05 November Tuesday

ഓസോൺ പാളിയിലെ പുതുപഠനങ്ങൾ

പ്രൊഫ. ജയനാരായണൻ കുറ്റിപ്പുറത്ത്‌Updated: Sunday Aug 25, 2024

സൂര്യനിൽ നിന്നുവരുന്ന അപകടകാരികളായ അൾട്രാ-വയലറ്റ്‌ രശ്മികളെ തടഞ്ഞുനിർത്തുന്നതുവഴി ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിൽ ഓസോൺ പാളിക്ക്‌ വലിയ പങ്കാണുള്ളത്‌. ഭൗമോപരിതലത്തിൽനിന്ന്‌ ഏകദേശം 15 മുതൽ  50 കിലോമീറ്റർ വരെയുള്ള ഭാഗത്താണ്‌  ഈ സംരക്ഷണ പാളി സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ ഓസോൺ പാളിയിൽ ക്ഷതം സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങളുടെ ആരോഗ്യകരമായ നിലനിൽപ്പ്‌ അപകടത്തിലാകും.  

ആദ്യം കണ്ടത്‌ അന്റാർട്ടിക്കിൽ

1970-ന്റെ അവസാനത്തോടെയാണ് ആദ്യമായി ഓസോൺ ശോഷണം കണ്ടെത്തിയത്. അതും  ജനവാസമില്ലാത്ത ഒറ്റപ്പെട്ട പ്രദേശമായ ദക്ഷിണധ്രുവത്തിന്‌ (അന്റാർട്ടിക്ക) മുകളിലും. ക്രമേണ അവിടെ ഓസോൺ ശോഷണം ഗണ്യമായി വർധിക്കുകയും 1980-ന്റെ മധ്യത്തോടെ അത്‌ ഓസോൺ ദ്വാരമെന്ന അവസ്ഥയിലേക്ക്‌ എത്തുകയുംചെയ്‌തു.

ഓസോൺ ശോഷണത്തിലേക്കു നയിക്കുന്ന ഒരുതരത്തിലുമുള്ള രാസപദാർഥങ്ങൾ ഉൽപ്പാദിപ്പിക്കുകയോ ഉദ്വമിക്കുകയോ ചെയ്യാത്ത അന്റാർട്ടിക്കയുടെ അന്തരീക്ഷത്തിൽ എങ്ങനെ ഓസോൺ ദ്വാരം രൂപംകൊണ്ടു എന്ന്‌ തോന്നാം. ഭൂമിയിലെ പ്രധാന ജനാധിവാസ മേഖലകളായ ഉഷ്ണ-മിതോഷ്ണ മേഖലകളിൽനിന്നുള്ള ദോഷകരമായ വാതകങ്ങൾ അന്തരീക്ഷ ചംക്രമണം വഴിയാണ്‌ വിദൂരമായ ധ്രുവങ്ങളിലേക്ക്‌ എത്തിപ്പെടുന്നത്.

ദൂഷ്യവശങ്ങൾ അറിയാവുന്നതുകൊണ്ടുതന്നെ 1985 മാർച്ചിൽ ചില ലോകരാജ്യങ്ങൾ വിയന്നയിൽ സമ്മേളിക്കുകയും ഓസോൺ ശോഷണം തടയാനുതകുന്ന നിയമനിർമാണങ്ങൾക്ക്‌ തുടക്കം കുറിക്കുകയുംചെയ്തു. ഈ വിയന്ന കൺവൻഷനാണ് പിന്നീട് 87-ലെ മോൺഡ്രിയൽ പ്രോട്ടോകോളിലേക്ക്‌ നയിച്ചത്‌. ഓസോൺദ്വാരത്തിന്‌ കാരണമാകുന്ന ക്ലോറോ ഫ്ലൂറോ കാർബൺ (CFC) നിർമാർജനത്തിന്‌ ഉതകുന്ന നിയമനിർമാണം നടത്തുകയുംചെയ്തു. ഏകദേശം 197 രാജ്യം ഈ ഉടമ്പടിയിൽ ഒപ്പുവച്ചിട്ടുണ്ട്.

പ്രത്യേകതകൾ

എല്ലാ വസന്തത്തിലും അന്റാർട്ടിക്കയിൽ ക്രമാതീതമായി ഉണ്ടാകുന്ന ഓസോൺ ശോഷണം ക്രമേണ ഓസോൺ ദ്വാരമായി മാറുന്നു.     അന്റാർട്ടിക്കയിലെ ശൈത്യ,- വസന്ത ഋതുക്കളിൽ പ്രത്യേക കാലാവസ്ഥമൂലം ധ്രുവച്ചുഴിയും വളരെ താഴ്ന്ന ഊഷ്മാവും അതേത്തുടർന്നുണ്ടാകുന്ന പോളാർ സ്ട്രാറ്റോസ്ഫെറിക് മേഘങ്ങളും ഓസോൺ ശോഷണം അവിടെ രൂപപ്പെടാനുള്ള ഘടകങ്ങളാണ്. വസന്ത കാലാരംഭത്തിൽ സൂര്യരശ്മികൾ പതിക്കുന്നതുമുതൽ അവിടെ ഓസോൺ ശോഷണ രാസപ്രക്രിയ ആരംഭിക്കും. എന്നാൽ, ഇത്രകണ്ട് തണുപ്പോ, വലിയതോതൽ ധ്രുവമേഘങ്ങളോ ഇല്ലാത്തതും ധ്രുവച്ചുഴി അസ്ഥിരമായതുംമൂലം ഓസോൺ ശോഷണം ഉത്തരധ്രുവത്തിൽ (ആർട്ടിക്) താരതമ്യേന കുറവാണ്. ധ്രുവപ്രദേശങ്ങളിലൊഴികെ ഭൂമിയിലെ മറ്റു മേഖലയിലൊന്നും ഇത്രകണ്ട്‌ ഓസോൺ ശോഷണവും ഇല്ലെന്നുപറയാം.

കനേഡിയൻ പഠനം

2022-ൽ ക്യാനഡയിലെ ഒരുസംഘം ഗവേഷകർ ഇതിനു കടകവിരുദ്ധമായി, ഉഷ്ണമേഖലാപ്രദേശത്ത്‌ വർഷം മുഴുവനും നീളുന്ന ഓസോൺ ദ്വാരമുണ്ടെന്നും അതിന്    അന്റാർട്ടിക്കയിലേതിനേക്കാൾ ഏഴുമടങ്ങ്‌ വ്യാപ്തിയുണ്ടെന്നും പഠനം പ്രസിദ്ധീകരിച്ചു. അത്‌ അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ വാദിച്ചു. അന്റാർട്ടിക്കയിൽ ഓസോൺ ദ്വാരം സൃഷ്ടിക്കപ്പെടുന്ന സമാന പ്രക്രിയ വഴിയാണ്‌ ഇത്‌ സംഭവിക്കുന്നതെന്നും അവർ പറഞ്ഞു. ഈ നിഗമനങ്ങൾ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് ഫിസിക്സിന്റെ ജേർണലിൽ പ്രസിദ്ധീകരിക്കുകയുംചെയ്തു.  ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഭൂമുഖത്തെ പകുതിയിലധികം ജനങ്ങളും ജീവജാലങ്ങളും അധിവസിക്കുന്നത്‌. അതുകൊണ്ടുതന്നെ പഠനത്തിന്‌ വലിയ പ്രാധാന്യം ലഭിച്ചു. ഇത്‌ അടിസ്ഥാനമാക്കിയുള്ള പഠനങ്ങൾ ഏറെ നടന്നു.

ഐഐടി ഖരഗ്‌പുർ ഗവേഷണം

ഐഐടി ഖരഗ്പുരിലെ ഗവേഷകർ വിവിധ രാജ്യത്തെ ഗവേഷകരുമായി സഹകരിച്ച് കഴിയാവുന്നിടത്തോളം വിവരശേഖരണം നടത്തി. പലതരത്തിലുള്ള ഗവേഷണരീതികൾ അവലംബിച്ച് ഉഷ്ണമേഖല (ട്രോപിക്കൽ ഏരിയ)യിലെ ഓസോൺ പാളിയെപ്പറ്റി വിശദമായിപഠിച്ചു. രണ്ടുവർഷത്തോളം നടത്തിയ ഗവേഷണപഠനങ്ങളിൽ  ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ഓസോൺ തോതിൽ കഴിഞ്ഞ അഞ്ചുപതിറ്റാണ്ടുകളായി ഗണ്യമായ മാറ്റമൊന്നും ഇല്ലെന്നും അത്‌ നിലവിലെ ഓസോൺ ദ്വാര പരിമിതിയേക്കാൾ (ഓസോണിന്റെ അളവ് 220 DU എന്നത്) മുകളിലാണുള്ളതെന്നും കണ്ടെത്തി. പുതിയ ഏതെങ്കിലും രാസപ്രക്രിയകളോ ഓസോൺ ശോഷണത്തിലേക്കു നയിക്കുന്ന പദാർഥങ്ങളോ കണ്ടെത്താനുമായില്ല. ധ്രുവപ്രദേശങ്ങളിലൊഴികെ ഓസോൺ ദ്വാര നിർമിതിക്കുതകുന്ന സമാനമായ അന്തരീക്ഷസ്ഥിതിയും രാസപ്രക്രിയയും എവിടെയും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നും പഠനം പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top