18 December Wednesday

അറ്റ്‌ലാന്റിക് സർക്യുലേഷൻ മന്ദഗതിയിൽ

ഡോ. കുശല രാജേന്ദ്രൻUpdated: Sunday Dec 15, 2024

കാലാവസ്ഥാമാറ്റങ്ങളെപ്പറ്റി ഗവേഷണം നടത്തുന്ന ഏതാനും ശാസ്ത്രജ്ഞർ കഴിഞ്ഞ ഒക്ടോബറിൽ നോർഡിക് കൗൺസിലിലെ മന്ത്രിമാർക്ക് ഒരു തുറന്ന കത്തെഴുതി. അറ്റ്‌ലാന്റിക് സമുദ്രചംക്രമണം അപകടകരമാംവിധം മാറിക്കൊണ്ടിരിക്കുന്നെന്നും ഈ മാറ്റങ്ങൾ നോർഡിക് രാജ്യങ്ങളിൽ മാത്രമല്ല, ആഗോളതലത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുമുള്ള ആശങ്കയായിരുന്നു ശാസ്ത്രജ്ഞർ പങ്കുവച്ചത്.

ആഗോള കാലാവസ്ഥാ നിയന്ത്രണത്തിൽ ആർട്ടിക് മേഖല "ഗ്രൗണ്ട് സീറോ’യായാണ്‌ അറിയപ്പെടുന്നത്. ഗ്രീൻലാൻഡിലെയും ആർട്ടിക്കിലെ  ബേരെന്റ്സ്‌ കടലിലെയുമൊക്കെ മഞ്ഞുപാളികളടങ്ങുന്ന പ്രദേശമാണ് സമുദ്രചംക്രമണത്തെ നിയന്ത്രിക്കുന്നത്. വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിലേക്കുള്ള വർധിച്ച താപത്തിലുള്ള ജലചംക്രമണം അവിടത്തെ ആവാസവ്യവസ്ഥയും ജനജീവിതവുമായി ഇഴചേർന്നു കിടക്കുന്നു. ഇവിടെ സംഭവിക്കുന്ന മാറ്റങ്ങൾ അറ്റ്‌ലാന്റിക് ഓവർടേണിങ് സർക്കുലേഷനെ (Atlantic Meridional Overturning Circulation, AMOC) ബാധിക്കാമെന്നാണ്‌ മുന്നറിയിപ്പ്‌.

അമോകും തെർമോഹലൈനും

വടക്കുനിന്ന്‌ തെക്കുഭാഗത്തേക്കുള്ള സമുദ്രജല ചംക്രമണത്തിലൂടെ താപം, ഈർപ്പം, പോഷകങ്ങൾ തുടങ്ങിയവ ലോകസമുദ്രങ്ങളിൽ നിലനിർത്തുന്ന പ്രതിഭാസമാണ് അറ്റ്‌ലാന്റിക് ഓവർടേണിങ് സർക്കുലേഷൻ അഥവാ അമോക്‌. ആഗോള കാലാവസ്ഥയുടെ സ്ഥിരത നിലനിർത്തുക മാത്രമല്ല, സമുദ്ര താപനില നിയന്ത്രിച്ച് വിവിധങ്ങളായ സമുദ്രജീവജാലങ്ങൾക്ക് വളരാൻ അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നതിൽ ഈ പ്രതിഭാസത്തിന്‌ നിർണായക പങ്കുണ്ട്. ഉപരിതലത്തിലും താഴെയും സ്ഥിരമായുള്ള പ്രവാഹങ്ങളാണ് സമുദ്രജലത്തിന്റെ ഘടനയെ നിയന്ത്രിക്കുന്നത്. വേലിയേറ്റങ്ങളോ കാറ്റിന്റെ ഗതിയനുസരിച്ചുണ്ടാകുന്ന മറ്റ്‌ ഉപരിതല പ്രവാഹങ്ങളോ 100 മീറ്ററിലധികം ആഴത്തിൽ സമുദ്രപ്രവാഹങ്ങളെ സ്വാധീനിക്കുന്നില്ല. എന്നാൽ, സമുദ്രജലത്തിന്റെ താപനിലയും (തെർമോ) ലവണാംശവും (ഹലൈൻ) ചേർന്ന തെർമോഹലൈൻ (Thermohaline) എന്ന പ്രക്രിയയാണ് ആഴക്കടലിലെ സമുദ്രജലപ്രവാഹത്തെ നിയന്ത്രിക്കുന്നത്.  

ഉത്തരധ്രുവത്തിൽ തുടക്കം
 

സമുദ്രങ്ങളിലേക്കു വ്യാപിക്കുന്ന, തെർമോഹലൈൻ ഉടലെടുക്കുന്നത് ഉത്തരധ്രുവത്തിൽനിന്നാണ്. ധ്രുവപ്രദേശങ്ങളിലെ ജലം തണുക്കുമ്പോൾ അവിടെ മഞ്ഞുപാളികൾ രൂപപ്പെടുകയും ചുറ്റുമുള്ള ജലത്തിലെ ലവണാംശം വർധിക്കുകയും ചെയ്യുന്നു. സാന്ദ്രതകൂടിയതും തണുത്തതുമായ ജലം താഴേക്ക് നീങ്ങുമ്പോൾ കൂടുതൽ ചൂടുള്ള ജലം അവിടേക്കൊഴുകുകയും ഒരു കൺവെയർ ബെൽറ്റിലെന്നതുപോലെ ആഴക്കടൽ പ്രവാഹം രൂപപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്ന, തണുത്ത ജലപ്രവാഹം ഭൂമധ്യരേഖമുതൽ അന്റാർട്ടിക്കവരെ എത്തുന്നു. ഈ കൺവെയർ ബെൽറ്റ് ആരംഭിക്കുന്നത് നോർവീജിയൻ കടലിലാണ്. അന്റാർട്ടിക്കവരെ എത്തുന്ന പ്രവാഹം പലവിധ പ്രക്രിയകളാൽ ഉപരിതലത്തിലേക്കെത്തുന്നതോടെ താപനിലയും സാന്ദ്രതയും പുനഃസ്ഥാപിക്കപ്പെടും. അതോടെ ഭൂഗോളം ചുറ്റുന്ന കൺവെയർ ബെൽറ്റിന്റെ എതിർദിശയിലുള്ള സഞ്ചാരം ആരംഭിക്കും. അവ വീണ്ടും ഉത്തരധ്രുവത്തിലെത്തി തണുത്ത ജലവുമായി ചേർന്ന് പുതിയ പ്രവാഹത്തിന് തുടക്കമിടും.  കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഈ ജലപ്രവാഹത്തെയാണ് അറ്റ്‌ലാന്റിക് ഓവർടേണിങ് സർക്കുലേഷൻ എന്ന് വിളിക്കുന്നത്‌. ഇതിന്റെ  നീക്കം വളരെ പതുക്കെയാണ് സംഭവിക്കുന്നത്.  ഒരു ക്യുബിക് മീറ്റർ ജലം ആർട്ടിക്കിൽനിന്നാരംഭിച്ച് ഭൂമിയെച്ചുറ്റി മടങ്ങിയെത്താൻ 1000 വർഷമെടുക്കുമെന്നാണ്‌ കണക്ക്‌. ലക്ഷക്കണക്കിന് വർഷങ്ങളായി നിലനിന്നുപോരുന്ന വളരെ സുസ്ഥിരമായ പ്രക്രിയയാണ് ഇപ്പോൾ ‘മന്ദഗതിയിലാകു’ന്നതായി അമേരിക്കൻ സ്ഥാപനമായ ‘നോവ' (National Oceanic and Atmospheric Administration) പറയുന്നത്‌.

‘സ്ലോ' മോഷനും പ്രത്യാഘാതവും

കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ കണക്കുകൾ സൂചിപ്പിക്കുന്നത് അമോക്‌  ‘സ്ലോ മോഷനി'ലാണെന്നു തന്നെയാണ്. ഇപ്പോൾ മുന്നിൽക്കാണുന്ന കാലാവസ്ഥാമാറ്റങ്ങൾ അമോകിനെ വീണ്ടും പിന്നോട്ടാക്കുമോ അതോ അതിനെ നിശ്ചലമാക്കുമോ എന്നത് ഉത്തരമില്ലാത്ത ഒരു ചോദ്യമാണ്‌. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് 1950 മുതലുള്ള വർഷങ്ങളിൽ ‘അമോക്' ബലഹീനമാകുകയും അതിന്റെ വേഗതയിൽ 15 ശതമാനത്തോളം കുറവ് വന്നിട്ടുണ്ടെന്നുമാണ്. 21–-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അമോകിന്റെ നീക്കം 30 മുതൽ 50 ശതമാനമായി കുറയാൻ സാധ്യതയുണ്ടെന്നാണ് അവരുടെ നിഗമനം.


 
ഇവ അന്തരീക്ഷ -സമുദ്രതാപനില, വർഷപാതം എന്നിവയിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കാം. യൂറോപ്പിലെ താപനില കുറയ്‌ക്കാനും ശീതകാലത്ത്‌ കൂടുതൽ മഞ്ഞുവീഴ്ചയുണ്ടാക്കാനും സാധ്യതയുണ്ട്. വർഷപാതത്തിൽ വരുന്ന മാറ്റങ്ങൾ ചിലയിടങ്ങളിൽ വെള്ളപ്പൊക്കത്തിനും കാരണമാകാം.  ഇന്ത്യൻ മൺ‌സൂണിനെയും ബാധിക്കാം. വടക്കുഭാഗത്തേക്കുള്ള താപഗതാഗതം കുറയുന്നതോടെ ഇന്റർട്രോപ്പിക്കൽ കൺവർജൻസ് മേഖലയ്ക്ക് വന്നേക്കാവുന്ന സ്ഥാനചലനമാണ് ഇതിനുള്ള കാരണം. മൺസൂണും ഇന്റർട്രോപ്പിക്കൽ കൺവർജൻസ് മേഖലയും തമ്മിലുള്ള പരസ്പരപ്രവർത്തനമാണ് വടക്കൻ ഉത്തരാർധത്തെ വേനൽക്കാലത്ത് ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, തെക്കൻ ചൈന എന്നിവിടങ്ങളിലെ വർഷപാതത്തെ നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ ലഭിക്കുന്ന മഴയുടെ സ്വഭാവത്തിലും തോതിലും മാറ്റം വരുത്താനിടയുണ്ട്.  ഗുരുതരമായ കാലാവസ്ഥാ മാറ്റങ്ങൾക്കാണ് ഇവയെല്ലാം വഴിവയ്ക്കുക.
(പ്രമുഖ ഭൗമശാസ്‌ത്ര
ഗവേഷകയാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top