23 December Monday

‘മഴവരുന്നോ.. ചുഴലിവരുന്നോ ..’കാലാവസ്‌ഥാ നിർണയത്തിനായി 100 ഒട്ടോമാറ്റിക്‌ വെതർ സ്റ്റേഷനുകൾക്ക്‌ അനുമതി

ദിലീപ് മലയാലപ്പുഴUpdated: Wednesday Feb 13, 2019

തിരുവനന്തപുരം> കേരളത്തിൽ കൂടുതൽ ആധുനീക കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യം ഒടുവിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അംഗീകരിച്ചു. സംസ്ഥാനത്ത് 100 ഓട്ടോമാറ്റിക്ക് വെതർ  സ്റ്റേഷനുകൾ അനുവദിച്ച് വകുപ്പ് ഉത്തരവായി.

സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ സമ്മർദ്ദത്തെ തുടർന്നാണ് നടപടി.ഇവ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. സംസ്ഥാനത്തെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വിശദമായ കത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പിന് നൽകിയിരുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ തുടർച്ചയായി ഈ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

കേരളത്തിൽ നാശം വിതച്ച ഓഖി ചുഴലിക്കാറ്റ്, മഹാപ്രളയത്തിന് കാരണമായ പേമാരി തുടങ്ങിയവ മുൻകൂട്ടി പ്രവചിക്കുന്നതിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് ഗുരുതരമായ വീഴ്ച സംഭവിച്ചിരുന്നു. സമീപകാലങ്ങളിലായി കേരള തീരമുൾപ്പെടുന്ന അറബിക്കടലിലും തെക്ക് ഇന്ത്യൻ മഹാസമുദ്രത്തിലും വലിയ തോതിലുള്ള കാലാവസ്ഥാ മാറ്റങ്ങളുണ്ടാവുന്നുണ്ട്. അറബിക്കടലിന്റെ തെക്കും ഇന്ത്യൻ മഹാസമുദ്രത്തിലുമായി അപ്രതീക്ഷിതമായി രൂപപ്പെടുന്ന ചുഴലിക്കാറ്റുകളെ പറ്റി കൃത്യമായി പ്രവചിക്കുന്നതിനും അതിന്റെ ഗതിയും ശക്തിയും മുൻകൂട്ടി അറിയിക്കുന്നതിലും കേന്ദ്ര കാലാവസ്ഥാ വകുപ്പിന് വീഴ്ച വരികെയാണ്.  മുൻ കരുതലുകൾ സ്വികരിക്കുന്നതിനേയും ദുരന്തനിവാരണ പ്രവർത്തനങ്ങളേയും ഇത് ബാധിക്കും.

മഹാപ്രളയത്തിന് കാരണമായ കഴിഞ്ഞ ആഗസ്റ്റിലെ അതിതീവ്രമഴ മുൻകൂട്ടി പ്രവചിക്കാനോ മുന്നറിയിപ്പ് നൽകാനോ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് കഴിഞ്ഞിരുന്നില്ല. മഴമാപിനികളുടെ പ്രവർത്തനവും കാര്യക്ഷമമല്ല. 75 സ്ഥലങ്ങളിലുള്ള മാപിനികളിൽ പലതും പ്രവർത്തിക്കുന്നുമില്ല.

നിലവിൽ തിരുവനന്തപുരത്തുള്ള ഡോപ്ലർ വെതർ റഡാറിന്റെ പ്രയോജനവും വേണ്ടവണ്ണം സംസ്ഥാനത്തിന് ലഭിക്കുന്നില്ല.

ഈ സാഹചര്യത്തിലാണ് കേരളത്തിൽ കാലാവസ്ഥാ നിരീക്ഷണത്തിനും പ്രവചനത്തിനും ഏറ്റവും ആധുനികമായ കേന്ദ്ര സംവിധാനങ്ങൾ വേണമെന്ന ആവശ്വം സംസ്ഥാന സർക്കാർ ഉന്നയിച്ചത്. ദുരന്തനിവാരണ അതോറിറ്റി ഇത് സംബന്ധിച്ച്‌ വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

പധതി നിർവ്വഹണത്തിനടക്കം കാലാവസ്ഥാ പ്രവചനം അനിവാര്യമായതിനാൽ പ്രാദേശിക തലത്തിൽ ഇത് ലഭ്യമാക്കാനും ലക്ഷ്യമിടുന്നു. കോഴിക്കോട്, വയനാട് ജില്ലാ അതിർത്തികളിൽ ഡോപ്ലർ വെതർ റഡാറുകൾ  സ്ഥാപിക്കണമെന്ന ആവശ്യവും സർക്കാർ ഉന്നയിച്ചിട്ടുണ്ട്.

ഓട്ടോ മാറ്റിക് വെതർ സ്റ്റേഷനുകൾ വരുന്നതോടെ പ്രാദേശിക തലം വരെയുള്ള കാലാവസ്ഥ നിർണയവും പ്രവചനവും കാര്യക്ഷമമാക്കാനാവും. അന്തരീക്ഷ താപനിലയിലെ വ്യതിയാനം, മഴയുടെ അളവ് തുടങ്ങിയവ തത്സ സമയം ലഭിക്കാനും വിശകലനം ചെയ്യാനും കഴിയും. നൂറിടങ്ങളിൽ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലം സംസ്ഥാന സർക്കാർ ലഭ്യമാക്കും. ഇതിനുള്ള നടപടികളും ഉടൻ തുടങ്ങും
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top