22 November Friday
ജീനുകളെ നിയന്ത്രിക്കുന്ന ചെറുതന്മാത്രകള്‍

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

photo credit: X


സ്റ്റോക്‌ഹോം
ഭൂമിയിൽ എങ്ങനെ ജീവൻ വികസിച്ചെന്നും മനുഷ്യശരീരം എങ്ങനെ വൈവിധ്യമാർന്ന ജീവകോശങ്ങളാൽ നിർമിതമായതെന്നും വിശദീകരിക്കാൻ സഹായിച്ച "മൈക്രോ ആർഎൻഎ'യുടെ കണ്ടുപിടിത്തത്തിന് 2024ലെ വൈദ്യശാസ്‌ത്ര നൊബേൽ. അമേരിക്കൻ ശാസ്‌ത്രജ്ഞരായ വിക്‌ടർ ആംബ്രോസിനും ഗാരി റവ്‌കിനുമാണ് പുരസ്‌കാരം. രോഗനിർണയത്തില്‍  ഇവരുടെ പഠനങ്ങള്‍ അതീവ നിര്‍ണായകമായി. 1.1 കോടി സ്വീഡിഷ്‌ ക്രോണ(8.91 കോടി രൂപ)യാണ്‌ പുരസ്കാരം.

ഭൂമിയില്‍ ജീവികള്‍ എങ്ങനെ വികസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്ന അടിസ്ഥാനപരമായ കണ്ടെത്തലാണ് ഇവരുടേതെന്ന് പുരസ്‌കാര സമിതി സെക്രട്ടറി ജനറൽ തോമസ്‌ പെൽമാൻ പറഞ്ഞു. ആർഎൻഎ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന റൈബോന്യൂക്ളിക് ആസിഡ് ആണ് ജീവകോശങ്ങളുടെ അടിസ്ഥാന ജനിതകഘടകം. ജീനുകളെ നിയന്ത്രിക്കുന്നതില്‍ അതീവ നിര്‍ണായകമായ ആർഎൻഎ തന്മാത്രകളുടെ പുതിയ വിഭാഗമായ മൈക്രോ ആർഎൻഎയാണ്‌ ഇരുവരും കണ്ടെത്തിയത്‌.

ഹാർവാർഡ്‌ സർവകലാശാലയിലായിരുന്നു ആംബ്രോസിന്റെ,  പുരസ്‌കാരത്തിനർഹമായ ഗവേഷണം. മസാച്യുസെറ്റ്‌സ്‌ സർവകലാശാല മെഡിക്കൽ സ്‌കൂളിൽ പ്രൊഫസറാണ്‌ അദ്ദേഹം. ജനറ്റിക്‌സ്‌ പ്രൊഫസറായ റവ്‌കിനാകട്ടെ, മസാച്യുസെറ്റ്‌സ്‌ ജനറൽ ആശുപത്രിയിലും ഹാർവാർഡ്‌ മെഡിക്കൽ സ്കൂളിലുമായാണ് ഗവേഷണം നടത്തിയത്.കോവിഡ്‌ 19നെതിരെ എംആർഎൻഎ വാക്സിൻ വികസിപ്പിക്കാനുള്ള സാങ്കതികവിദ്യ കണ്ടെത്തിയ കാതലീൻ കാരോ, ഡ്രൂ വീസ്‌മാൻ എന്നിവർക്കായിരുന്നു 2023ലെ വൈദ്യശാസ്‌ത്ര നൊബേൽ.

ജീനുകളെ നിയന്ത്രിക്കുന്ന ചെറുതന്മാത്രകള്‍
മനുഷ്യശരീരത്തിലെ ജനിതകവിവരങ്ങളുടെ സംഭരണിയാണ് ഡിഎന്‍എ. ശരീരത്തിലെ എല്ലാ  കോശങ്ങളിലും ഒരേ ഡിഎൻഎയാണ് ഉള്ളതെങ്കിലും  അവ വ്യത്യസ്ത സ്വഭാവസവിശേഷതകൾ പ്രകടിപ്പിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ സഹായിച്ചത് മൈക്രോ ആര്‍എന്‍എയുടെ കണ്ടെത്തലാണ്. ഒരേ കോശങ്ങളാല്‍ നിര്‍മിതമെങ്കിലും നാഡീകോശകലകളും പേശീകോശകലകളും വ്യത്യസ്ത പ്രവർത്തനങ്ങളാണ് നടത്തുന്നത്. ശരീരത്തിലെ കോശങ്ങൾ രൂപത്തിലും പ്രവർത്തനത്തിലും വളരെ വ്യത്യസ്തമാണ്. നാഡീകോശങ്ങളുടെ പ്രവര്‍ത്തനമല്ല ഹൃദയകോശങ്ങളുടേത്. കരളിലെ കോശങ്ങള്‍ വൃക്കയിലെ കോശത്തിൽനിന്ന് വ്യത്യസ്തമാണ്. ഒരേ കോശത്തിലെ ജീനുകളുടെ സ്വഭാവത്തിലെ വ്യതിരിക്തതയാണ് ഇത്തരം സവിശേഷതകള്‍ക്ക് കാരണം. മൈക്രോ ആര്‍എന്‍എ എന്ന ചെറു തന്മാത്രകളാണ് ജീനുകളെ നിയന്ത്രിക്കുന്നതെന്ന്  വിക്‌ടർ ആംബ്രോസും ഗാരി റവ്‌കിനും സമര്‍ഥിച്ചു. വ്യത്യസ്ത കോശകലകളില്‍  ജീനുകൾ എങ്ങനെ വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നുവെന്ന് വിശദമാക്കാന്‍  മൈക്രോ ആർഎൻഎ എന്ന സങ്കല്‍പം അതിലൂടെ വഴിതുറന്നു.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ത്തന്നെ വിക്‌ടർ ആംബ്രാസും ഗാരി റവ്‌കിനും ഇതിന്റെ പ്രാഥമിക ആശയം പങ്കുവയ്ക്കുന്ന സെമിനാര്‍ പേപ്പറുകള്‍ അവതരിപ്പിച്ചു.
എങ്കിലും വളരെക്കാലം ഇതൊരു വിചിത്ര ആശയമായി നിലനിന്നു. കാലക്രമേണയാണ് ഈ ആശയത്തിന് കൂടുതല്‍ സ്ഥിരീകരണം ലഭിച്ചത്. ഓരോ മൈക്രോ ആർഎൻഎയും നിരവധി മെസഞ്ചര്‍ ആർഎൻഎകളെ നിയന്ത്രിക്കുന്നു, ഓരോ മെസഞ്ചര്‍ ആർഎൻഎയും പലപ്പോഴും വ്യത്യസ്ത മൈക്രോ ആർഎൻഎകളാൽ നിയന്ത്രിക്കപ്പെടുന്നു, ജീൻ നിയന്ത്രണത്തിനായി ശക്തമായ ഒരു സംവിധാനം ഇങ്ങനെ സൃഷ്ടിക്കപ്പെടുന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടു. കാന്‍സര്‍ പോലുള്ള കോശസംബന്ധമായ രോഗങ്ങളെ കുറിച്ച്‌ വൈദ്യലോകത്തിന് ആഴത്തില്‍ ധാരണ ലഭിക്കാന്‍ മൈക്രോ ആര്‍എന്‍എ എന്ന ആശയം വഴിതുറന്നു. ഭ്രൂണവികസനം, കോശങ്ങളുടെ ആന്തരികവികസനം തുടങ്ങിയ കാര്യങ്ങളിലും ശാസ്ത്രലോകത്തിന്‌ ഇതിലൂടെ പുതിയ ധാരണ ലഭിച്ചു.

ഇന്ന് ഭൗതികശാസ്ത്ര നൊബേല്‍
ഈ വർഷത്തെ നാബേൽ പുരസ്കാരങ്ങളിൽ ആദ്യത്തേതാണ്‌ തിങ്കൾ പകൽ മൂന്നിന്‌ നൊബേൽ അസംബ്ലി പ്രഖ്യാപിച്ചത്‌. ചൊവ്വ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ യഥാക്രമം ഭൗതികശാസ്ത്രം, രസതന്ത്രം, സാഹിത്യം, സമാധാനം എന്നിവയ്ക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. 14ന്‌ സാമ്പത്തിക ശാസ്ത്ര പുരസ്കാരത്തോടെ ഈ വർഷത്തെ നൊബേൽ പ്രഖ്യാപനം അവസാനിക്കും. പുരസ്കാരം ഏർപ്പെടുത്തിയ ആൽഫ്രെഡ്‌ നൊബേലിന്റെ  ചരമവാർഷികമായ ഡിസംബർ പത്തിന്‌ സ്‌റ്റോക്‌ഹോം സിറ്റി ഹാളിലാണ്‌ പുരസ്കാരദാനം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top