അബുദാബി
അബുദാബിയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ടു മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു. പത്തനംതിട്ട വള്ളിക്കോട് മണ്ണപ്പാട്ട് വടക്കേതിൽ രാമചന്ദ്രക്കുറുപ്പിന്റെയും ശ്യാമളയമ്മയുടെയും മകൻ അജിത് രാമചന്ദ്രക്കുറുപ്പ് (40), പാലക്കാട് ചെർപ്പുളശ്ശേരി നെല്ലായ മാരായമംഗലം സൗത്ത് ചീരത്ത്പള്ളിയാലിൽ രാജകുമാരൻ (38) എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ പഞ്ചാബ് സ്വദേശിയാണ്.
അൽ റീം ഐലൻഡിലെ സിറ്റി ഓഫ് ലൈറ്റ്‌സ് എന്ന കെട്ടിടത്തിൽ ചൊവ്വ പകൽ 2.30 യോടെയായിരുന്നു അപകടം. കെട്ടിടത്തിലെ മാലിന്യ ടാങ്കിന്റെ പൈപ്പ് ചോർച്ച പരിശോധിക്കാനായി മാൻഹോളിലിറങ്ങിയ പഞ്ചാബ് സ്വദേശിയാണ് ആദ്യം ശ്വാസംമുട്ടി താഴേക്ക് വീണത്. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അജിത്തും രാജകുമാരനും അപകടത്തിൽപ്പെട്ടത്. 15 വർഷമായി അബുദാബി ഇൻസ്‌പയർ ഇന്റർഗ്രേറ്റഡ് കമ്പനിയിലെ മെയിന്റനൻസ് മെക്കാനിക് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് അജിത്. ഒന്നര മാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്.
ഓണത്തിന് നാട്ടിൽവന്ന രാജകുമാരൻ സെപ്‌തംബർ 14നാണ് മടങ്ങിയത്. അച്ഛൻ ഉണ്ണികൃഷ്ണൻ നായർ, അമ്മ ശാന്തകുമാരി. ഭാര്യ: രേവതി. മക്കൾ: ധീരജ്, നേഹ. അബുദാബിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹങ്ങൾ നാട്ടിലെത്തിക്കൻ ശ്രമം തുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..