22 December Sunday

കൈലാക്‌ എത്തി; സുരക്ഷയിലും സുഖത്തിലും വിട്ടുവീഴ്‌ചയില്ലാതെ

സുജിത്‌ ബേബിUpdated: Wednesday Nov 6, 2024



മുംബൈ
കൂടുതൽ സൂരക്ഷയും യാത്രാസുഖവും വാഗ്‌ദാനം ചെയ്‌ത്‌ ഇന്ത്യൻ നിരത്തിലെ  കോംപാക്ട്‌ എസ്‌യുവികളുമായി മത്സരിക്കാൻ സ്കോഡ കൈലാക്‌ പുറത്തിറങ്ങി. മുംബൈ ജിയോ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിലാണ്‌ സ്കോഡയുടെ പുത്തൻ എസ്‌യുവി കൈലാക്‌ പുറത്തിറക്കിയത്‌. ഡിസംബർ രണ്ടിന്‌ ബുക്കിങ്‌ ആരംഭിക്കുന്ന കൈലാക്‌ ജനുവരി 27 മുതൽ ഉടമകളുടെ കയ്യിലെത്തും. 7.89 ലക്ഷം രൂപയിൽ ആരംഭിക്കുന്ന കൈലാക്‌ ഇന്ത്യയിലെ മധ്യവർഗ കാർപ്രേമികളുടെ മനംകവരും.

രൂപകൽപനയിൽ ഏറെ പുതുമകളുമായാണ്‌ കൈലാകിന്റെ വരവ്‌. വിശാലമായ ഇന്റീരിയറിൽ 464 ലിറ്റർ ബൂട്ട്‌ സ്‌പേസാണ്‌ നൽകിയിരിക്കുന്നത്‌. ആറ്‌ എയർബാഗടക്കം സുരക്ഷയിൽ വിട്ടുവീഴ്‌ചയില്ലെന്ന പ്രഖ്യാപനവുമുണ്ട്‌. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, മൾട്ടി കൊളീഷൻ ബ്രേക്ക്, ബ്രേക്ക് ഡിസ്ക് വൈപ്പിങ് തുടങ്ങി 25 സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 6 സ്പീഡ്‌  മാനുവൽ, ഓട്ടോമാറ്റിക്‌ ഗിയർ സംവിധാനമാത്തിലാണ്‌ കുതിപ്പ്‌.


 

ഇലക്ട്രിക്‌ അഡ്‌ജസ്റ്റ്‌മെന്റ്‌ സൗകര്യമുള്ള ലെതർ, വെന്റിലേറ്റഡ്‌ സീറ്റാണ്‌ കൈലാകിന്‌ നൽകിയിരിക്കുന്നത്‌. ബൂട്ട്‌ കപ്പാസിറ്റി വർധിപ്പിച്ചുവെന്നതാണ്‌ മറ്റൊരു പ്രത്യേകത. ഇത്‌ 1256 ലിറ്റർ വരെ വർധിപ്പിക്കാനാകും. 25.6 മില്ലീമീറ്റർ സ്ക്രീനും ആപ്പിൾ കാർപ്ലേയടക്കം മികച്ച ഇൻഫോടെയ്‌ൻമെന്റ്‌ സൗകര്യങ്ങളുമുണ്ട്‌. മുൻനിര വേരിയന്റുകളിൽ ഇലക്ട്രിക്‌ സൺറൂഫുമുണ്ട്‌. സുരക്ഷയ്ക്കൊപ്പം ഭംഗയിലും  വീട്ടുവീഴ്ച ചെയ്‌തിട്ടില്ല. ത്രിഡി  റിബുകളോട്‌  കൂടിയ ഗ്രിൽ, ഫോർ ഐ ഹെഡ്‌ലൈറ്റ്‌, മുൻഭാഗത്തെ അലുമിനിയം സ്‌പോയിലർ തുടങ്ങിയവ കൈലാകിന്‌ കൂടുതൽ മിഴിവേകുന്നു. 3995 മില്ലി മീറ്റർ നീളവും  1783 മില്ലീമീറ്റർ വീതിയും 2566 മില്ലിമീറ്റർ വീൽബേസും 189 മില്ലിമീറ്റർ ഗ്രൗണ്ട്‌ ക്ലിയറൻസുമാണ്‌ കൈലാകിന്‌. ഒലീവ്‌ ഗോൾഡ്‌ അടക്കം അഞ്ച്‌ നിറങ്ങളിൽ കൈലാക്‌ ലഭ്യമാകും. ടോപ്‌ വേരിയന്റാണ്‌ ചടങ്ങിൽ പുറത്തിറക്കിയത്‌. മറ്റുള്ളവ ജനുവരി 17ന്‌  ഭാരത്‌ മൊബിലിറ്റി ഷോയിൽ അവതരിപ്പിക്കും.

സാധാരണക്കാരന്‌ താങ്ങാവുന്ന കോംപാക്ട്‌ എസ്‌യുവിയെന്ന  സ്വപ്നമാണ്‌ കൈലാകിലൂടെ തങ്ങൾ സഫലമാക്കുന്നതെന്ന്‌ സ്കോഡ ഓട്ടോ സിഇഒ ക്ലോസ്‌ സെൽമെർ പറഞ്ഞു. കോഡിയാക്‌, കുഷാക്‌ എന്നീ എസ്‌യുവികൾക്കൊപ്പം കൈലാക്കും നിരത്തിൽ നിറയുമെന്നും അദ്ദേഹം പറഞ്ഞു. കൈലാകിന്റെ വരവ്‌ ഇന്ത്യൻ വിപണയിൽ സ്‌കോഡയുടെ ചരിത്രത്തിൽ നാഴികകല്ലായി മാറുമെന്ന്‌ സ്കോഡ ഓട്ടോ സെയിൽസ്‌ ആന്റ്‌ മാർക്കറ്റിങ്‌ ബോർഡംഗം മാർട്ടിൻ ജാൻ അഭിപ്രായപ്പെട്ടു. സാധാരക്കാർക്ക്‌ പ്രാപ്യമായ വിലയിൽ കൂടുതൽ സുരക്ഷയും സൗകര്യങ്ങളുമൊരുക്കാൻ കൈലാകിന്‌ സാധിച്ചതായി സ്കോഡ ഓട്ടോ ഇന്ത്യ മാനേജിങ്‌ ഡയറക്ടർ പീയുഷ്‌  അറോറ പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top