകാര്യ ബഹിരാകാശ ദൗത്യമാണിത്. ബഹിരാകാശ നടത്തവും ദൗത്യത്തിന്റെ ഭാഗമാണ്. ബഹിരാകാശത്തെ അതിതീവ്ര റേഡിയേഷനെപ്പറ്റിയടക്കം 40 പരീക്ഷണങ്ങൾ സംഘം നടത്തും. 5 ദിവസമാണ് ദൗത്യ കാലാവധി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..