ഗുഗിൾ പേ വഴി ഇടപാടുകൾ നടത്താൻ ഇനി കുടുംബത്തിലെ ഓരോരുത്തർക്കും പ്രത്യേകം അക്കൌണ്ടുകൾ വേണ്ടി വരില്ല. ചില്ലറ ഇടപാടുകൾ ഒരേ അക്കൌണ്ട് വഴി നടത്താൻ വ്യാപാര സ്ഥാപനങ്ങൾക്കും സമാന സർവ്വീസ് മേഖലയിലുള്ളവർക്കും സാധ്യമാവും. ഒരേ അക്കൌണ്ട് വഴി വ്യത്യസ്ത വ്യക്തികൾക്ക് ഇടപാട് നടത്താവുന്ന ഫീച്ചർ ഗൂഗിൾ പേ പ്രഖ്യാപിച്ചു.
ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ അടുത്തിടെ ഗുഗിൾ പേ അവതരിപ്പിച്ച യുപിഐ സര്‍ക്കിള്‍, യുപിഐ വൗച്ചര്‍, ക്ലിക്ക് പേ ക്യൂആര്‍ പോലുള്ള പുതിയ ചില ഫീച്ചറുകള്‍ ഇടപാടുകളിൽ കൂടുതൽ സ്വാതന്ത്ര്യം കൊണ്ടുവരുന്നതാണ്. ഈ വര്‍ഷം അവസാനത്തോടെ ഈ ഫീച്ചറുകളെല്ലാം ഗൂഗിള്‍ പേയിലെത്തുമെന്നാണ് ഫിൻടെക് ഫെസ്റ്റിലെ പ്രഖ്യാപനം.
ഒരു യുപിഐ അക്കൗണ്ടിൽ മറ്റ് ഉപഭോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണ് യുപിഐ സര്‍ക്കിള്‍. ഒരു സ്ട്രീമിങ് ആപ്പ് സബ്സ്‌ക്രൈബ് ചെയ്ത് അതിൽ വ്യത്യസ്ത ഇടപാടുകാർക്ക് അനുമതി നൽകാം. സെക്കണ്ടറി യൂസർമാരെ ചേർക്കാം
അതേസമയം പണകൈമാറ്റത്തിന്റെ സമ്പൂര്‍ണ നിയന്ത്രണം അക്കൗണ്ട് ഉടമയിൽ തന്നെ നിലനിൽക്കും. ഒരുമാസം നിശ്ചിത തുകമാത്രമേ ഇടപാട് നടത്താനാവൂ. ഒറ്റ തവണ ഇടപാട് നടത്താനാവുന്ന തുകയ്ക്കും നിയന്ത്രണമുണ്ട്. ഇതു തന്നെ രണ്ട് രീതിയിൽ പ്രയോജനപ്പെടുത്താം.
പാര്‍ഷ്യല്‍ ഡെലിഗേഷന്‍ എന്ന പേരിൽ അക്കൗണ്ട് ഉടമയുടെ അനുമതി ഉണ്ടെങ്കില്‍ ഓരോ ഇടപാടുകളും നടത്താനാവുന്നതാണ് ആദ്യത്തേത്. സെക്കന്‍ഡറി യൂസര്‍ യുപിഐ ആപ്പ് ഉപയോഗിച്ച് ക്യൂആര്‍ സ്‌കാന്‍ ചെയ്ത് പണമിടപാടിന് ശ്രമിക്കുമ്പോള്‍ അത് പേമെന്റ് റിക്വസ്റ്റ് ആയി അസ്സൽ അക്കൗണ്ട് ഉടമയുടെ ഫോണിലെത്തും. യുപിഐ നമ്പര്‍ നല്‍കി അതിന് അനുമതി നല്‍കിയാൽ പണമിടപാട് പൂർത്തിയാവും. ഓരോ തവണ നടത്തുന്ന ഇടപാടുകളും ഉടമയുടെ സമ്പൂര്‍ണ മേല്‍നോട്ടത്തിലായിരിക്കും.
ഈ നിയന്ത്രണം ഇല്ലാതെ ഫുള്‍ ഡെലിഗേഷൻ നൽകാൻ കഴിയുന്നതാണ് രണ്ടാമത്തേത്. ഒരു മാസം ഉപയോഗിക്കാവുന്ന പരമാവധി തുക അക്കൗണ്ട് ഉടമയ്ക്ക് നിശ്ചയിക്കാം. 15000 രൂപ വരെ അക്കൗണ്ട് ഉടമ നിശ്ചയിക്കുന്നത് പ്രകാരം സെക്കന്ററി യൂസർക്ക് ഇടപാട് നടത്താം. ഇങ്ങനെ നിശ്ചയിക്കുന്ന തുകയില്‍ നിന്ന് ഇടപാട് നടത്തുമ്പോള്‍ ഓരോ തവണയും അക്കൗണ്ട് ഉടമയുടെ അനുമതി തേടേണ്ടതില്ല. ഒരുതവണ പരമാവധി 5000 രൂപ വരെ എന്ന ക്രമത്തിൽ പരമാവധി 15000 രൂപ മാസം ഇങ്ങനെ കൈകാര്യം ചെയ്യാം.
പരമാവധി വിശ്വസ്തരായ അഞ്ച് പേരെ ഇത്തരത്തിൽ സെക്കണ്ടറി യൂസറാക്കി മാറ്റാനാവും. ഒരു സെക്കണ്ടറി യൂസറിന് അയാളുടെ ആപ്പ് ഉപയോഗിച്ച് ഒരു അക്കൗണ്ട് ഉടമയില്‍ നിന്ന് മാത്രമേ പണം സ്വീകരിക്കാനാവൂ.
പുതിയ സൌകര്യങ്ങൾ ഈ വർഷം തന്നെ
ഭാരത് ബില്‍ പേയുമായി സഹകരിച്ച് ഗൂഗിള്‍ പേ നൽകുന്ന പുതിയ ഫീച്ചറാണ് ക്ലിക്ക് പേ ക്യൂആര്‍. ഉപഭോക്താക്കള്‍ക്ക് ക്ലിക്ക് പേ ക്യൂആര്‍കോഡുകള്‍ ഗൂഗിള്‍ പേ ആപ്പ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് ബില്ലുകള്‍ അടയ്ക്കാന്‍ സാധിക്കും.
ക്ലിക്ക് പേ ക്യുആര്‍ കോഡുകള്‍ ജനറേറ്റ് ചെയ്യുന്നത് ബില്ലര്‍മാരാണ്. കസ്റ്റമര്‍ ഐഡി, അക്കൗണ്ട് നമ്പറുകള്‍ എന്നിവ ഓര്‍ത്തുവെക്കാതെ തന്നെ ഈ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് പേമെന്റ് നടത്താനാവും.
പ്രീപെയ്ഡ് യൂട്ടിലിറ്റീസ് പേമെന്റ് വഴി ഓരോ മാസവും വൈദ്യുതി ബില്ലുകള്‍, ഹൗസിങ് സൊസൈറ്റി ബില്ലുകള്‍ പോലുള്ളവ ഗൂഗിള്‍ പേയില്‍ നേരിട്ട് കണ്ടെത്താനും ലിങ്ക് ചെയ്യാനും കഴിയും. ആപ്പിനുള്ളില്‍ തന്നെ ആവര്‍ത്തിച്ചുള്ള പേയ്മെന്റുകള്‍ നിയന്ത്രിക്കുന്നതും ട്രാക്ക് ചെയ്യുന്നതും എളുപ്പമാവും.
ടാപ്പ് ആന്റ് പേ സൗകര്യം വഴി റുപേ കാര്‍ഡുകള്‍ ഗൂഗിള്‍ പേയുമായി ബന്ധിപ്പിക്കാനും പിഒഎസ് മെഷീനുകളില്‍ ഫോണ്‍ ടാപ്പ് ചെയ്ത് പേമെന്റ് നടത്താനും സാധിക്കും.
ഓട്ടോ പേ ഫോര്‍ യുപിഐ ലൈറ്റ് എന്നത് വാലറ്റ് ആണ്. നിശ്ചിത തുക യുപിഐ ലൈറ്റിലേക്ക് മാറ്റിയാല്‍ ബാങ്ക് സെര്‍വറുകളെ ആശ്രയിക്കാതെ അതിവേഗം ഇടപാട് നടത്താന്‍ സാധിക്കും. യുപിഐ ലൈറ്റില്‍ ബാലന്‍സ് തീരുമ്പോള്‍ നിശ്ചിത തുക ഓട്ടോമാറ്റിക് ആയി ടോപ്പ് അപ്പ് ചെയ്യുന്ന സൗകര്യവുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..