22 November Friday

അസ്വാഭാവികതയുടെ കാലവർഷക്കാലം

ഡോ. ശംഭു കുടുക്കശ്ശേരിUpdated: Sunday Aug 4, 2024

കഴിഞ്ഞ കുറെ വർഷമായി കണ്ടുവരുന്ന ഇടവപ്പാതിയിലെ അസ്വാഭാവികത ഈ കാലവർഷക്കാലത്തും പ്രകടമാണ്‌. മെയ്‌ അവസാന ആഴ്ചയോടെയാണ്‌ തെക്കുപടിഞ്ഞാറൻ കാലവർഷ മഴ ലഭ്യമായിത്തുടങ്ങിയത്‌. കേരളത്തിലും വടക്കുകിഴക്കൻ ഇന്ത്യയിലും മെയ്‌ 30ന്‌ കാലവർഷം എത്തി. ബംഗാൾ ഉൾക്കടലിൽ മേയ്അവസാനം നിലകൊണ്ട റെമാൽ ചുഴലിക്കാറ്റ്‌ കാലവർഷത്തിന്റെ വരവിനെ ത്വരിതപ്പെടുത്തി. പ്രതീക്ഷിച്ചതിനേക്കാൾ മഴക്കുറവുമായി ആയിരുന്നു തുടക്കം.  
ജൂണിൽ മഴക്കുറവ്‌ രാജ്യത്ത്‌ 11 ശതമാനവും കേരളത്തിൽ 25 ശതമാനവും ആയിരുന്നു. മണിപ്പുർ, മിസോറം, ജാർഖണ്ഡ്‌, ബിഹാർ സംസ്ഥാനങ്ങളിൽ യഥാക്രമം 62ഉം 38ഉം 29ഉം 61ഉം 53ഉം  ശതമാനം മഴക്കുറവ്‌ രേഖപ്പടുത്തി. എന്നാൽ, രാജ്യതലസ്ഥാനമായ ഡൽഹിയിൽ 44 ശതമാനം അധികമഴ പെയ്‌തിറങ്ങി പ്രളയം സൃഷ്ടിച്ചു. മൺസൂൺ ന്യൂനമർദപ്പാത്തി (monsoon trough) രൂപപ്പെടൽ, പടിഞ്ഞാറൻ ക്ഷോഭം (western disturbance) എന്നിവയായിരുന്നു കാരണം. ഉത്തരാഖണ്ഡ്‌, ഹിമാചൽപ്രദേശ്‌, പഞ്ചാബ്, കശ്‌മീർ എന്നിവിടങ്ങളിൽ 48ഉം 38ഉം 34ഉം ശതമാനം മഴക്കുറവ്‌ ആയിരുന്നപ്പോൾ ലഡാക്കിൽ 385 ശതമാനം മഴ അധികമായി ലഭിച്ചു. ഗുജറാത്ത്, ഒഡിഷ, ഛത്തീസ്‌ഗഢ്‌ എന്നിവിടങ്ങളിൽ 30ഉം 27ഉം 28ഉം ശതമാനം മഴക്കുറവ്‌ ഉണ്ടായപ്പോൾ കേരളത്തിന്റെ അയൽപക്കമായ തമിഴ്നാട്ടിൽ 116 ശതമാനവും ആന്ധ്രയിൽ 64 ശതമാനവും അധികം മഴ രേഖപ്പെടുത്തി. മഴയളവുകളിലെ ഈ സ്ഥലകാല വൈപരീത്യം ഇടവപ്പാതിയുടെ ആദ്യ മാസംതന്നെ കാണപ്പെട്ടു.

ജൂലൈ രണ്ടോടെ (ആറ്‌ ദിവസം നേരത്തേ) ഇന്ത്യയൊട്ടാകെ  മൺസൂൺ വ്യാപിച്ചിരുന്നു. ജൂൺ ഒന്നുമുതൽ ആഗസ്ത്‌ ഒന്നുവരെ രാജ്യത്ത്‌ 65 ശതമാനം ജില്ലകളിലും സാധാരണ മഴയിലധികം ലഭിച്ചു. കേരളത്തിൽ ഇക്കാലയളവിൽ നാലുശതമാനം സാധാരണ മഴ രേഖപ്പെടുത്തി. ഇടുക്കി (22 ശതമാനം), എറണാകുളം ( 26 ശതമാനം) ജില്ലകളിൽ മഴ കുറവായിരുന്നു.

കാലാവസ്ഥാ വ്യതിയാനം പ്രകടം

ഓരോ മാസവുമുള്ള മഴയളവിലുള്ള വ്യത്യാസത്തിനൊപ്പം മഴ വിതരണത്തിലും അതിസങ്കീർണമായ മാറ്റവും പ്രകടമായി. പ്രാദേശിക, -സംസ്ഥാന, -മേഖലാതല അന്തരീക്ഷ പ്രതിഭാസങ്ങളിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന  വ്യത്യാസങ്ങളാണ്‌ ഇവയ്‌ക്ക്‌ കാരണം. താപഗതിക അസ്ഥിരതകൾ, അന്തരീക്ഷച്ചുഴികൾ, മർദത്തിലും കാറ്റിലും കാണുന്ന നിമ്ന–-- ന്യൂനപ്പാത്തികൾ, ഉഷ്ണതരംഗങ്ങൾ, അസ്ഥിരമായ സംവഹന പ്രക്രിയകൾ, കാറ്റിന്റെ ഗതിയിലെ അസ്ഥിരതകൾ, മൺസൂൺ താഴ് മണ്ഡലക്കാറ്റിന്റെ നാളീ (Monsoon low level jet)ഗതി- വേഗതാ-വ്യാപ്തി, മൺസൂൺ ന്യൂനമർദപ്പാത്തിയുടെ കിടപ്പ്, ഭൂമധ്യരേഖാ ന്യൂനമർദമേഖലാ (Equatorial trough) വിസ്ഥാപനം ഇവയെല്ലാം സാധാരണ രീതിയിൽനിന്നും ചാഞ്ചാട്ടത്തിന്‌ വിധേയമാകുന്നത്‌ കാലവർഷത്തിന്റെ സ്വഭാവത്തെയും ബാധിക്കുന്നു. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ആഘാതമാണ്‌ ഈ ചാഞ്ചാട്ടത്തിനു കാരണം.

8 ചക്രവാത ചുഴിക്കണ്ണികൾ

സമുദ്രാ- അന്തരീക്ഷ പ്രതിഭാസങ്ങളായ എൽ നിനോ, ലാനിന, തെക്കൻ ആന്ദോളനം (Southern oscillation), ഇന്ത്യൻ മഹാസമുദ്ര ദ്വൈധ്രുവത (Indian Ocean Dipole) എന്നിവയും ഇടവപ്പാതി മഴയെ സാരമായി സ്വാധീനിക്കുകയാണ്‌.

മൺസൂൺ ന്യൂനമർദപ്പാത്തിയുമായി ബന്ധപ്പെട്ട ചക്രവാത അന്തരീക്ഷച്ചുഴിച്ചങ്ങലയിൽ എട്ട്‌  ചക്രവാത അന്തരീക്ഷച്ചുഴിക്കണ്ണികൾ കഴിഞ്ഞമാസം 31നു കാണപ്പെട്ടു. ഇവ വടക്കുകിഴക്കൻ തായ്-ലാവോസ്, മിസോറം, മേഘാലയ, അസം, പശ്ചിമബംഗാൾ, വടക്കുകിഴക്കൽ മധ്യപ്രദേശ്, പടിഞ്ഞാറൻ യുപി, ഉത്തരാഖണ്ഡ്, ഡൽഹി, ഹരിയാന, ഹിമാചൽ എന്നിവയ്ക്കു മുകളിലായി ഒന്നര കിലോമീറ്റർ ഉയരത്തിലാണ്‌ കാണപ്പെട്ടത്‌. ഇതിൽ ഉത്തരാഖണ്ഡ്, ഡൽഹി, ഹരിയാന, ഹിമാചൽ സംസ്ഥാനങ്ങൾക്കു മുകളിലായിരുന്ന ചുഴിയിലെ വായുപിണ്ഡവുമായി, വടക്കൻ അറബിക്കടലിൽ നിലനിന്ന ന്യൂനമർദപ്പാത്തി മൂലമുള്ള വായുപിണ്ഡം കൂടിച്ചേർന്നു. ഇത്‌ ജൂലൈ 31ന്‌ അർധരാത്രിയിൽ ഈ സംസ്ഥാനങ്ങളിൽ മിന്നൽപ്രളയവും  മേഘസ്ഫോടന പരമ്പരകളും സൃഷ്ടിച്ചു. ഇത്തരം പ്രതിഭാസങ്ങൾ  അതിതീവ്രമഴ, മേഘസ്‌ഫോടനം, പ്രളയം, ഉരുൾപൊട്ടൽ എന്നിവയ്‌ക്ക്‌ വഴിവയ്‌ക്കും.

കേരളത്തിൽ

ഉരുൾപൊട്ടൽ ദുരന്തങ്ങളിൽ ഏറ്റവും ഭയാനകവും അതീവ ദാരുണവുമായതുമാണ്‌ വയനാട്ടിൽ ഉണ്ടായിരിക്കുന്നത്‌. അതിതീവ്രമഴയാണ്‌ മഹാദുരന്തത്തിനു കാരണമായത്‌. കുറച്ചുമണിക്കൂർ കൊണ്ട്‌ അതിതീവ്രമഴയോ അതിന്റെ ഇരട്ടിയോ രേഖപ്പെടുത്തിയത്‌ അത്യപൂർവം. കുപ്പാടി (122.7 മി.മീ.), വൈത്തിരി (280 മി. മീ.), മാനന്തവാടി (204 മി.മീ.), അമ്പലവയൽ (142.2 മി.മീ.), പടിഞ്ഞാറത്തറ (303 മി.മീ. )എന്നിവിടങ്ങളിൽ ജൂലൈ 30നു രാവിലെവരെ അസാധാരണ മഴയാണ്‌ പെയ്‌തിറങ്ങിയത്‌. പുത്തുമലയിൽ 572 മില്ലിമീറ്ററും.  കേരളത്തിനു മുകളിൽ താഴ്‌ന്ന അന്തരീക്ഷമണ്ഡലത്തിൽ (1.5 കി.മി.) കരയിൽ നിലനിന്ന മൺസൂൺ കാറ്റിലെ ന്യൂനപ്പാത്തിയാണ് തീവ്രമഴയിലേക്ക്‌ നയിച്ചത്‌. കരയിലെ അസ്വാഭാവിക മർദത്തളർച്ച അറബിക്കടലിൽ തീവ്രസംവഹന മേഘവൽക്കരണത്തിനു കാരണമായി. ജൂലൈ 28നും 29നും മർദത്തളർച്ച വടക്കൻകേരളത്തിൽ ഏറിയിരുന്നത്‌ ന്യൂനമർദപ്പാത്തി രേഖയിലെ ചരിവുമൂലമാണ്. ഇതേ രീതിയിലുള്ള  മർദത്തളർച്ചമൂലം 2021 ഒക്ടോബർ 16ന്‌ അതിതീവ്ര മഴരേഖപ്പെടുത്തിയിട്ടുണ്ട്‌. മിന്നൽച്ചുഴലികളും  അതിതീവ്രമഴയും മേഘസ്‌ഫോടനങ്ങളുമെല്ലാം കാലാവസ്ഥാ മാറ്റത്തിന്റെ ബാക്കിപത്രങ്ങളായി കാണണം. ഇവ കൂടുതലായി കണ്ടുവരുന്ന സാഹചര്യത്തിൽ കൂടുതൽ പഠനങ്ങൾ അനിവാര്യമാണ്‌. തത്സസമയ പ്രവചന, മുന്നറിയിപ്പ്‌ സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top