22 November Friday
കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നാണ് ആരോപണം

ടെലഗ്രാം ആപ്പിൽ എന്താണ് പ്രശ്നം; സ്വകാര്യതയെ ആരാണ് ഭയക്കുന്നത്

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

കഴിഞ്ഞ ഇരുപത്തിനാലാം തീയതിയാണ് ടെലഗ്രാമിന്റെ സിഇഒ ആയ പാവേൽ ഡൂറോവിനെ ഫ്രഞ്ച് അധികാരികള്‍ പാരിസ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റു ചെയ്യുന്നത്.

ടെലഗ്രാം ആപ്പില്‍ കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നതാണ് അദ്ദേഹത്തിനെതിരായ പ്രധാന ആരോപണം.

2013-ല്‍ ആരംഭിച്ച ടെലഗ്രാമിന് ഇന്ന് 90 കോടിയോളം ഉപയോക്താക്കളുണ്ട്. ഇന്ത്യയിൽ മാത്രം 100 മില്യൺ ഡൌൺലോഡ് ഉണ്ടായിട്ടുണ്ട്. ആദ്യന്തം എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ടതാണ് ഇതിലെ സന്ദേശ കൈമാറ്റ സോഫ്റ്റ്‌വെയര്‍. ഒരു ഏജന്‍സിക്കും സര്‍ക്കാരിനും ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറുന്ന പ്രശ്നമില്ല. കുറച്ചുപേര്‍ക്ക് സുരക്ഷിതവും മറ്റുള്ളവര്‍ക്ക് സുരക്ഷിതമല്ലാത്തതുമായ ആപ്പ് നിര്‍മിക്കാനാവില്ല. ഏതെങ്കിലുമൊന്നേ പറ്റൂ എന്നാണ് പാവെല്‍ പറയുന്നത്.

ടെലഗ്രാമിലെ സുരക്ഷിതമായ സന്ദേശ സൌകര്യം ഏകാധിപത്യ സര്‍ക്കാരുകള്‍ക്കെതിരായ പ്രതിഷേധ സമരങ്ങള്‍ക്ക് കരുത്തുപകരാൻ പ്രയോജനപ്പെടുത്തപ്പെടുന്നുണ്ട്. റഷ്യ-യുക്രെയിന്‍ യുദ്ധം, ഗാസയിലെ ഇസ്രായേല്‍ നടപടി തുടങ്ങി യുദ്ധങ്ങളിലും ലോകം കണ്ട് ജനകീയ പോരാട്ടങ്ങളിലും മുഖ്യധാരാ മാധ്യമങ്ങള്‍ മറച്ചുവെച്ചത് പലതും ടെലഗ്രാമിലൂടെയാണ് കൈമാറിയെത്തിയത്.

ഫ്രാൻസ് ഇപ്പോൾ പാവേലിന് ജാമ്യം അനുവദിച്ചു. രാജ്യം വിട്ട് പോകരുത് എന്ന ഉപാധിയിൽ അഞ്ച് മില്യൺ യൂറോ ജാമ്യത്തുകയും വിധിച്ചു.

എന്താണ് കുറ്റം

ആപ്പില്‍ കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നതാണ് ഡ്യൂറോവിന് എതിരായ പ്രധാന ആരോപണം. കുട്ടികളുടെ രതിചിത്ര വിനിമയം, മയക്കുമരുന്ന് കച്ചവടം, പണം വെളുപ്പിക്കല്‍, ക്രിപ്റ്റോ ഇടപാടുകൾ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ടെലഗ്രാം വഴി നടക്കുന്നു. ഇതിന് സ്വകാര്യതാ സൌകര്യം പ്രയോജനപ്പെടുത്തുന്നു. അവ തടയാനുള്ള അധികൃതരുടെ ആവശ്യത്തോട് പാവെല്‍ സഹകരിക്കുന്നില്ല എന്നാണ് ഫ്രാന്‍സ് ആരോപിക്കുന്നത്.

ഭീകര സംഘടനകള്‍ തങ്ങളുടെ സൈന്യത്തില്‍ ആളെ ചേര്‍ക്കുവാനും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുവാനും ഇത് ഉപയോഗിക്കുന്നുണ്ട്. തങ്ങളാരാണെന്ന കാര്യം രഹസ്യമായി സൂക്ഷിക്കാനുള്ള സൗകര്യം കാരണം പല കുറ്റവാളികള്‍ക്കും ടെലഗ്രാം സുരക്ഷിത താവളമായി മാറിയിട്ടുണ്ട്. കുട്ടികളുടെ ലൈംഗികപീഡനം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവയ്ക്കുന്നതു തടയാന്‍ വ്യക്തമായ നയങ്ങള്‍ ഇല്ല എന്നിങ്ങനെ ആരോപണങ്ങളും പിന്നാലെയുണ്ട്.

39-കാരനായ പാവെല്‍ 2013-ലാണ് റഷ്യ വിട്ടോടി ദുബായില്‍ താമസമാക്കിയത്. അദ്ദേഹത്തിനുള്ളത് ഫ്രഞ്ച്- യു.എ.ഇ പൗരത്വമാണ്. പാവെലിന്റെ കുടുംബം അദ്ദേഹത്തിന് നാല് വയസായപ്പോൾ ഇറ്റലിയില്‍ കുടിയേറിയതാണ്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ ജന്മനാട്ടില്‍ തിരിച്ചെത്തി.

കണക്കിൽ മിടുക്കരായിരുന്നു പാവെലും ജ്യേഷ്ഠന്‍ നിക്കൊളായിയും. ഗണിതശാസ്ത്ര ഒളിമ്പ്യാഡിൽ സ്വര്‍ണം നേടിയിട്ടുണ്ട്. കോഡിങില്‍ അസാമാന്യ വൈഭവമുണ്ടായിരുന്ന പാവെല്‍ 21 വയസ്സുള്ളപ്പോള്‍ ആരംഭിച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റ് വീകോണ്ടാക്ട് (VK, Vkontakte) അതിവേഗം ജനപ്രീതി നേടി.

 റഷ്യന്‍ ഫെയ്സ്ബുക്ക് എന്നറിയപ്പെട്ട വീക്കേ 2013-ല്‍ റഷ്യന്‍ അനുകൂലിയായ യുക്രൈന്‍ പ്രസിഡന്റ് വിക്തോര്‍ യാനുക്കോവിച്ചിനെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് പരക്കെ ഉപയോഗിക്കപ്പെട്ടു. ഇത് സ്വാഭാവികമായും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിനെ അലോസരപ്പെടുത്തി. വീക്കെ ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറാന്‍ പാവെല്‍ വിസമ്മതിച്ചതോടെ അദ്ദേഹത്തിന് നില്‍ക്കക്കള്ളിയില്ലാതായി. വീക്കേ വിറ്റ ശേഷമാണ് പാവെല്‍ റഷ്യ വിട്ട് ഓടിപ്പോയത്.

ടെലഗ്രാം തന്നെയും 2018 ൽ റഷ്യ നിരോധിച്ചിരുന്നു. പിന്നീട് 2020 ൽ നിരോധനം നീക്കി. ജർമനി അഞ്ച് മില്യൺ ഡോളർ പിഴ വിധിച്ചിരുന്നു. 2023 ൽ ബ്രസീലും നിരോധനം കൊണ്ടു വന്നു. ഇന്ത്യയിൽ വിവാദമായ നീറ്റ് യുജി പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടും ടെലഗ്രാം പ്രതിസ്ഥാനത്ത് ചർച്ച ചെയ്യപ്പെട്ടു.

 

സ്വകാര്യത ആരാണ് ഭയക്കുന്നത്

സ്വകാര്യതയ്ക്ക് വലിയ വില കല്പിക്കുകയും ഇതര രാജ്യങ്ങളെ സ്വകാര്യതാ ലംഘനങ്ങളുടെ പേരിൽ കുറ്റപ്പെടുത്തുകയും ചെയ്യുന്ന രാജ്യങ്ങൾ തന്നെയാണ് ഇപ്പോൾ ടെലഗ്രമിന് എതിരെ രംഗത്ത് നിരന്നിരിക്കുന്നത്.

ഇതര സോഷ്യൽ മീഡിയ ഭീമൻമാർ എങ്ങനെ നിലനിൽക്കുന്നു എന്ന രഹസ്യം വെളിപ്പെടുത്തുന്ന ഒരു കുറ്റ സമ്മതവും പാവേൽ ഡ്യൂറോവിന്റെ അറസ്റ്റിന് സമാന്തരമായി ഉണ്ടായിട്ടുണ്ട്.

ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഒരു കുറ്റസമ്മതമാണത്. കോവിഡ് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയാനും ജോ ബൈഡന്റെ മകന്‍ ഉള്‍പ്പെട്ട വിവാദം മുക്കാനും അമേരിക്കന്‍ സര്‍ക്കാര്‍ തന്റെ മേല്‍ സമ്മര്‍ദം ചെലുത്തി എന്നായിരുന്നു ഇത്. സെനറ്റിലെ ജുഡീഷ്യല്‍ സമിതിക്കെഴുതിയ കത്തിലാണ് കുറ്റ സമ്മത മൊഴി.

ഈ സാഹചര്യത്തിലാണ് പവേലിന്റെ വാക്കുകൾ ചർച്ച ചെയ്യപ്പെടുന്നത്. കുറച്ചുപേര്‍ക്ക് സുരക്ഷിതമെന്ന് തോനുന്നതും മറ്റുള്ളവര്‍ക്ക് സുരക്ഷിതമല്ലെന്ന് തോനുന്നതുമായി ആപ്പ് നിര്‍മിക്കാനാവില്ല. ഏതെങ്കിലുമൊന്നേ പറ്റൂ എന്നാണ് പാവെല്‍ പറഞ്ഞത്. ഭരണകൂടങ്ങൾക്കും അധികാരത്തിനും വഴങ്ങില്ല എന്ന പ്രഖ്യാപനമായി ഇതിനെ വായിക്കുന്നവരുണ്ട്.

എന്നാൽ സിം കാർഡ് ഇല്ലാതെ. ഫോൺ എന്ന ഡിവൈസിന്റെ മേൽവിലാസം ഇല്ലാതെ ഒരാൾ ടെലഗ്രാമിൽ കയറി കുറ്റകൃത്യങ്ങൾ നടത്തുമ്പോൾ എങ്ങിനെ തടയും എന്നതിന് ഉത്തരമില്ല. ഇതും ഒരു സുരക്ഷയല്ലെ. എന്തിന് അവ ഒഴിവാക്കുന്നു എന്നാണ് ചോദ്യം.  ടെലഗ്രാമിന് ചുറ്റും ചർച്ചകൾ കൊഴുക്കുകയാണ്.

ആദ്യം ജയിലില്‍ പോവേണ്ടത് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് അല്ലേ എന്ന ചോദ്യമാണ് അഭിപ്രായസ്വാതന്ത്ര്യപ്പോരാളികള്‍ ഉയര്‍ത്തുന്നത്. ഭീകരവാദ, മയക്കുമരുന്ന്, ബാല രതിചിത്ര വ്യാപാരങ്ങള്‍ തുടങ്ങിയവ ഏറ്റവും കൂടുതല്‍ നടക്കുന്ന പ്ലാറ്റ്ഫോമുകളാണ് ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും. പിന്നെ എന്താണ് ടെലഗ്രാമിന്റെ മാത്രം പ്രശ്നം.

സക്കർബർഗിന്റെ കുറ്റസമ്മതം എന്തായിരുന്നു

കൊറോണക്കാലത്ത് ബഹുരാഷ്ട്രക്കുത്തകകളായ ഫൈസറിന്റെയും മോഡേണയുടെയും വാക്സിനുകള്‍ നിര്‍ബന്ധമാക്കുന്നതിനായുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു വാക്സിന്‍ വിരുദ്ധവാര്‍ത്തകള്‍ നീക്കം ചെയ്യാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. അന്ന് ഇതിന് ചുക്കാന്‍ പിടിച്ച ഡോ ഫൗച്ചി പിന്നീട് വാക്സിനെടുത്താല്‍ രോഗബാധ വരില്ലെന്ന് ഉറപ്പില്ലെന്നും വീണ്ടും വരാനുള്ള സാധ്യതയുണ്ടെന്നും സമ്മതിച്ചിരുന്നു. അതിനിടെ, അതിവേഗം പടരുന്ന ഓമിക്രോണ്‍ വകഭേദമായ ജെ.എന്‍ ഒന്നിന്റെ രൂപാന്തരമായ കെ.പി രണ്ടിനെതിരായ വാക്സിന്‍ അമേരിക്കയില്‍ തയ്യാറായിട്ടുണ്ട്. ഉല്‍പ്പാദകര്‍ ഫൈസറും മോഡേണയും തന്നെ. ഇതിന് എഫ്.ഡി.എ അനുമതി നല്‍കി.

സോഷ്യൽ മീഡിയ എന്ന രാഷ്ട്രീയം

കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട സോഷ്യല്‍ മീഡിയാ നെറ്റ്വര്‍ക്കുകളില്‍ (ബിഗ് ടെക്) ഭൂരിഭാഗവും ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായിരുന്നു. അവര്‍ ബൈഡനെതിരായ വാര്‍ത്തകളും ട്രംപനുകൂല വാര്‍ത്തകളും മുക്കി. പക്ഷേ, ഇപ്പോള്‍ ഇലോണ്‍ മസ്‌ക് വിലയ്ക്കെടുത്തതില്‍ പിന്നെ എക്സില്‍ സെന്‍സറിംഗ് നിര്‍ത്തിയിരിക്കയാണ്. ടെലഗ്രാം സ്വന്തമാക്കാനുള്ള രാഷ്ട്രീയ നീക്കവും ഈ സാഹചര്യത്തിൽ സംശയിക്കുന്നു.

റഷ്യ വിട്ടോടിയ ആളാണെങ്കിലും പുതിനുമായി പാവെല്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്ന ആരോപണം ഉണ്ടായിരുന്നു. ഈയിടെ പുതിന്‍ അസര്‍ബൈജാന്‍ സന്ദര്‍ശിക്കുന്ന സമയത്ത് പാവെലും കാമുകിയും അവിടെ ഉണ്ടായിരുന്നു. റഷ്യന്‍ പ്രസിഡന്റിനെ കണ്ടിട്ടില്ല എന്ന് പിന്നീട് ടെലഗ്രാം വക്താക്കൾക്ക് വിശദീകരിക്കേണ്ടി വന്നു. ഡൂറോവ് തടവിലായ ഉടനെതന്നെ റഷ്യ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. തങ്ങളുടെ പൗരനെ ഫ്രാന്‍സ് അറസ്റ്റു ചെയതത് ന്യായീകരിക്കാനാവില്ലെന്നാണ് യു എ ഇ പറയുന്നത്. ഫ്രാന്‍സുമായുള്ള കോടികളുടെ ഒരു ആയുധ ഇടപാട് യു എ ഇ വേണ്ടെന്നു വെച്ചതായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. രാഷ്ട്രീയ ബന്ധങ്ങൾ മാറിമറിയുന്നതും ആയുധക്കച്ചവടവും വരെ അറസ്റ്റിന് പിന്നിൽ അണിനിരക്കുന്നു.

സോഷ്യൽ മീഡിയ സൈറ്റുകൾ വെറും സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനുമുള്ള സ്വകാര്യ പ്ലാറ്റ്ഫോമുകൾ അല്ല. അതിന് പിന്നിലെ രാഷ്ട്രീയവും യുദ്ധ സമാനമാവുകയാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top