മനാമ> ചെങ്കടലിലും അറബിക്കടലിലും മൂന്ന് കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതി മിലിഷ്യ ആക്രമണം. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇസ്രയേലി കപ്പലുകളായ മോട്ടാരോ, എസ്‌സി മോൺട്രിയൽ മെഴ്‌സ്‌ക് കൗലൂൺ എന്നീ കപ്പലുകളെയാണ് ആക്രമിച്ചതെന്ന് ഹൂതികൾ വ്യക്തമാക്കി. ഇസ്രായേലിലെ തുറമുഖങ്ങളെ സമീപിക്കാൻ ശ്രമിച്ചതിനാണ് കപ്പലുകൾ ലക്ഷ്യമിട്ടതെന്ന് ഹൂതി വക്താവ് യഹ്‌യ സരിയ അൽ മാസിറ ടിവിയിൽ പറഞ്ഞു.
തിങ്കളാഴ്ചയാണ് കപ്പലുകളെ ആക്രമിച്ചത്. രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് തെക്കൻ അറബിക്കടലിൽ എസ്‌സി മോൺട്രിയൽ എന്ന കപ്പലിനെ ലക്ഷ്യമിട്ടായിരുന്നു ആദ്യ ആക്രമണമെന്ന് സാരി പറഞ്ഞു. അറബിക്കടലിൽ മെഴ്‌സ്‌ക് കൗലൂൺ എന്ന ചരക്ക് കപ്പലിനെ ക്രൂയിസ് മിസൈൽ ഉപയോഗിച്ച് ലക്ഷ്യം വച്ചതായും സാരി പറഞ്ഞു. ചെങ്കടലിലും ബാബ് അൽ-മന്ദാബ് കടലിടുക്കിലുമായി മോട്ടാരോ എന്ന കപ്പലിനു നേരെയാണ് മൂന്നാമത്തെ ആക്രമണം. ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചുള്ള ആക്രമണം ലക്ഷ്യം കണ്ടതായും അറിയിച്ചു. മൂന്ന് കപ്പലുകളിലും വൻ സ്‌ഫോടനങ്ങൾ നടക്കുന്ന വീഡിയോ യെമനിലെ അൻസാറുള്ള മീഡിയ സെന്റർ പുറത്തുവിട്ടു.
അധിനിവേശ പലസ്തീനിലെ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതിനുള്ള നിരോധനം കപ്പൽ ഉടമസ്ഥതയിലുള്ള കമ്പനികൾ ലംഘിച്ചതിന് മറുപടിയായാണ് ആക്രമണമെന്ന് സാരി അറിയിച്ചു. ഗാസയിലും ലെബനനിലും ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നത് വരെ ഇത് തുടരുമെന്നും ഹൂതികൾ ആവർത്തിച്ചു.
തിങ്കളാഴ്ച രാവിലെ യെമനിലെ അൽ ദുബാബിൽ നിന്ന് 14 നോട്ടിക്കൽ മൈൽ തെക്കുപടിഞ്ഞാറായി സഞ്ചരിക്കുന്ന ഒരു വ്യാപാര കപ്പലിന് സമീപം രണ്ട് സ്‌ഫോടനങ്ങൾ നടന്നതായി ബ്രിട്ടീഷ് സമുദ്ര സുരക്ഷാ സ്ഥാപനമായ ആംബ്രെ റിപ്പോർട്ട് ചെയ്തു. യെമനിലെ മോഖ തുറമുഖത്തിന് 25 നോട്ടിക്കൽ മൈൽ തെക്കായി മൂന്ന് സ്‌ഫോടനങ്ങൾ നടന്നതായി ബ്രിട്ടീഷ് സൈന്യത്തിലെ സമുദ്ര ചരക്ക് ഗതാഗത വിഭാഗമായ യുകെഎംടിഒയും വ്യക്തമാക്കി. കപ്പലും ജീവനക്കാരും സുരക്ഷിതരാണെന്നും കപ്പൽ യാത്ര തുടർന്നുവെന്നും പറയുന്നു.
അതേസമയം, ഈജിപ്തിലെ സൂയസ് കനാലിൽ നിന്ന് ഷാങ്ഹായിലേക്കുള്ള യാത്രാമധ്യേ യെമന്റെ പടിഞ്ഞാറൻ തീരത്ത് ചെങ്കടലിലാണ് മൊട്ടാരോ കപ്പലിനെ അവസാനമായി കണ്ടതെന്ന് ആഗോള ധനകാര്യ ഡാറ്റ സേവന ദാതാക്കളായ എൽഎസ്ഇജി റിപ്പോർട്ടിൽ പറയുന്നു. സീഷെൽസിലെ വിക്ടോറിയ തുറമുഖത്ത് നിന്ന് ഒമാനിലെ സലാലയിലേക്ക് പോകുകയായിരുന്നു എസ്‌സി മോൺട്രിയൽ. സലാലയിൽ നിന്നുള്ള യാത്രാമധ്യേ, പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിൽ മെഴ്‌സ്‌ക് കൊലൂൺ കപ്പലിനെ അവസാനമായി ട്രാക്ക് ചെയ്തതായി എൽഎസ്ഇജി വ്യക്തമാക്കി. മൂന്ന് കപ്പലുകളും ലൈബീരിയയിൽ രജിസ്റ്റർ ചെയ്തവയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..